ഓഹരികളില്‍ മുന്നേറ്റം; 'ഐ.പി.ഒ' പ്രതീക്ഷയില്‍ കസറി ബജാജ് ഫിനാന്‍സ്, ടി+0 സെറ്റില്‍മെന്റിന് തുടക്കം

ഖാരിഫിന് ഭീഷണിയായി എല്‍ നിനോ തുടരും

Update: 2024-03-28 05:33 GMT

Image : Canva

ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായ രണ്ടാം ദിവസവും കുതിച്ചുകയറുകയാണ്. 0.20 ശതമാനം നേട്ടത്തില്‍ വ്യാപാരം തുടങ്ങിയ വിപണി പിന്നീട് 0.80 ശതമാനം കയറ്റത്തിലായി.

വ്യാപാരം ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ നിഫ്റ്റി 22,300 പോയിന്റും സെന്‍സെക്‌സ് 73,600 പോയിന്റും കടന്നു. പിന്നീട് താണു.
എല്ലാ വ്യവസായ മേഖലകളും രാവിലെ ഉയര്‍ന്നു. ബാങ്ക്, ധനകാര്യ, ഫാര്‍മ, ഹെല്‍ത്ത് കെയര്‍ ഓഹരികള്‍ ഇന്നത്തെ മുന്നേറ്റത്തിനു നേതൃത്വം നല്‍കി.
എല്‍ നിനോ പ്രതിഭാസം ജൂണ്‍ അവസാനം വരെ തുടരുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് അടുത്ത ഖാരിഫ് വിളവിനെപ്പറ്റി ആശങ്ക ഉയര്‍ത്തുന്നു. എയര്‍ കണ്ടീഷണര്‍ കമ്പനികള്‍ക്കു ചൂടേറിയ വേനല്‍ക്കാലം നേട്ടമാകും.
25 ഓഹരികളെ ഇന്നാരംഭിച്ച ടി+0 സെറ്റില്‍മെന്റ് പരീക്ഷണ വ്യാപാരത്തിനായി ബി.എസ്.ഇ ലിമിറ്റഡ് തെരഞ്ഞെടുത്തു. റിലയന്‍സ്, ഇന്‍ഫോസിസ്, ടി.സി.എസ് തുടങ്ങിയവ ഈ പട്ടികയിലില്ല.
ബജാജ് ഹൗസിംഗ് ഫിനാന്‍സ് കമ്പനി ഐ.പി.ഒ നടത്തി ലിസ്റ്റ് ചെയ്യും എന്ന വാര്‍ത്തയെ തുടര്‍ന്ന് ബജാജ് ഫിനാന്‍സ് ഓഹരി മൂന്നു ശതമാനത്തിലധികം ഉയര്‍ന്നു.
ലോകേഷ് മെഷീന്‍സ് ലിമിറ്റഡ് ഓഹരി ഇന്നു രാവിലെ 10 ശതമാനം കയറി 395 രൂപ വരെ എത്തി. മെഷീന്‍ ടൂള്‍ നിര്‍മാണത്തിലുള്ള കമ്പനി ബംഗളൂരുവിലെ പീനിയയിലാണ്.
വി.ഐ.പി ഇന്‍ഡസ്ട്രീസ് ഓഹരി ഇന്നു രാവിലെ ഒന്‍പതു ശതമാനം ഉയര്‍ന്ന് 507.90 രൂപയില്‍ എത്തി.
ജി.ഒ.സി.എല്‍ കോര്‍പറേഷന്‍ ഓഹരി ഇന്നു 13 ശതമാനത്തിലധികം ഉയര്‍ന്നു. ഹൈദരാബാദിലെ ഭൂമി 3,402 കോടി രൂപയ്ക്കു വില്‍ക്കാനുള്ള പദ്ധതിയെ തുടര്‍ന്നാണിത്. ഹിന്ദുജ ഗ്രൂപ്പിലെ ഈ കമ്പനി ഒരു ബില്‍ഡര്‍ ഗ്രൂപ്പുമായി ചേര്‍ന്നാണു ഭൂമി ചെറിയ ഭാഗങ്ങളായി വില്‍ക്കുക.
രൂപ ഇന്ന് അല്‍പം നേട്ടത്തില്‍ തുടങ്ങി. ഡോളര്‍ 83.32 രൂപയിലേക്കു താഴ്ന്നു. പിന്നീട് 83.37 രൂപവരെ കയറി.
സ്വര്‍ണം ലോകവിപണിയില്‍ 2197 ഡോളറിലേക്കു കയറി. കേരളത്തില്‍ സ്വര്‍ണം പവന് 280 രൂപ വര്‍ധിച്ച് 49,360 രൂപയായി.
ക്രൂഡ് ഓയില്‍ വില വീണ്ടും കയറിയിറങ്ങി. ബ്രെന്റ് ഇനം 86.65 വരെ കയറിയിട്ട് 86.36 ഡോളറിലേക്കു താഴ്ന്നു.
Tags:    

Similar News