വിദേശ വിപണികളുടെ ചുവടു പിടിച്ച് ഇന്ത്യൻ വിപണിയിലും താഴ്ചയോടെ തുടക്കം
സ്വർണം ലോക വിപണിയിൽ 1809 ഡോളറിലേക്കു താണു
വിദേശ വിപണികളുടെ ചുവടു പിടിച്ച് ഇന്ത്യൻ വിപണി ഇന്നു നഷ്ടത്തിലാണു വ്യാപാരം തുടങ്ങിയത്. തുടക്കത്തിൽ മുഖ്യ സൂചികകൾ അര ശതമാനത്തിലധികം താഴ്ന്നു. എന്നാൽ താമസിയാതെ നഷ്ടം ഗണ്യമായി കുറച്ചു.
മീഡിയ, ഓയിൽ&ഗ്യാസ് എന്നീ മേഖലകൾ ഒഴികെ എല്ലാ മേഖലകളും ഇന്നു രാവിലെ നഷ്ടത്തിലായിരുന്നു. റിയൽറ്റിയും ഐടിയും ആണ് ഏറ്റവുമധികം നഷ്ടത്തിലായത്. പ്രമുഖ ഐടി കമ്പനികൾ ഒന്നര മുതൽ മൂന്നു വരെ ശതമാനം ഇടിഞ്ഞു.
അദാനി ഓഹരികൾ ഉയർന്നു
അദാനി ഗ്രൂപ്പ് കമ്പനികൾ എല്ലാം ഇന്ന് ഉയർന്നു. ഗ്രീനും ടോട്ടൽ ഗ്യാസും പവറും അഞ്ചു ശതമാനം വീതം കയറി. വ്യാവസായിക ലോഹങ്ങളുടെ വിലയിടിവ് ഹിൻഡാൽകോ, വേദാന്ത, നാൽകോ, സെയിൽ, ജെഎസ്ഡബ്ള്യു സ്റ്റീൽ, ജിൻഡൽ സ്റ്റീൽ തുടങ്ങിയവയുടെ വില താഴ്ത്തി.
രൂപ ഇന്നു നഷ്ടത്തിലായി. ഡോളർ 35 പൈസ ഉയർന്ന് 82.26 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ സൂചിക ഉയർന്നതാണു കാരണം. സ്വർണം ലോക വിപണിയിൽ 1809 ഡോളറിലേക്കു താണു. കേരളത്തിൽ പവന് 520 രൂപ കുറഞ്ഞ് 40,800 രൂപയായി. ജനുവരി നാലിനു ശേഷം ഇതാദ്യമാണു പവന് 41,000 രൂപയിൽ താഴെയാകുന്നത്.