സൂചികകള്‍ താഴ്ചയില്‍; ഓഹരി കൈമാറ്റത്തില്‍ ഇടിഞ്ഞ് മാന്‍കൈന്‍ഡ് ഫാര്‍മ, മുന്നറിയിപ്പില്‍ തട്ടി ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ്

മാക്സ് ഫിനാന്‍സ്, പി.ബി ഫിന്‍ടെക് ഓഹരികള്‍ അഞ്ച് ശതമാനത്തോളം നേട്ടത്തില്‍

Update: 2024-03-26 05:26 GMT

Image : Canva

ഗണ്യമായി താഴ്ന്നു വ്യാപാരം തുടങ്ങിയ ഓഹരി വിപണി പിന്നീടു നഷ്ടം കുറച്ചു. നിഫ്റ്റി 22,073 വരെ ഉയര്‍ന്നിട്ടു വീണ്ടും താഴ്ന്നു നില്‍ക്കുന്നു. വ്യാപാരം ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ മെറ്റലും ഓയിലും ഒഴികെ എല്ലാ മേഖലകളും നഷ്ടത്തിലാണ്. എന്നാല്‍ മിഡ്ക്യാപ് സൂചിക കയറി.

ഐ.ഐ.എഫ്.എല്‍ ഫിനാന്‍സ്, ജെ.എം ഫിനാന്‍സ് എന്നിവയുടെ കണക്കുകളില്‍ റിസര്‍വ് ബാങ്ക് സ്‌പെഷല്‍ ഓഡിറ്റ് പ്രഖ്യാപിച്ചത് ഇരു കമ്പനികളുടെയും ഓഹരിവില മൂന്നു ശതമാനം ഇടിയാന്‍ കാരണമായി.
സെയില്‍ ഒഴികെ മെറ്റല്‍ ഓഹരികള്‍ ഇന്നു കയറ്റത്തിലാണ്. ജെ.എസ്.പി.എല്‍ എം.ഡി നവീന്‍ ജിന്‍ഡല്‍ കോണ്‍ഗ്രസില്‍ നിന്നു മാറി ബി.ജെ.പിയില്‍ ചേര്‍ന്ന് ഹരിയാനയിലെ കുരുക്ഷേത്രയില്‍ സ്ഥാനാര്‍ഥി ആയതിനെ തുടര്‍ന്ന് കമ്പനിയുടെ ഓഹരി മൂന്നു ശതമാനത്തോളം ഉയര്‍ന്നു.
മാക്‌സ് ഫിനാന്‍സ് ഓഹരി ഇന്നു രാവിലെ 5.5 ശതമാനം ഉയര്‍ന്നു.
3.2 ശതമാനം ഓഹരി കൈമാറിയതിനെ തുടര്‍ന്ന് മാന്‍കൈന്‍ഡ് ഫാര്‍മ ഓഹരി മൂന്നു ശതമാനം താഴ്ന്നു.
സെബി ഭരണപരമായ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് ഓഹരി രണ്ടര ശതമാനം ഇടിഞ്ഞു.
ഷപ്പൂര്‍ജി പല്ലോണ്‍ജി ഗ്രൂപ്പില്‍ നിന്ന് ഒഡീഷയിലെ ഗോപാല്‍പുര്‍ തുറമുഖം അദാനി പോര്‍ട്‌സ് 3,080 കോടി രൂപയ്ക്കു വാങ്ങുമെന്നു പ്രഖ്യാപിച്ചു. അദാനി പോര്‍ട്‌സും അദാനി എന്റര്‍പ്രൈസസും ഒന്നര ശതമാനത്തിലധികം കയറി.
ലൈഫ് ഇന്‍ഷ്വറന്‍സ് പോളിസികളുടെ സറണ്ടര്‍ മൂല്യം സംബന്ധിച്ച ഐ.ആര്‍.ഡി.എ മാര്‍ഗരേഖ കമ്പനികള്‍ക്ക് ആശ്വാസകരമായതിനെ തുടര്‍ന്ന് പി.ബി ഫിന്‍ടെക് ഓഹരി അഞ്ചു ശതമാനത്തോളം നേട്ടം ഉണ്ടാക്കി.
രൂപ ഇന്നു പ്രതീക്ഷിച്ചത്ര നേട്ടമുണ്ടാക്കിയില്ല. വെള്ളിയാഴ്ച ഡോളര്‍ 25 പൈസ കയറിയ സ്ഥാനത്ത് ഇന്നു തുടക്കത്തില്‍ ഒന്‍പതു പൈസയേ കുറഞ്ഞുള്ളൂ. 83.34 രൂപയില്‍ ഓപ്പണ്‍ ചെയ്ത ഡോളര്‍ പിന്നീട് 83.36 രൂപയിലേക്കു കയറിയിട്ട് 83.33 രൂപയായി.
സ്വര്‍ണം ലോകവിപണിയില്‍ 2,170 ഡോളറിലേക്കു താഴ്ന്നു. കേരളത്തില്‍ സ്വര്‍ണം പവന് 80 രൂപ കുറഞ്ഞ് 48,920 രൂപയായി.
ക്രൂഡ് ഓയില്‍ വില അല്‍പം കുറഞ്ഞു. ബ്രെന്റ് ഇനം 87 ഡോളറില്‍ നിന്ന് 86.74 ഡോളറിലേക്കു താണു.

Tags:    

Similar News