സാങ്കേതിക വിശകലനം: ബുള്ളിഷ് മുന്നേറ്റം തുടരും; നിഫ്റ്റി നൽകുന്ന സൂചന ഇതാണ്
ഷെയർ മാര്‍ക്കറ്റിന്റെയും ഓഹരികളുടെയും വിശകലനത്തില്‍ പരിചയ സമ്പന്നനും പ്രഗല്ഭനുമായ ജോസ് മാത്യു ടി.യുടെ പ്രതിദിന പംക്തി -സാങ്കേതിക വിശകലനം;
(നവംബർ ഏഴിലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി)
നിഫ്റ്റി 85.65 പോയിന്റ് (0.47) ശതമാനം ഉയർന്ന് 18,202.80 ലാണ് ക്ലോസ് ചെയ്തത്. പോസിറ്റീവ് പ്രവണതയോടെ സൂചിക18,211.80ൽ വ്യാപാരം ആരംഭിച്ച് 18,255.50 എന്ന ഉയർന്ന നിലയിലെത്തി. ഉച്ചകഴിഞ്ഞു സൂചിക18,064.80 എന്ന താഴ്ന്ന നിലവാരത്തി ലെത്തിയ ശേഷം 18202.50 ൽ ക്ലോസ് ചെയ്തു. ഫാർമസ്യൂട്ടിക്കൽ മേഖല ഒഴികെ എല്ലാ മേഖലകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. പൊതുമേഖലാ ബാങ്കുകൾ, മെറ്റൽ, ഓട്ടോ, റിയൽ എസ്റ്റേറ്റ് എന്നിവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ. 1186 ഓഹരികൾ ഉയരുകയും 949 ഓഹരികൾ താഴുകയും 168 ഓഹരികൾ മാറ്റമില്ലാതെ തുടരുകയും ചെയ്‌തു.
ആക്കസൂചകങ്ങളും മൂവിംഗ് ശരാശരികളും മുന്നേറ്റം തുടരുമെന്നു സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ഒരു ഡോജി മെഴുകുതിരി രൂപപ്പെടുത്തി. ഇത് സമീപകാലത്തെ ഉയർന്ന നിലയിൽ ക്ലോസ് ചെയ്തു. മെഴുകുതിരിയുടെ നീണ്ട താഴത്തെ നിഴൽ സൂചിപ്പിക്കുന്നത് സപ്പോർട്ട് മേഖലയ്ക്ക് സമീപം വാങ്ങൽ താൽപ്പര്യം ഉയർന്നുവന്നു എന്നാണ്. ഇതെല്ലാം കൂടുതൽ ഉയർച്ചയുടെ സാധ്യത സൂചിപ്പിക്കുന്നു. ഉയരുമ്പോൾ നിഫ്റ്റിക്ക് 18,250-ൽ ഇൻട്രാഡേ റെസിസ്റ്റൻസ് ഉണ്ട്. സൂചിക ഈ നിലയ്ക്ക് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ വരും ദിവസങ്ങളിലും ബുള്ളിഷ് ആക്കം തുടരാം. അടുത്ത പ്രതിരോധ മേഖല 18,500- 18,600 ആയി തുടരുന്നു. സൂചികയുടെ താഴത്തെ ഭാഗത്ത് 18,000ൽ പിന്തുണയുണ്ട്.
പിന്തുണ-പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ18,180-18,100-18,020 റെസിസ്റ്റൻസ് ലെവലുകൾ 18,250-18,325-18,400 (15 മിനിറ്റ് ചാർട്ടുകൾ)
യുഎസ്, യൂറോപ്യൻ വിപണികൾ പോസിറ്റീവ് ചായ് വോടെ ക്ലോസ് ചെയ്തു. ഏഷ്യൻ വിപണികളിൽ സമ്മിശ്രമാണു വ്യാപാരം. എസ്‌ജിഎക്‌സ് നിഫ്റ്റി 18,404 ലെവലിലാണ്. ഇതു മുൻക്ലോസിംഗിനെക്കാൾ ഉയർന്നതാണ്. നിഫ്റ്റി ഇന്ന് നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങാം.
വിദേശ നിക്ഷേപകർ 1948.51 കോടി രൂപയുടെ ഓഹരികൾ വാങ്ങി. അതേസമയം സ്വദേശി സ്ഥാപനങ്ങൾ 844.20 കോടിയുടെ വിൽപ്പനക്കാരായിരുന്നു.
ബാങ്ക് നിഫ്റ്റി
ഹ്രസ്വകാല പ്രവണത: സമാഹരണം
ബാങ്ക് നിഫ്റ്റി 428.25 പോയിന്റ് ഉയർന്ന് 41.686.70 ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും ഉയരാനുള്ള പ്രവണത സൂചിപ്പിക്കുന്നു. സൂചിക ചെറിയ വെളുത്ത മെഴുകുതിരി രൂപപ്പെടുത്തി. ഈ പാറ്റേൺ കൂടുതൽ ഉയർച്ചയുടെ സാധ്യതയെ സൂചിപ്പിക്കുന്നു. ഉയരുംന്നാൾ സൂചികയ്ക്ക് 42,000 ൽ പ്രതിരോധമുണ്ട്. ബുള്ളിഷ് പ്രവണതയുടെ തുടർച്ചയ്ക്ക്, സൂചിക ഇതിനു മുകളിൽ ക്ലോസ് ചെയ്യേണ്ടതുണ്ട്.
സപ്പോർട്ട്–റെസിസ്റ്റൻസ് ലെവലുകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 41,600-41,400-41,200
റെസിസ്റ്റൻസ് ലെവലുകൾ 41,800-42,000-42,200 (15 മിനിറ്റ് ചാർട്ടുകൾ)
സാങ്കേതിക വിശകലന പദാവലി
മെഴുകുതിരി വിശകലനം 19 (Candlestick Analysis 19)
വിപരീത ചുറ്റിക (Inverted Hammer)
വിപരീത ചുറ്റിക രൂപീകരണം പ്രധാനമായും ഡൗൺട്രെൻഡുകളുടെ അവസാനത്തിലാണ് സംഭവിക്കുന്നത്, ഇത് ബുള്ളിഷ് റിവേഴ്സൽ പാറ്റേണിന്റെ മുന്നറിയിപ്പായി പ്രവർത്തിക്കും. ഓപ്പൺ, ലോ, ക്ലോസ് എന്നിവ ഏകദേശം ഒരേ വില ആയിരിക്കുമ്പോൾ വിപരീത ചുറ്റിക ഉണ്ടാകുന്നു. മുകളിൽ നീണ്ട നിഴൽ ഉണ്ട്, അത് യഥാർത്ഥ ശരീരത്തിന്റെ ഇരട്ടിയെങ്കിലും നീളമുള്ളതായിരിക്കണം. നീണ്ട മാന്ദ്യത്തിന് ശേഷം, വിപരീത ചുറ്റികയുടെ രൂപീകരണം ബുള്ളിഷ് ആണ്. കാരണം, വ്യാപാര ദിനത്തിൽ വിലകൾ താഴേക്ക് നീങ്ങാൻ മടിക്കുകയും വാങ്ങുന്നവർ വില മുകളിലേക്ക് ഉയർത്തുകയും ചെയ്യുന്നു. എന്നാൽ വിൽപനക്കാർ വിലയെ പ്രാരംഭ നിലയിലേക്ക് തിരിച്ചുവിടുന്നു. കാളകളും കരടികളും ശക്തി പരീക്ഷണത്തിലാണെന്ന് വിലക്കയറ്റം കാണിക്കുന്നു. വെളുത്ത ഇൻവെർട്ടർ ഹാമർ കറുപ്പിനേക്കാൾ ശക്തമാണ്.