വിപണി കുതിപ്പില്‍, റെക്കോഡില്‍ ബാങ്ക് നിഫ്റ്റി
ഐ.സി.ഐ.സി.ഐ ബാങ്കുമായുള്ള ലയനം, ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ് ഓഹരി 12 ശതമാനം കുതിച്ചു
ആഗോള പ്രവണതകളുടെ ചുവടു പിടിച്ച് ഇന്ത്യന്‍ വിപണി ഇന്നു നല്ല നേട്ടത്തില്‍ വ്യാപാരം തുടങ്ങി. തുടര്‍ന്നും മുന്നേറി. ഓയില്‍ - ഗ്യാസും ഫാര്‍മയും ഹെല്‍ത്ത് കെയറും ഒഴികെ എല്ലാ ബിസിനസ് മേഖലകളും ഇന്നു നേട്ടത്തിലാണ്.
ബാങ്ക് നിഫ്റ്റി പഴയ റിക്കാര്‍ഡായ 44,151.8 നെ മറികടന്നാണ് ഇന്നു വ്യാപാരം ആരംഭിച്ചത്. പിന്നീട് 44,400 നു മുകളിലായി. സിറ്റി യൂണിയന്‍ ബാങ്ക് ഓഹരി ഇന്നു 10 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ ദിവസം നാലാം പാദത്തില്‍ കുറഞ്ഞ ലാഭ വര്‍ധനയാണു ബാങ്ക് രേഖപ്പെടുത്തിയത്.
ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ്
ഐ.സി.ഐ.സി.ഐ ബാങ്ക്, ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയെ ഉപകമ്പനിയാക്കാന്‍ നടപടി തുടങ്ങി. ഇപ്പോള്‍ 48.02 ശതമാനം ഓഹരിയുള്ള ബാങ്ക് അടുത്ത വര്‍ഷം സെപ്റ്റംബറിനകം ഓഹരി 52 ശതമാനമാക്കും. അതിനുള്ള നടപടി ഞായറാഴ്ച ബാേര്‍ഡ് യോഗം അംഗീകരിച്ചു. ഇതേ തുടര്‍ന്ന് ഐസിഐസിഐ ലൊംബാര്‍ഡ് ഓഹരി ഇന്നു രാവിലെ 12 ശതമാനം കുതിച്ചു.
നാലാം പാദത്തില്‍ ലാഭവും ലാഭമാര്‍ജിനും കുതിച്ചു കയറിയതോടെ ഗ്രീന്‍ലാം ഓഹരി 15 ശതമാനം ഉയര്‍ന്നു. അമിതലാഭ നികുതി മൂലം നാലാം പാദത്തില്‍ നഷ്ടം നേരിട്ട ഒഎന്‍ജിസി ഓഹരി ഇന്നും താഴ്ചയിലായി. രാവിലെ നാലു ശതമാനം താഴ്ന്നു.
രൂപ ഇന്നു കാര്യമായ മാറ്റമില്ലാതെ തുടങ്ങി. ഡോളര്‍ 82.58 രൂപയിലാണു വ്യാപാരമാരംഭിച്ചത്. പിന്നീട് 82.52 രൂപയിലേക്കു താണു. സ്വര്‍ണം ലോക വിപണിയില്‍ 1945 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് വില മാറ്റമില്ല. 44,440 രൂപ തുടരുന്നു.