ഐ.ടിയുടെ ഭാവിയില്‍ ആശങ്കപ്പെട്ട് വിപണി താഴ്ചയില്‍; നേട്ടത്തില്‍ കേരളത്തിലെ ബാങ്കുകള്‍, രൂപ ദുര്‍ബലം
ഇന്‍ഫോസിസും വിപ്രോയും മൂന്നര ശതമാനത്തോളം ഇടിഞ്ഞു
ഗണ്യമായ താഴ്ചയില്‍ വ്യാപാരം തുടങ്ങിയ വിപണി കൂടുതല്‍ താഴ്ചയിലായി. പിന്നീടു നഷ്ടം വിട്ടു നേട്ടത്തിനു തൊട്ടരികില്‍ എത്തിയെങ്കിലും വീണ്ടും ചാഞ്ചാടി. രൂപ വലിയ തകര്‍ച്ചയിലായി.
ഐ.ടി മേഖലയുടെ തകര്‍ച്ചയാണ് ഇന്ന് രാവിലെ ഇന്ത്യന്‍ വിപണിയെ വലിച്ചു താഴ്ത്തിയത്. ഒട്ടുമിക്ക വ്യവസായ മേഖലകളും ഉയര്‍ന്ന ദിവസം വാഹന, മെറ്റല്‍ ഓഹരികളും ക്ഷീണത്തിലായി.
ഐ.ടി ബിസിനസിലെ സമീപഭാവി ഒട്ടും ശുഭകരമല്ലെന്നും വരുമാനവും മാര്‍ജിനും ഇടിയുമെന്നും ആക്‌സഞ്ചര്‍ മുന്നറിയിപ്പ് നല്‍കിയത് ഐ.ടി മേഖലയെ മൊത്തം ഉലച്ചു. ടി.സി.എസ് മൂന്നു ശതമാനം താണു. ഇന്‍ഫോസിസും വിപ്രോയും മൂന്നര ശതമാനത്തോളം ഇടിഞ്ഞു. എച്ച്.സി.എല്‍ 4.50 ശതമാനം താഴ്ന്നു. നിഫ്റ്റി ഐ.ടി 3.3 ശതമാനം താഴ്ചയിലായി. ആക്‌സഞ്ചര്‍ വരുമാന വളര്‍ച്ച നിഗമനം അഞ്ചു ശതമാനത്തില്‍ നിന്നു മൂന്നു ശതമാനമാക്കി.
കേരളം ആസ്ഥാനമായ നാലു വാണിജ്യ ബാങ്കുകളും ഇന്നു നേട്ടത്തിലാണ്. ധനലക്ഷ്മി ബാങ്ക് ഓഹരി 1.6 ശതമാനം കയറി.
സ്വര്‍ണവിലയിലെ കുതിപ്പിനെ തുടര്‍ന്ന് ഇന്നലെ 10 ശതമാനം വരെ ഉയര്‍ന്ന മുത്തൂറ്റ്, മണപ്പുറം ഓഹരികള്‍ ഇന്ന് മുക്കാല്‍ ശതമാനത്തോളം താഴ്ന്നു.
രൂപ ഇന്നു ദുര്‍ബലമായി. ലോകവിപണിയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതാണു കാരണം. ഡോളര്‍ 12 പൈസ കയറി 83.27 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 83.36 രൂപയിലേക്കു താഴ്ന്നു.
സ്വര്‍ണം ലോകവിപണിയില്‍ 2,173 ഡോളറിലേക്കു താഴ്ന്നു. കേരളത്തില്‍ സ്വര്‍ണം പവന് 360 രൂപ കുറഞ്ഞ് 49,080 രൂപയായി. ഡോളര്‍ കരുത്തു കൂടിയതാണു സ്വര്‍ണ വിലയെ താഴ്ത്തുന്നത്.
ഡോളറിന്റെ കയറ്റത്തില്‍ ക്രൂഡ് ഓയില്‍ വിലയും താഴുകയാണ്. ബ്രെന്റ് ഇനം ക്രൂഡ് 85.20 ഡോളറിലേക്കു താഴ്ന്നു.