വിപണിയില്‍ ശക്തമായ കയറ്റം കാണാനില്ല
ബാങ്ക് നിഫ്റ്റി ആദ്യം നല്ല ഉയര്‍ച്ച കാണിച്ചിട്ടു പിന്നീട് നേട്ടങ്ങള്‍ നഷ്ടപ്പെടുത്തി
വിദേശ വിപണികളെ പിന്തുടര്‍ന്ന് ഇന്ത്യന്‍ വിപണിയും ഇന്ന് ഉയര്‍ന്ന നിലയില്‍ വ്യാപാരം തുടങ്ങി. എന്നാല്‍ തുടര്‍ന്ന് ഉയരാന്‍ വിപണി ശ്രമിച്ചില്ല. എന്നു മാത്രമല്ല കുറേ താഴോട്ടു നീങ്ങുകയും ചെയ്തു. യുഎസ് ഫ്യൂച്ചേഴ്‌സ് ഉണര്‍വിലാകാത്തതും കാരണമാകും. 17,200 നു മുകളില്‍ കയറിയ നിഫ്റ്റി പിന്നീടു 17,150 നു താഴെയായി. സെന്‍സെക്‌സ് ഉയരത്തില്‍ നിന്നു താണു.
പൊതു മേഖലാ ബാങ്കുകള്‍, മെറ്റല്‍ കമ്പനികള്‍, ഐടി കമ്പനികള്‍ എന്നിവയാണ് ഇന്നു മുന്നേറ്റത്തില്‍. ബാങ്ക് നിഫ്റ്റി ആദ്യം നല്ല ഉയര്‍ച്ച കാണിച്ചിട്ടു പിന്നീട് നേട്ടങ്ങള്‍ മിക്കവാറും നഷ്ടപ്പെടുത്തി.
പുതിയ മലിനീകരണ നിയന്ത്രണ വ്യവസ്ഥകള്‍ പാലിക്കുന്നതിന്റെ പേരില്‍ വാണിജ്യ വാഹനങ്ങളുടെ വില ഏപ്രില്‍ ആദ്യം വര്‍ധിപ്പിക്കും. അഞ്ചു ശതമാനത്തിലധികമാകും വര്‍ധന. ടാറ്റാ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, അശാേക് ലെയ്‌ലന്‍ഡ്, ഐഷര്‍ മോട്ടോഴ്‌സ് തുടങ്ങിയവയുടെ ഓഹരി വില കൂടി.
ഇന്നു ഗുഡി പഡ് വ പ്രമാണിച്ച് കറന്‍സി വിപണി അവധിയിലാണ്. സ്വര്‍ണം ലോകവിപണിയില്‍ 1940 ഡോളറിലാണ്. കേരളത്തില്‍ പവന് 640 രൂപ ഇടിഞ്ഞ് 43,360 രൂപയായി.