താഴ്ന്നിട്ടു തിരിച്ചു കയറി സൂചികകള്‍, തരംതാഴ്ത്തലില്‍ വീണ് ഏഷ്യന്‍ പെയിന്റ്‌സ്, ഓഹരി വില്‍പ്പന പ്രതീക്ഷയില്‍ ഐ.ഡി.ബി.ഐ ബാങ്ക്
റിയല്‍റ്റി, മെറ്റല്‍, മീഡിയ, ഓട്ടോ ഓഹരികള്‍ താഴ്ചയില്‍
വിപണി താഴ്ന്നു തുടങ്ങിയിട്ട് ആദ്യം കൂടുതല്‍ ഇടിവിലായി. പിന്നീട് വിപണി തിരിച്ചു കയറി. സെന്‍സെക്‌സ 80,390 വരെയും നിഫ്റ്റി 24,515 വരെയും താഴ്ന്നിട്ടാണു തിരിച്ചുള്ള യാത്ര തുടങ്ങിയത്. നിഫ്റ്റി 24,635നും സെന്‍സെക്‌സ് 80,800നും മുകളിലായി. ബാങ്ക് നിഫ്റ്റി തുടക്കത്തിലെ നഷ്ടത്തില്‍ നിന്നു കരകയറി.
റിയല്‍റ്റി, മെറ്റല്‍, മീഡിയ, ഓട്ടോ ഓഹരികള്‍ ഇന്നു താഴ്ചയിലായി. ബാങ്കുകളും എഫ്.എം.സി.ജിയും ഐ.ടിയും കയറി.
വില്‍പനയും ലാഭവും ലാഭമാര്‍ജിനും കുറഞ്ഞ റിസല്‍ട്ട് പുറത്തുവിട്ട ഏഷ്യന്‍ പെയിന്റ്‌സിനെ ബ്രോക്കറേജുകള്‍ തരം താഴ്ത്തി. സിറ്റി ഗ്രൂപ്പ് ലക്ഷ്യവില 2,700 രൂപയില്‍ നിന്ന് 2,400 രൂപയാക്കി. ഈ വര്‍ഷവും അടുത്ത വര്‍ഷവും ലാഭം കുറയുമെന്നു ചിലര്‍ വിലയിരുത്തി. ഓഹരി നാലു ശതമാനത്തോളം താഴ്ന്നു
എം.ഡിയും സി.ഇ.ഒയും ആയ അനുജ് പോഡര്‍ രാജി വച്ചതിനെ തുടര്‍ന്ന് ബജാജ് ഇലക്ട്രിക്കല്‍സ് ഓഹരി മൂന്നു ശതമാനം വരെ താണു.
1,460 രൂപ വീതം വിലയ്ക്ക് 51.4 ലക്ഷം ഓഹരി തിരിച്ചു വാങ്ങാന്‍ ബോര്‍ഡ് തീരുമാനിച്ചതിനു ശേഷം അരബിന്ദോ ഫാര്‍മ ഓഹരിയുടെ വില അല്‍പം മെച്ചപ്പെട്ടു.
ഐ.ഡി.ബി.ഐ ബാങ്കിന്റെ ഓഹരി വില്‍ക്കുന്നതു സംബന്ധിച്ച് റിസര്‍വ് ബാങ്ക് കേന്ദ്ര സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കി. ഓഹരി വാങ്ങാന്‍ താല്‍പര്യമുള്ളവരുടെ പട്ടിക ഓഹരി വില്‍പന മന്ത്രാലയം റിസര്‍വ് ബാങ്കിനു കൈമാറിയിരുന്നു. ഐ.ഡി.ബി.ഐ ബാങ്ക് ഓഹരി നാലു ശതമാനം ഉയര്‍ന്നു.
ബജാജ് ഓട്ടോ റിസല്‍ട്ട് മെച്ചമാണെങ്കിലും ഓഹരി മൂന്നു ശതമാനം താഴ്ന്നു. നൈജീരിയയിലെ കറന്‍സി കുഴപ്പങ്ങള്‍ കമ്പനിയുടെ കയറ്റുമതിക്കു നഷ്ടം വരുത്തി.
എല്‍.ടി.ഐ മൈന്‍ഡ് ട്രീയുടെ റിസല്‍ട്ട് ഒട്ടും തിളക്കമില്ലാത്തതായെങ്കിലും ഓഹരി മൂന്നു ശതമാനത്തിലധികം ഉയര്‍ന്നു.
രൂപ, സ്വര്‍ണം, ക്രൂഡ്
രൂപ ഇന്നു മാറ്റമില്ലാതെ വ്യാപാരം ആരംഭിച്ചു. ഡോളര്‍ 83.58 രൂപയില്‍ ഓപ്പണ്‍ ചെയ്തു.
സ്വര്‍ണം ലോക വിപണിയില്‍ 2,467 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 120 രൂപ കുറഞ്ഞ് 54,880 രൂപയായി.
ക്രൂഡ് ഓയില്‍ വീണ്ടും ഉയര്‍ന്നു. ബ്രെന്റ് ഇനം 84.45 ഡോളറിലേക്കു കയറി.