കൂടുതൽ താഴ്ചയിലേക്കു വിപണി; അഡാനി ഗ്രൂപ്പ് മാത്രം കുതിപ്പിൽ
മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളും ഇന്നു കുത്തനേ താണു
താഴ്ന്നു തുടങ്ങി, വീണ്ടും താഴ്ന്നു. പിന്നീടു ചാഞ്ചാടി. ഇന്ന് ഓഹരി വിപണി ദൗർബല്യം കാണിക്കുകയാണ്. ടിസിഎസും മാരുതിയും ഒഴിച്ചുള്ള സെൻസെക്സ് ഓഹരികളെല്ലാം ഒരു ഘട്ടത്തിൽ താഴ്ചയിലായിരുന്നു. വിലക്കയറ്റ- പലിശ ആശങ്കകൾക്കു പുറമേ ഏഷ്യൻ ഓഹരികൾ താഴാേട്ടു പോയതും യുഎസിൽ ടെക് ഓഹരികൾ ഇടിയുന്നതും ലോഹ വിലകൾ താഴുന്നതും ഒക്കെ വിപണിയെ ബാധിച്ചു. ബാങ്കുകളും ഐടിയും ലോഹങ്ങളും റിയൽറ്റിയും അടക്കം എല്ലാ മേഖലകളും താഴോട്ടു തന്നെ നീങ്ങി. ഉച്ചയ്ക്കു ചില്ലറ വിലക്കയറ്റത്തിൻ്റെ കണക്കു പുറത്തു വന്ന ശേഷം വിപണിഗതി മാറുമോ എന്നാണു നിക്ഷേപകർ നോക്കുന്നത്.
നിഫ്റ്റി 17,500 നു താഴേക്കും സെൻസെക്സ് 58,400നു താഴേക്കും എത്തി.
മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളും ഇന്നു കുത്തനേ താണു. മുഖ്യ സൂചികകൾ 0.8 ശതമാനം താഴ്ന്നപ്പോൾ ഇവ 1.7 മുതൽ 1.9 വരെ ശതമാനം ഇടിഞ്ഞു.
5 ജി സ്പെക്ട്രം വില കുറയ്ക്കാൻ ട്രായി ശിപാർശ ചെയ്തെങ്കിലും ഭാരതി എയർടെലും വോഡഫോൺ ഐഡിയയും അടക്കം മൊബൈൽ കമ്പനികൾക്കു വില കുറഞ്ഞു. കമ്പനികൾ 90 ശതമാനം കുറയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ ട്രായി 36 ശതമാനം കുറവേ ശിപാർശ ചെയ്തുള്ളു. റിലയൻസ് ഓഹരിയും താഴ്ചയിലാണ്.
വിപണി പൊതുവേ താഴോട്ടു നീങ്ങുമ്പോഴും അഡാനി ഗ്രൂപ്പ് കമ്പനികൾ കുതിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ 25 ശതമാനം നേട്ടമുണ്ടാക്കിയ അഡാനി ഗ്രീൻ ഇന്ന് ഏഴു ശതമാനം കൂടി കയറി. ഗ്രൂപ്പിലെ മറ്റു കമ്പനികളും നേട്ടത്തിലാണ്. ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ ഉള്ളതാണു ഗ്രൂപ്പ്.
ലോഹ വിലകളുടെ ഇടിവ് ഹിൻഡാൽകോയെയും നാൽകോയെയും അഞ്ച് ശതമാനം താഴ്ത്തിയപ്പോൾ വേദാന്ത, ടാറ്റാ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ തുടങ്ങിയവ നാലു ശതമാനത്തോളം ഇടിഞ്ഞു.
രാജ്യാന്തര വിപണിയിൽ സ്വർണം 1959 ഡോളറിലേക്ക് ഉയർന്നു. കേരളത്തിൽ പവനു 320 രൂപ വർധിച്ചു.മാർച്ച് ഒമ്പതിനു ശേഷമുള്ള ഏറ്റവും കൂടിയ വിലയിലെത്തി.
രൂപ ഇന്നും ദുർബലമായി. ഡോളർ നാലു പൈസ നേട്ടത്തോടെ 75.99 രൂപയിലാണ് ഓപ്പൺ ചെയ്തത്. പിന്നീട് 76.02 രൂപയിലേക്കു കയറി.
പലിശ നിരക്കിൻ്റെ ഗതി സൂചിപ്പിച്ച് 10 വർഷ സർക്കാർ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 7.17 ശതമാനത്തിലേക്കു കയറി.