വിപണി ഉയരത്തില്‍; ബാങ്ക് നിഫ്റ്റി കയറിയിറങ്ങി, പുതിയ ബൈക്കില്‍ കുതിച്ച് ഓല, ഹിന്ദുസ്ഥാന്‍ സിങ്ക് 7% ഇടിഞ്ഞു

ലാഭക്കുതിപ്പില്‍ മദ്രാസ് ഫെര്‍ട്ടിലൈസേഴ്‌സ്, രൂപയ്ക്ക് കയറ്റം

Update:2024-08-16 10:45 IST

ആഗോള പ്രവണതകളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ വിപണി  ഇന്നു തുടക്കത്തിലേ കയറി. ഒരവസരത്തില്‍ മുഖ്യസൂചികകള്‍ 1.1 ശതമാനം കയറിയെങ്കിലും വിപണി താമസിയാതെ താഴ്ന്നു. നേട്ടം അര ശതമാനത്തിലേക്കു കുറഞ്ഞു.

ബാങ്ക് നിഫ്റ്റി തുടക്കത്തില്‍ നല്ല കയറ്റം കാഴ്ചവച്ചിട്ടു പിന്നീടു നേട്ടം കുറച്ചു. ഐടി, ഓട്ടോ, റിയല്‍റ്റി, ഓയില്‍, മീഡിയ, മെറ്റല്‍ മേഖലകള്‍ മികച്ച കുതിപ്പ് നടത്തി. സ്‌മോള്‍ ക്യാപ്, മിഡ് ക്യാപ് ഓഹരികളും നല്ല നേട്ടത്തിലായി.
ഹിന്ദുസ്ഥാന്‍ സിങ്ക് ഓഹരി രാവിലെ ഏഴു ശതമാനം ഇടിഞ്ഞു. മുഖ്യ ഓഹരി ഉടമകളായ വേദാന്ത ലിമിറ്റഡ് ഹിന്ദുസ്ഥാന്‍ സിങ്കിന്റെ 3.4 ശതമാനം ഓഹരി വില്‍ക്കാന്‍ തീരുമാനിച്ചു. കമ്പനി 8,000 കോടി രൂപയുടെ സ്‌പെഷല്‍ ഡിവിഡന്‍ഡ് പ്രഖ്യാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇതെല്ലാം ചേര്‍ന്നാണ് വിലയിടിവ്. വേദാന്തയുടെ കടബാധ്യത തീര്‍ക്കാനാണു പഴയ പൊതുമേഖലാ സ്ഥാപനത്തിന്റെ ലാഭം മാതൃകമ്പനിയിലേക്കു 
ഡിവിഡന്‍ഡ് വഴി മാറ്റുന്നത്.

കഴിഞ്ഞ പാദത്തില്‍ കനത്ത നഷ്ടമാണെങ്കിലും ഓല ഇലക്ട്രിക്കിന്റെ ഭാവി പ്രതീക്ഷ തിളക്കമുള്ളത് ആയതോടെ ഓഹരി 10 ശതമാനത്തിലധികം കുതിച്ചു. 347 കോടി രൂപയാണ് ഒന്നാം പാദ നഷ്ടം. ലിസ്റ്റിംഗിനു ശേഷം 70 ശതമാനം കയറിയ ഓല ഓഹരി പിന്നീട് 20 ശതമാനം ഇടിഞ്ഞു. ഒരു ബ്രോക്കറേജ് വാങ്ങല്‍ ശിപാര്‍ശ നല്‍കിയപ്പോള്‍ 10 ശതമാനം തിരിച്ചു കയറി.
ഒന്നാം പാദ അറ്റാദായം 56 ശതമാനം വര്‍ധിപ്പിച്ച ആര്‍എച്ച്‌ഐ മാഗ്‌നെസിറ്റ ഓഹരി രാവിലെ ഒന്‍പതു ശതമാനം ഉയര്‍ന്നു. റിഫ്രാക്ടറി ഉല്‍പന്നങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന കമ്പനിയാണിത്.
നഷ്ടത്തില്‍ നിന്നു പ്രവര്‍ത്തന ലാഭത്തിലേക്കു മാറിയ മദ്രാസ് ഫെര്‍ട്ടിലൈസേഴ്‌സ് ഓഹരി ആറു ശതമാനം ഉയര്‍ന്നു.

രൂപ, സ്വര്‍ണം, ക്രൂഡ്

രൂപ രാവിലെ ഉയര്‍ന്നു. ഡോളര്‍ രണ്ടു പൈസ കുറഞ്ഞ് 83.93 രൂപയില്‍ എത്തി.
സ്വര്‍ണം ലോകവിപണിയില്‍ ഔണ്‍സിന് 2452 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 80 രൂപ വര്‍ധിച്ച് 52,440 രൂപയായി.
ക്രൂഡ് ഓയില്‍ വില അല്‍പം താഴ്ന്നു. ബ്രെന്റ് ഇനം 80.84 ഡോളറിലേക്കു കുറഞ്ഞു.
Tags:    

Similar News