ഓഹരി സൂചിക താഴ്ചയിൽ നിന്നു നേട്ടത്തിലേക്ക്
ബാങ്കുകളും മെറ്റൽ കമ്പനികളും റിയൽറ്റിയും അടക്കം എല്ലാ മേഖലകളും തന്നെ രാവിലെ താഴോട്ടാണ്
ആഗോള സൂചനകളുടെ വഴിയേ താഴ്ന്നു വ്യാപാരം തുടങ്ങിയ ഇന്ത്യൻ വിപണി പിന്നീടു നഷ്ടം കുറച്ചു. 380 പോയിൻ്റ് താഴ്ന്നു തുടക്കമിട്ട സെൻസെക്സ് പിന്നീടു 46 പോയിൻ്റ് നേട്ടത്തിലെത്തി.. എന്നാൽ ആ നേട്ടം നിലനിർത്താനായില്ല. നിഫ്റ്റിയും ഇതേ വഴിയിലാണ്.
ബാങ്കുകളും മെറ്റൽ കമ്പനികളും റിയൽറ്റിയും അടക്കം എല്ലാ മേഖലകളും തന്നെ രാവിലെ താഴോട്ടാണ്. ഐടി, ഹോട്ടൽ മേഖലകൾ മാത്രമാണു നേട്ടമുണ്ടാക്കുന്നത്. ഇന്ത്യൻ ഹോട്ടൽസ് 11.2 ശതമാനവും ഷാലറ്റ് ഹോട്ടൽസ് എട്ടു ശതമാനവം ഉയർന്നു.
കൂടുതൽ സിനിമാശാലകൾ പ്രവർത്തിച്ചു തുടങ്ങിയത് പിവിആർ ഓഹരി വില അഞ്ചു ശതമാനത്തോളം ഉയർത്തി.
ജിഎസ്ടി കൗൺസിലിൽ പ്രതികൂല തീരുമാനങ്ങൾ ഉണ്ടാകാതിരുന്നത് ഹിന്ദുസ്ഥാൻ യൂണിലിവർ, ഐടിസി, മാരികോ തുടങ്ങിയവയുടെ വില കയറാൻ സഹായിച്ചു.
ചൈനയിലെ വമ്പൻ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ എവർ ഗ്രാൻഡെ കടക്കെണിയിലായത് ഹോങ്കോ oഗിൽ വിപണിയെ ഉലച്ചു. ഹാങ് സെങ് സൂചിക നാലു ശതമാനത്തോളം ഇടിഞ്ഞു. എവർഗ്രാൻഡെ ഈയാഴ്ച കടപ്പത്രപലിശയിൽ കുടിശിക വരുത്തുമെന്ന് സൂചനയുണ്ട്. എവർഗ്രാൻഡെ പാപ്പരാകുന്നത് മറ്റു മേഖലകളിലും പ്രശ്നമാകുമെന്നു ധാരണയുണ്ട്.
സ്പൈസ്ജെറ്റ് പാട്ടത്തിനെടുത്ത വിമാനങ്ങളിൽ ചിലതിന് 300 കോടി രൂപയുടെ പാട്ടം ഒഴിവായിക്കിട്ടിയത് ഓഹരി വില മൂന്നര ശതമാനം ഉയരാൻ സഹായിച്ചു. അതേ സമയം ഇൻഡിഗോ നടത്തിപ്പുകാരായ ഇൻറർഗ്ലോബ് ഏവിയേഷനു വില താഴുകയാണു ചെയ്തത്.
ഗ്രാഫൈറ്റ് ഇലക്ട്രാേഡുകളുടെ വില ഉയരുമെന്ന സൂചന ഗ്രാഫൈറ്റ് ഇന്ത്യയുടെയും എച്ച്ഇജി യുടെയും വില ഗണ്യമായി ഉയർത്തി.
യൂറേക്കാ ഫോർബ്സ് വിൽക്കാനുള്ള തീരുമാനം മാതൃ കമ്പനി ഫോർബ്സ് ആൻഡ് കോയുടെയും ഗ്രൂപ്പിൽപ്പെട്ട സ്റ്റെർലിംഗ് ആൻഡ് വിൽസൻ്റെയും വില കൂട്ടി.
രൂപയ്ക്കു വലിയ തിരിച്ചടി നേരിട്ടു. 35 പൈസ ഉയർന്ന് 73.82 രൂപയിലാണു ഡോളർ വ്യാപാരം തുടങ്ങിയത്. പിന്നീടു ഡോളർ 73.75 രൂപയിലേക്കു താണു.
സ്വർണം രാജ്യാന്തര വിപണിയിൽ 1744.8 ഡോളർ വരെ തന്നിട്ട് 1747- ലേക്കു കയറി. സ്വർണത്തിൻ്റെ നിർണായക സപ്പോർട്ടായ 1750 നു താഴോട്ടു വീണ്ടും താണത് കൂടുതൽ താഴ്ചകളിലേക്കു വിരൽ ചൂണ്ടുന്നു. കേരളത്തിൽ പവന് 80 രൂപ കുറഞ്ഞ് 34,640 രൂപയായി. ഏപ്രിൽ ഒൻപതിനു ശേഷമുള്ള ഏറ്റവും താഴ്ന്ന വിലയാണിത്.
ക്രൂഡ് ഓയിൽ വില 74.7 ഡോളറിലേക്കു താണു.