വിപണി ചാഞ്ചാട്ടത്തില്‍, ബാങ്ക് ഓഹരികള്‍ ഇടിവില്‍, എൻ.ടി.പി.സി നഷ്ടത്തില്‍
എഫ്എംസിജി, ഫാർമ, ഹെൽത്ത് കെയർ, ഐടി മേഖലകൾ മാത്രമാണ് രാവിലെ നേട്ടമുണ്ടാക്കിയത്
നേട്ടത്തിൽ വ്യാപാരം തുടങ്ങിയ വിപണി വീണ്ടും വലിയ ചാഞ്ചാട്ടത്തിലായി. ഉയരാനുള്ള ശ്രമങ്ങൾ വിൽപന സമ്മർദത്തിൽ പരാജയപ്പെടുകയാണ്. രാവിലെ ഒരു മണിക്കൂറിനകം സെൻസെക്സ് 79,670 നും 80,253നും ഇടയിലും നിഫ്റ്റി 24,269 നും 24,245 നും ഇടയിലും കയറിയിറങ്ങി.
മുഖ്യസൂചികകൾ 0.60 ശതമാനം വീതം താണപ്പോൾ ബാങ്ക് നിഫ്റ്റി 1.65 ശതമാനം നഷ്ടത്തിലായി. മിഡ് ക്യാപ് സൂചിക 1.50 ഉം സ്മോൾ ക്യാപ് സൂചിക 1.80 ഉം ശതമാനം ഇടിഞ്ഞു. 300 ഓഹരികൾ മാത്രം ഉയർന്നപ്പോൾ 2000 ലേറെ ഓഹരികൾ താഴ്ന്നു.
എഫ്എംസിജി, ഫാർമ, ഹെൽത്ത് കെയർ, ഐടി മേഖലകൾ മാത്രമാണു രാവിലെ ഉയർന്നത്.
രണ്ടാം പാദത്തിൽ വരുമാനം 130 ശതമാനം വർധിപ്പിച്ച ഡിക്സൺ ടെക്നോളജീസ് ഓഹരി രാവിലെ 10 ശതമാനം കുതിച്ചു. പിന്നീടു നേട്ടം മാറി ഏഴു ശതമാനം വരെ താഴ്ന്നു.
സൂര്യോദയ സ്മോൾ ഫിനാൻസ് ബാങ്ക് മോശം റിസൽട്ടിനെ തുടർന്ന് 12.5 ശതമാനം ഇടിഞ്ഞു.
പ്രതീക്ഷയിലും വളരെ താഴ്ന്ന ലാഭവും അറ്റ പലിശ വരുമാനവും ഉണ്ടാക്കിയ ഇൻഡസ് ഇൻഡ് ബാങ്ക് 15 ശതമാനം ഇടിവിലായി.
രണ്ടാം പാദ റിസൽട്ടിലെ മികവിനെ തുടർന്ന് ഗോദ്റെജ് കൺസ്യൂമർ പ്രൊഡക്ട്സും കോൾഗേറ്റും മൂന്നു ശതമാനത്തിലധികം ഉയർന്നു. ഐടിസി അഞ്ചു ശതമാനത്തോളം കയറി. നെസ്‌ലെ, ബ്രിട്ടാനിയ, എച്ച്.യു.എൽ തുടങ്ങിയവ ഉയർന്നു.
റിസൽട്ട് പ്രതീക്ഷയോളം വരാത്തതിനെ തുടർന്ന് എൻടിപിസി ഓഹരി മൂന്നു ശതമാനത്തോളം താഴ്ന്നു.
എംഡിയും സിഇഒയുമായ അമിതാഭ് ചൗധരിയുടെ പുനർനിയമനം റിസർവ് ബാങ്ക് അംഗീകരിച്ചതിനെ തുടർന്ന് ആക്സിസ് ബാങ്ക് ഓഹരി മൂന്നു ശതമാനം ഉയർന്നു.
യുബിഎസ് ഡൗൺ ഗ്രേഡ് ചെയ്തതിനെ തുടർന്ന് എൽ ആൻഡ് ടി രണ്ടു ശതമാനത്തിലധികം താഴ്ന്നു.
പലിശ മാർജിൻ ഗണ്യമായി വർധിപ്പിച്ച പിഎൻബി ഹൗസിംഗ് ഫിനാൻസ് എട്ടു ശതമാനം വരെ ഉയർന്നു.
രൂപ ഇന്ന് ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങി. ഡോളർ ഒരു പൈസ കുറഞ്ഞ് 84.07 രൂപയിൽ ഓപ്പൺ ചെയ്തു.
സ്വർണം ലോകവിപണിയിൽ ഔൺസിന് 2725 ഡോളറിലാണ്. കേരളത്തിൽ ആഭരണ സ്വർണം 80 രൂപ കൂടി 58,360 രൂപയായി.
ക്രൂഡ് ഓയിൽ കയറുകയാണ്. ബ്രെൻ്റ് ഇനം 74.56 ഡോളറിലേക്കു കയറി.