പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത! ഇനി നടത്താം ഇന്ത്യൻ ഓഹരികളിൽ 'അണ്‍ലിമിറ്റഡ്' നിക്ഷേപം! ഇളവുമായി സെബി
നിലവില്‍ ഗിഫ്റ്റ് സിറ്റിയിലെ ഗ്ലോബല്‍ ഫണ്ടിന്റെ 50 ശതമാനം വരെ നിക്ഷേപമേ നടത്താനാകുമായിരുന്നുള്ളൂ
ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രവാസി ഇന്ത്യക്കാരുടെയും (NRI), ഇന്ത്യന്‍ വംശജരുടെയും (Persons of Indian Origin and Overseas Citizens of India/OIC) പങ്കാളിത്തം ഉയര്‍ത്താന്‍ നടപടികളുമായി സെബി (SEBI). ഗിഫ്റ്റ് സിറ്റി വഴി പ്രവാസികള്‍ക്ക് പരിധിയില്ലാതെ ഇന്ത്യന്‍ ഓഹരികള്‍ വാങ്ങാമെന്നത് മാത്രമല്ല, ഓഹരി വിപണിയില്‍ പണമൊഴുക്ക് ശക്തമാകാനും സെബിയുടെ പുതിയ നീക്കം സഹായിക്കും.
നിക്ഷേപം ഗിഫ്റ്റ് സിറ്റിയില്‍
ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയില്‍ (GIFT City) സാന്നിധ്യമുള്ള ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റര്‍മാര്‍ (FPIs) വഴിയാണ് പ്രവാസികള്‍ക്ക് ഇന്ത്യന്‍ ഓഹരികള്‍ പരിധിയില്ലാതെ വാങ്ങാനാവുക.
നിലവില്‍ എന്‍.ആര്‍.ഐകള്‍ക്കും ഒ.ഐ.സികള്‍ക്കും എഫ്.പി.ഐ വഴി ഗിഫ്റ്റ് സിറ്റിയിലെ ഗ്ലോബല്‍ ഫണ്ടിന്റെ 50 ശതമാനം വരെ നിക്ഷേപമേ നടത്താനാകുമായിരുന്നുള്ളൂ. ഇനിമുതല്‍ സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ (SEZ) ആയ ഗിഫ്റ്റ് സിറ്റിയിലെ എഫ്.പി.ഐകള്‍ വഴി 100 ശതമാനം നിക്ഷേപവും നടത്താം. അതായത്, നിക്ഷേപപരിധി ഒഴിവാക്കി.
എന്താണ് നേട്ടം?
പ്രവാസി ഇന്ത്യക്കാര്‍ക്ക് സമ്പാദ്യം ഇന്ത്യന്‍ ഓഹരികളില്‍ കൂടുതലായി നിക്ഷേപിക്കാനുള്ള അവസരമാണ് സെബിയുടെ ഇളവുകളിലൂടെ ലഭിക്കുന്നത്. അതായത്, മികച്ചൊരു നിക്ഷേപ മാര്‍ഗം കൂടി പ്രവാസികള്‍ക്ക് ലഭിക്കുന്നു.
വിദേശത്ത് ദശലക്ഷക്കണക്കിന് ഇന്ത്യക്കാരാണുള്ളത്. അവരില്‍ നിന്ന് വലിയൊരു പങ്കാളിത്തം ഇന്ത്യന്‍ ഓഹരി വിപണിക്ക് ലഭിക്കും. ഇത് പണലഭ്യത കൂടാന്‍ വഴിയൊരുക്കും.
നിബന്ധനകള്‍ കര്‍ശനം
എഫ്.പി.ഐകളുടെ ഇടപാടുകാരായി വേണം ഗിഫ്റ്റ് സിറ്റി വഴി നിക്ഷേപം നടത്താന്‍. നിക്ഷേപം നടത്തുന്ന എന്‍.ആര്‍.ഐ., ഒ.ഐ.സി എന്നിവരുടെ പാന്‍ വിവരങ്ങളടക്കം എഫ്.പി.ഐകള്‍ സൂക്ഷിക്കണം. ഇതും നിക്ഷേപവിവരങ്ങളും സെബിക്ക് സമയബന്ധിതമായി സമര്‍പ്പിക്കുകയും വേണം.
ഏതെങ്കിലും നിക്ഷേപ ഫണ്ടില്‍ എന്‍.ആര്‍.ഐ/ഒ.ഐ.സി മൊത്ത നിക്ഷേപ ആസ്തി (AUM) 33 ശതമാനത്തിന് മുകളിലാണെങ്കില്‍ നിക്ഷേപകരുടെ വിശദവിവരങ്ങള്‍ ശേഖരിച്ച് വയ്ക്കണം.
മൊത്തം നിക്ഷേപ ആസ്തി 25,000 കോടി രൂപയ്ക്ക് മുകളിലാണെങ്കിലും ഇത് നിര്‍ബന്ധമാണ്. ഏതെങ്കിലും നിക്ഷേപകന് പാന്‍ കാര്‍ഡ് ഇല്ലെങ്കില്‍ പ്രത്യേക ഫോര്‍മാറ്റില്‍ മറ്റ് തിരിച്ചറിയല്‍ രേഖകളടക്കം വാങ്ങി വിവരങ്ങള്‍ സൂക്ഷിക്കണമെന്നും സെബി നിര്‍ദേശിച്ചിട്ടുണ്ട്.