ഇൻഫോസിസ് ഓഹരികളുടെ തകർച്ച; സൂചികകളിൽ ഇടിവ്

നിഫ്റ്റി ഐടി 6.75 ശതമാനം ഇടിഞ്ഞു.

Update:2023-04-17 10:59 IST

Representational Image From Pixabay

ഇൻഫോസിസും മറ്റ് ഐടി കമ്പനികളും ഇടിഞ്ഞത് ഇന്ന് ഓഹരി വിപണിയെ കുത്തനെ വലിച്ചു താഴ്ത്തി. സെൻസെക്സും നിഫ്റ്റിയും ഒന്നേകാൽ ശതമാനത്തിലധികം താഴ്ന്നു.

നാലാം പാദ റിസൽട്ട് മോശമായതിനെ തുടർന്ന് ഇൻഫോസിസ് ടെക്‌നോളജീസ് ഓഹരി ഇന്നു വ്യാപാരത്തുടക്കത്തിൽ തന്നെ പത്തു ശതമാനം ഇടിഞ്ഞു. പിന്നീടു 12 ശതമാനത്തിലേക്കു വീണു. കോവിഡിന്റെ ഘട്ടത്തിലെ വിപണി തകർച്ചയിൽ മാത്രമാണ് ഇൻഫോസിസ്  ഇങ്ങനെ ഇടിഞ്ഞിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിൽ ഇന്‍ഫോസിസിന്റെ  എഡിആർ യുഎസ് വിപണിയിൽ 12 ശതമാനത്തോളം ഇടിഞ്ഞതാണ്. സ്വദേശിയും വിദേശിയുമായ ബ്രാേക്കറേജുകൾ ഇൻഫോസിസിന്റെ  വില ലക്ഷ്യം 10 മുതൽ 15 വരെ ശതമാനം താഴ്ത്തി. ഇപിഎസ് പ്രതീക്ഷയും വെട്ടിക്കുറച്ചു.

പ്രമുഖ ഐ ടി ഓഹരികളിലും ഇടിവ് 

ഇന്ഫോസിസിനൊപ്പം  മറ്റു പ്രമുഖ ഐടി കമ്പനികളും ഇടിഞ്ഞു. ടിസിഎസ്, വിപ്രോ, എച്ച്സിഎൽ തുടങ്ങിയവ അഞ്ചു ശതമാനം വരെ താണു. മൈൻഡ് ട്രീ ഒൻപതും ടെക് മഹീന്ദ്ര ഏഴും എംഫസിസ് ആറും ശതമാനം വരെ താണു. നിഫ്റ്റി ഐടി 6.75 ശതമാനം ഇടിഞ്ഞു.

മികച്ച റിസൽട്ട് പ്രഖ്യാപിച്ചെങ്കിലും എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരി ഒന്നര ശതമാനം താണു. ബാങ്ക് നിക്ഷേപങ്ങൾക്കു കൂടുതൽ പലിശ നൽകുന്നതിന്റെ പേരിലാണത്. എച്ച്ഡിഎഫ്സിയുടെ ഓഹരിയും ഒന്നര ശതമാനം താഴെയായി. നിഫ്റ്റി ബാങ്കും നഷ്ടത്തിലായി.

രൂപ ഇന്ന് അൽപം ദുർബലമായി. ഡോളർ നാലു പൈസ കയറി 81.89 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 81.97 രൂപയായി. സ്വർണം ലോകവിപണിയിൽ 2004 ഡോളറിലാണ്. കേരളത്തിൽ പവൻ വില മാറ്റമില്ലാതെ 44,760 ൽ തുടരുന്നു.


Tags:    

Similar News