അനിശ്ചിതത്വം തുടരുന്നു; വിദേശികൾ വിൽപനത്തോതു കൂട്ടി; ഏഷ്യൻ വിപണികൾ ഭിന്നദിശകളിൽ; ഡോളറിനു കയറ്റം

സ്വർണം താഴോട്ടു യാത്ര തുടരുകയാണ്

Update: 2024-05-09 02:24 GMT

വിപണിയിൽ അനിശ്ചിതത്വം കൂടുകയാണ്. വിദേശനിക്ഷേപകർ വിൽപന വർധിപ്പിച്ചതും തിരഞ്ഞെടുപ്പിനെപ്പറ്റി ആശങ്ക ഉയരുന്നതുമാണു കാരണം. ഇന്നലെ താഴ്ചയിൽ നിന്നു ഗണ്യമായി കയറി ക്ലോസ് ചെയ്യാൻ മുഖ്യ സൂചികകൾക്കു കഴിഞ്ഞു. എന്നാൽ ആ മുന്നേറ്റം തുടരും എന്ന സൂചന ലഭിക്കുന്നില്ല. വിദേശ സൂചനകളും ആവേശകരമല്ല.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 22,382.5ൽ ക്ലാേസ് ചെയ്തു. ഇന്നുരാവിലെ 22,370 വരെ താണു. ഇന്ത്യൻ വിപണി ഇന്നു ചെറിയ താഴ്ചയോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു നൽകുന്ന സൂചന.

വിദേശ വിപണി 

യൂറോപ്യൻവിപണികൾ ഇന്നലെയും മുന്നേറി. മുഖ്യ സൂചികകൾ അരശതമാനം വരെ ഉയർന്നു. യു.എസ് വിപണി ബുധനാഴ്ച സമ്മിശ്രമായിരുന്നു. ഡൗ ജോൺസ് തുടർച്ചയായ ആറാം ദിവസവും കയറി 39,000നു മുകളിൽ ക്ലോസ് ചെയ്തു നാസ്ഡാക് ഇന്നലെയും നഷ്ടത്തിലായി.

ഡൗ ജോൺസ് 172.13 പോയിൻ്റ് (0.44%) ഉയർന്ന് 39,056.40ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 0.03 പോയിൻ്റ് (0.0%) താഴ്ന്നു 5187.67ൽ അവസാനിച്ചു. നാസ്ഡാക് 29.80 പോയിൻ്റ് (0.18%) താഴ്ന്ന് 16,302.80ൽ ക്ലോസ് ചെയ്തു.

പത്തു വർഷ യു.എസ് സർക്കാർ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം (yield) 4.5 ശതമാനം ആയി ഉയർന്നു. യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു നേരിയ ഇടിവിലാണ്. ഡൗ 0.02 ഉം എസ് ആൻഡ് പി 0.06 ഉം നാസ്ഡാക് 0.11 ഉം ശതമാനം ഉയർന്നു

ഏഷ്യൻ വിപണികൾ ഇന്നു ഭിന്നദിശകളിലാണ്. ജപ്പാനിൽ നിക്കെെ ഉയർന്നു. ദക്ഷിണ കൊറിയയിലും ഓസ്ട്രേലിയയിലും സൂചികകൾ താഴ്ന്നു.

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി ബുധനാഴ്ച താഴ്ന്നു വ്യാപാരം തുടങ്ങിയ ശേഷം വിൽപന സമ്മർദത്തിൽ ഇടിഞ്ഞു. പിന്നീടു തിരിച്ചു കയറി. ഒടുവിൽ നാമമാത്ര നേട്ടത്തിലും നഷ്ടത്തിലുമായി സൂചികകൾ അവസാനിച്ചു. വിദേശനിക്ഷേപസ്ഥാപനങ്ങൾ വിൽപനയുടെ തോത് വർധിപ്പിച്ചു. രാഷ്ട്രീയ ആശങ്കകൾ അവരുടെ വിൽപനയെ സ്വാധീനിച്ചിട്ടുണ്ട്.

ബുധനാഴ്ച 73,073 വരെ ഇടിഞ്ഞ സെൻസെക്സ് 45.46 പോയിൻ്റ് (0.06%) താഴ്ചയോടെ 73,466.39ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 50 സൂചിക മാറ്റമില്ലാതെ 22,302.50ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 264.25 പോയിൻ്റ് (0.55%) നഷ്ടത്തിൽ 48,021.10ൽ ക്ലോസ് ചെയ്തു.

മിഡ്ക്യാപ് സൂചിക 0.73% ഇടിഞ്ഞ് 50,036.30ലും സ്മോൾക്യാപ് സൂചിക 0.57% താഴ്ന്ന് 16,461.05 ലും അവസാനിച്ചു. വിദേശ നിക്ഷേപകർ ബുധനാഴ്ച ക്യാഷ് വിപണിയിൽ 6,669.10 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 5,928.81 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

വിൽപനസമ്മർദം ദിവസേന വർധിക്കുകയാണ്. ഇന്നുവിറ്റാൽ നാളെ കുറഞ്ഞ വിലയ്ക്കു വാങ്ങാം എന്ന നിലയിലേക്കു കാര്യങ്ങൾ നീങ്ങുമോ എന്ന് സംശയിക്കണം. 22,000- 22,150ലേക്കു നിഫ്റ്റിയുടെ പിന്തുണനില താഴ്ന്നു. അതു നഷ്ടപ്പെട്ടാൽ കഴിഞ്ഞ മാസത്തെ താഴ്ന്ന നിലവാരമായ 21,800 പരീക്ഷിച്ചേക്കാം. ഇന്നു നിഫ്റ്റിക്ക് 22,215 ലും 22,100ലും പിന്തുണ ഉണ്ട്. 22,320ഉം 22,470ഉം തടസങ്ങൾ ആകാം.

ബാങ്ക്, ധനകാര്യ, ഐ.ടി ഓഹരികളാണ് ഇന്നലെ വിപണിയെ വലിച്ചു താഴ്ത്തിയത്. ഓയിൽ ആൻഡ് ഗ്യാസ്, ഓട്ടോ, മെറ്റൽ എന്നിവ നല്ല കയറ്റം കാണിച്ചു.

സ്വർണം താഴ്ന്നു

സ്വർണം താഴോട്ടു യാത്ര തുടരുകയാണ്. ഡോളർ വീണ്ടും കരുത്തനായതാണു പ്രധാന കാരണം. ഇന്നലെ ഔൺസിനു 2,308.60 ഡോളറിൽ സ്വർണം ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2,310 ഡോളറിലേക്കു കയറി. കേരളത്തിൽ ഇന്നലെ സ്വർണം പവന് 80 രൂപ കുറഞ്ഞ് 53,000 രൂപയായി. ഇന്നും വില കുറയാം.

രൂപ ഇന്നലെയും ദുർബലമായി. ഡോളർ ഒരു പൈസ നേട്ടത്തോടെ 83.52 രൂപ എന്ന റെക്കോർഡ് നിലയിൽ ക്ലോസ് ചെയ്തു. ഡോളർ ഇന്നും കയറ്റം തുടരാം. ഡോളർ സൂചിക ബുധനാഴ്ച ഉയർന്നു 105.55 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 105.58 ലേക്കു കയറി.

ക്രിപ്റ്റോ കറൻസികൾ വീണ്ടും താഴ്ചയിലാണ്. മൂന്നു മുതൽ ആറു വരെ ശതമാനം ഇടിവുണ്ട്. ബിറ്റ്കോയിൻ 61,200 ഡോളറിനു താഴെയായി. ഈഥർ 2975 നു താഴെ എത്തി.

ക്രൂഡ് ഓയിൽ ചാഞ്ചാട്ടത്തിൽ

ക്രൂഡ് ഓയിൽ വില ചെറിയ ചാഞ്ചാട്ടത്തിലാണ്. ബ്രെൻ്റ്  ക്രൂഡ് അൽപം കയറി 83.77 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ ബ്രെൻ്റ്  82.58 ഡോളർ ആയി താഴ്ന്നു. ഡബ്ള്യു.ടി.ഐ 79.25ലും യു.എ.ഇയുടെ മർബൻ ക്രൂഡ് 84.12ലുമാണ്.

വ്യാവസായിക ലോഹങ്ങൾ വീണ്ടും താഴ്ന്നു. ചെമ്പ് 1.56 ശതമാനം താണു ടണ്ണിന് 9,739.75 ഡോളറിൽ എത്തി. അലൂമിനിയം 0.60 ശതമാനം കുറഞ്ഞ് ടണ്ണിന് 2,548.80 ഡോളർ ആയി. നിക്കൽ, സിങ്ക്, ലെഡ്, ഇരുമ്പയിര് എന്നിവയും താഴ്ന്നു.

വിപണിസൂചനകൾ (2024 മേയ് 08, ബുധൻ)

സെൻസെക്സ്30 73,466.39 -0.06%

നിഫ്റ്റി50 22,302.50 0.00

ബാങ്ക് നിഫ്റ്റി 48,021.10 -0.55%

മിഡ് ക്യാപ് 100 50,036.30 +0.73%

സ്മോൾ ക്യാപ് 100 16,461.05 +0.57%

ഡൗ ജോൺസ് 30 39,056.40 +0.44%

എസ് ആൻഡ് പി 500 5187.67 -0.0%

നാസ്ഡാക് 16,302.80 -0.18%

ഡോളർ($) ₹83.52 +₹0.01

ഡോളർ സൂചിക 105.55 +0.04

സ്വർണം (ഔൺസ്) $2308.60 -$06.30

സ്വർണം (പവൻ) ₹53,000 -₹80

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $83.77 +$0.61

Tags:    

Similar News