വിപണി സാവധാനം കയറുന്നു: ഗെയില്‍ ഓഹരികള്‍ക്ക് നേട്ടം, സ്വര്‍ണത്തിനും ക്രൂഡ് ഓയിലിനും വില കൂടി
റെയില്‍വേ, പ്രതിരോധ ഓഹരികള്‍ താഴ്ചയില്‍
ചെറിയ നേട്ടത്തില്‍ തുടങ്ങി കൂടുതല്‍ നേട്ടത്തിലേക്ക് വിപണി കയറുകയാണ്. ഇടയ്ക്കു വില്‍പന സമ്മര്‍ദത്തില്‍ താഴുകയും ചെയ്തു. നിഫ്റ്റി 24,944.90 വരെയും സെന്‍സെക്‌സ് 81,720 വരെയും കയറി.
റെയില്‍വേ, പ്രതിരോധ ഓഹരികള്‍ പലതും ഇന്നു ചെറിയ താഴ്ചയിലാണ്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഒന്നര ശതമാനം താഴ്ന്നു.
ടിറ്റാഗഢ് റെയില്‍ സിസ്റ്റംസ് ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു. വരുമാന വളര്‍ച്ച കുറഞ്ഞതാണു കാരണം.
പ്രതീക്ഷയിലും മികച്ച റിസല്‍ട്ടിനെ തുടര്‍ന്ന് ഗെയില്‍ ഓഹരി അഞ്ചു ശതമാനം കയറി.
ഒന്നാം പാദ റിസല്‍ട്ട് പ്രതീക്ഷയിലും മെച്ചമായ ഡിക്‌സണ്‍ ടെക് ഓഹരി നാലു ശതമാനം ഉയര്‍ന്നു.
ലാഭമാര്‍ജിന്‍ 20 ശതമാനമായി വര്‍ധിച്ച ടോറന്റ് പവര്‍ ഓഹരി അഞ്ചു ശതമാനം കയറി.
ബാങ്ക് ഓഫ് ജപ്പാന്‍ കുറഞ്ഞ പലിശ നിരക്ക് 0.25 ശതമാനമായി ഉയര്‍ത്തി. ഇതുവരെ 0.1 ശതമാനമായിരുന്നു.
രൂപ ഇന്നു രാവിലെ നേരിയ നേട്ടം ഉണ്ടാക്കി. ഡോളര്‍ രണ്ടു പൈസ കുറഞ്ഞ് 83.71 രൂപയില്‍ ഓപ്പണ്‍ ചെയ്തു.
സ്വര്‍ണം ലോക വിപണിയില്‍ 2417 ഡോളറിലായി. കേരളത്തില്‍ സ്വര്‍ണം പവന് 640 രൂപ വര്‍ധിച്ച് 51,200 രൂപയായി.
ക്രൂഡ് ഓയില്‍ വില കയറ്റത്തിലാണ്. ഹമാസ് തലവനെ ഇസ്രയേലി ചാരന്മാര്‍ വധിച്ചതു പശ്ചിമേഷ്യയില്‍ സംഘര്‍ഷ ഭീതി വര്‍ധിച്ചതാണു കാരണം. ബ്രെന്റ് ഇനം 79.80 ഡോളറില്‍ എത്തി.