അനിശ്ചിതത്വം മാറി ആശങ്കയായി, സൂചികകള്‍ താഴോട്ട്
കഴിഞ്ഞ ദിവസം നേട്ടത്തിലായിരുന്ന സിമന്റ് ഓഹരികള്‍ ഇന്നു നഷ്ടത്തിലേക്ക്
വിപണിയിലെ അനിശ്ചിതത്വം മുഴുവന്‍ വ്യക്തമാക്കുന്നതായി ഇന്നത്തെ വ്യാപാരത്തുടക്കം. പ്രീ ഓപ്പണില്‍ താഴ്ചയോടെ തുടങ്ങിയിട്ട് നേട്ടത്തിലെത്തി. റെഗുലര്‍ വ്യാപാരം തുടക്കത്തില്‍ ഉയര്‍ന്നും താഴ്ന്നും ചാഞ്ചാട്ടത്തോടെയായിരുന്നു. പിന്നീട് മുഖ്യസൂചികകള്‍ അര ശതമാനം നഷ്ടത്തിലായി. പിന്നീടു നഷ്ടം കുറച്ചു.
ഇന്നലെ കനത്ത നഷ്ടത്തിലായ സ്റ്റീല്‍ ഓഹരികള്‍ ഇന്നു രാവിലെ ഒന്നു മുതല്‍ ഒന്നര വരെ ശതമാനം നേട്ടത്തിലായിരുന്നു. പിന്നീടു നേട്ടം നാമമാത്രമായി. നാല്‍കോ, ഹിന്‍ഡാല്‍കോ ഓഹരികളും ഇന്നു രാവിലെ നഷ്ടത്തിലാണ്. എന്നാല്‍ വേദാന്ത നേട്ടത്തിലായി. ആദിത്യ ബിര്‍ല ഗ്രൂപ്പിലെ ഗ്രാസിം ആറു ശതമാനത്തോളം ഇടിഞ്ഞു. ലാഭക്ഷമത കുറഞ്ഞതാണു കാരണം.
ബാങ്ക് ഓഹരികള്‍ ഇന്നു തുടക്കത്തില്‍ നേട്ടത്തിലായിരുന്നു. പിന്നീടു നഷ്ടത്തിലേക്കു മാറി. സൊമാറ്റാേ നാലാംപാദത്തില്‍ വരുമാനം 75 ശതമാനം വര്‍ധിപ്പിച്ചെങ്കിലും നഷ്ടം മൂന്നിരട്ടിയായി. എന്നാല്‍ ഓഹരിവില 16 ശതമാനത്തോളം കയറി.
വളര്‍ച്ച മെച്ചമാകുമെന്നു മാനേജ്‌മെന്റ് പറഞ്ഞതും ഓര്‍ഡര്‍ ചെയ്യുന്നതിന്റെ തുക കൂടിയതുമാണു നേട്ടത്തിനു കാരണം. വിദേശ ബ്രോക്കറേജ് യുബിഎസ് സൊമാറ്റോ ഓഹരിയുടെ വിലലക്ഷ്യം 130 രൂപയായി ഉയര്‍ത്തി.
പുസ്തക പ്രസാധകരായ രൂപ ആന്‍ഡ് കോയുടെ നാലാംപാദ റിസല്‍ട്ടില്‍ വരുമാനവും ലാഭവും ഗണ്യമായി കുറഞ്ഞു. കമ്പനിയുടെ സിഇഒയും സിഎഫ്ഒയും രാജിവച്ചു. മേയ് 31 നു രാജി പ്രാബല്യത്തിലാകും. കമ്പനിയുടെ നില അത്ര തൃപ്തികരമല്ല എന്ന വിലയിരുത്തലില്‍ ഓഹരി വില കുത്തനേ ഇടിഞ്ഞു. രാവിലെ ഒരു മണിക്കൂറിനകം വില 18 ശതമാനം താഴ്ന്നു.
കഴിഞ്ഞ ദിവസം നേട്ടത്തിലായിരുന്ന സിമന്റ് ഓഹരികള്‍ ഇന്നു നഷ്ടത്തിലേക്കു മാറ്റി. കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനങ്ങള്‍ സിമന്റ് മേഖലയ്ക്കു കാര്യമായ നേട്ടം ഉണ്ടാക്കുകയില്ലെന്നാണു പുതിയ വിലയിരുത്തല്‍.
ഡോളര്‍ ഇന്നു രണ്ടു പൈസ നേട്ടത്തില്‍ വ്യാപാരം തുടങ്ങിയെങ്കിലും പിന്നീട് 77.52 രൂപയിലേക്കു താണു. വീണ്ടും കയറിയ ഡോളര്‍ 77.58 രൂപയിലെത്തി.
ലോക വിപണിയില്‍ സ്വര്‍ണം 1855 ഡോളറിലേക്കു കയറി. കേരളത്തില്‍ പവന് 480 രൂപ വര്‍ധിച്ച് 38,200 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.