വിപണി ഉയരുന്നു, അദാനി വീണ്ടും താഴുന്നു

ബാങ്ക് നിഫ്റ്റി ഒന്നര ശതമാനം കുതിപ്പോടെ മുന്നേറ്റത്തിനു നേതൃത്വം വഹിക്കുന്നു

Update: 2023-02-03 05:22 GMT

അദാനി ഗ്രൂപ്പിൻ്റെ തകർച്ച വിസ്മരിച്ച് മുന്നോട്ടു കുതിക്കുന്നു എന്ന ധാരണ നൽകുന്ന വിധം നല്ല ഉയർച്ചയോടെയാണു വിപണി ഇന്ന് വ്യാപാരമാരംഭിച്ചത്. എന്നാൽ അൽപസമയം കഴിഞ്ഞപ്പോൾ നേട്ടം ഗണ്യമായി കുറഞ്ഞു. എങ്കിലും വിപണി മുന്നേറ്റത്തിൽ തുടരുന്നു. ബാങ്ക് നിഫ്റ്റി ഒന്നര ശതമാനം കുതിപ്പോടെ മുന്നേറ്റത്തിനു നേതൃത്വം വഹിക്കുന്നു. ധനകാര്യ സേവന മേഖലയും നല്ല കയറ്റത്തിലാണ്.

അദാനി ഗ്രൂപ്പ് കമ്പനികൾ മുൻദിവസങ്ങളിലേതു പോലെ ഇന്നും തകർച്ച നേരിട്ടു. മിക്ക കമ്പനികളും താഴ്ചയുടെ പരിധിയായ അഞ്ചും പത്തും ഇരുപതും ശതമാനം വരെ രാവിലെ തന്നെ താഴ്ന്നു. അദാനി എൻ്റർപ്രൈസസിനെ ഡൗ ജോൺസ് സസ്റ്റയിനബിലിറ്റി സൂചികയിൽ നിന്നു മാറ്റിയതു ഗ്രൂപ്പിനു വീണ്ടും തിരിച്ചടിയായി.

ഐടി ഓഹരികൾ രാവിലെ ചെറിയ താഴ്ചയിലായി. മെറ്റൽ മേഖല രണ്ടു ശതമാനത്തിലധികം ഇടിവിലായി. ഹെൽത്ത് കെയർ, ഫാർമ മേഖലകളും മിഡ് ക്യാപ് സൂചികയും താഴ്ന്നു നീങ്ങുന്നു. ബിർലാസോഫ്റ്റ് കൂടുതൽ പ്രശ്നങ്ങളിലേക്കു വീണു. കമ്പനിയുടെ മൂന്നാം പാദ റിസൽട്ട് നിരാശപ്പെടുത്തി. വരുമാനം വളർന്നില്ല. കമ്പനി ലാഭത്തിൽ നിന്നു നഷ്ടത്തിലായി. മുഖ്യ വിദേശ ബിസിനസ് നൽകിയിരുന്ന ഇൻവാ കെയർ പാപ്പരായതിൻ്റെ വിഷയം വേറേ. ഓഹരി എട്ടു ശതമാനം ഇടിഞ്ഞു.

ടൈറ്റൻ റിസൽട്ട് മോശമായിരുന്നെങ്കിലും ഇന്ന് ഓഹരി നാലു ശതമാനത്തിലധികം കുതിച്ചു. മികച്ച മൂന്നാം പാദ റിസൽട്ടിനെ തുടർന്ന് അപ്പോളോ ടയേഴ്സ് നാലു ശതമാനത്തോളം ഉയർന്നു. പ്രൊമോട്ടർമാരായ ഹിന്ദുജ കുടുംബം തങ്ങളുടെ ഓഹരി പങ്കാളിത്തം 26 ശതമാനമാക്കുമെന്ന പ്രഖ്യാപനം ഇൻഡസ് ഇൻഡ് ബാങ്ക് ഓഹരിയുടെ വില നാലു ശതമാനത്തോളം ഉയർത്തി.

മൂന്നാം പാദ റിസൽട്ട് നിരാശപ്പെടുത്തിയതിനെ തുടർന്ന് എസ് എച്ച് കേൽക്കർ ഓഹരി 15 ശതമാനത്തോളം ഇടിഞ്ഞു. കോവിഡ് പരിശോധനകൾ കുറഞ്ഞപ്പോൾ രോഗികൾ കുറഞ്ഞത് ഡയഗ്നാേസ്റ്റിക് കമ്പനികൾക്ക് വരുമാനം കുറച്ചു. മൂന്നാം പാദ റിസൽട്ട് മോശമായത് ഡോ.ലാൽ പാത്ത് ലാബ്സിൻ്റെ ഓഹരി വില മൂന്നു ശതമാനം താഴ്ത്തി.

ഡോളർ -രൂപ വിനിമയ നിരക്ക് മാറ്റമില്ലാതെ രാവിലെ തുടങ്ങിയെങ്കിലും പിന്നീടു രൂപ കരുത്തു കാണിച്ചു. ഡോളർ 82.09 രൂപയിലേക്കു താണു. കുറേ കഴിഞ്ഞപ്പോൾ ഡോളർ 82.21 രൂപയിലേക്കു കയറി. സ്വർണം ലോകവിപണിയിൽ 1916 ഡോളറിലാണ്. കേരളത്തിൽ സ്വർണം പവന് 400 രൂപ കുറഞ്ഞ് 40,480 രൂപയായി.

Tags:    

Similar News