നേട്ടത്തോടെ തുടങ്ങി, പിന്നെ ഇടിവ്

അഡാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ ഇന്ന് അഞ്ചു ശതമാനത്തിലധികം ഇടിഞ്ഞു

Update:2022-05-26 11:03 IST

പ്രതീക്ഷ പോലെ ഇന്ത്യൻ വിപണി നേട്ടത്തോടെ വ്യാപാരം തുടങ്ങി. ബാങ്ക്, ഐടി, മെറ്റൽ കമ്പനികളിലെ ഉണർവ് വിപണിയെ സഹായിച്ചു. എന്നാൽ 54,102 വരെ കയറിയ സെൻസെക്സ് പിന്നീട് താഴോട്ടു പോന്നു. നിഫ്റ്റി 16,000-നും സെൻസെക്സ് 53,600 നും താഴെ എത്തി.

അഡാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ ഇന്ന് അഞ്ചു ശതമാനത്തിലധികം ഇടിഞ്ഞു.
ജനുവരി-മാർച്ച് പാദത്തിൽ വിറ്റുവരവും ലാഭ മാർജിനും കുറഞ്ഞത് അപ്പോളോ ഹോസ്പിറ്റൽസിൻ്റെ ഓഹരി വില നാലു ശതമാനത്തിലധികം ഇടിച്ചു. പിന്നീടു നഷ്ടം കുറച്ചു. കോവിഡ് വ്യാപനം മൂലം ജനുവരി-ഫെബ്രുവരിയിൽ രോഗികളുടെ വരവ് കുറഞ്ഞതാണു കാരണം. അപ്പാേളോ 24/7 ൽ നടത്താനിരുന്ന നിക്ഷേപം ആറു മാസം കഴിഞ്ഞേ നടത്തൂ എന്നു കമ്പനി അറിയിച്ചു.
ടൊറൻ്റ് ഫാർമ 1:1 അനുപാതത്തിൽ ബോണസ് ഓഹരി പ്രഖ്യാപിച്ചത് ഓഹരി വില ഏഴര ശതമാനത്തിലധികം ഉയർത്തി. കമ്പനിയുടെ നാലാം പാദ അറ്റാദായത്തിൽ വലിയ ഇടിവുണ്ടായി. എന്നാൽ ഏപ്രിൽ - ജൂൺ പാദത്തിൽ ലാഭമാർജിൻ ഉയരുമെന്ന് കമ്പനി അറിയിച്ചു.
ഐ ടിസിയും ഹിന്ദുസ്ഥാൻ യൂണിലീവറും കോൾഗേറ്റും അടക്കം എഫ്എംസിജി കമ്പനികൾ ഇന്നു താഴോട്ടു പോയി.
വേദാന്ത ഗ്രൂപ്പ് തങ്ങളുടെ പക്കലുള്ള ഹിന്ദുസ്ഥാൻ സിങ്ക് ഓഹരികൾ മുഴുവൻ ഈടു വച്ച് 8000 കോടി രൂപ വായ്പയെടുത്തു. ഹിന്ദുസ്ഥാൻ സിങ്കിന്റെ അവശിഷ്ട ഓഹരികൾ സർക്കാരിൽ നിന്നു വാങ്ങുകയാണു ലക്ഷ്യം. 29.5 ശതമാനം ഓഹരിയാണു സർക്കാരിന്റെ പക്കലുള്ളത്.
കോവിഡ് കാലത്തേതിലും വിറ്റുവരവും ലാഭമാർജിനും നാലാം പാദത്തിൽ ഉണ്ടായിട്ടും ബാറ്റാ ലിമിറ്റഡിൻ്റെ ഓഹരി രണ്ടു ശതമാനം താണു.
നാലാം പാദത്തിൽ നഷ്ടം വർധിച്ചെങ്കിലും വിപണിയിൽ കുതിപ്പിനു സാധ്യത ഉള്ളത് ഇൻഡിഗോ ഉടമകളായ ഇന്റർ ഗ്ലോബ് ഏവിയേഷൻ്റെ ഓഹരിവില അഞ്ചു ശതമനം ഉയർത്തി.
ലോകവിപണിയിൽ പ്രകൃതി വാതക വില ഒൻപതു ഡോളറിനു മുകളിലായി. മഹാനഗർ ഗ്യാസ്, ഇന്ദ്രപ്രസ്ഥ ഗ്യാസ്, ഗുജറാത്ത് ഗ്യാസ് തുടങ്ങിയവയുടെ വില ഇടിഞ്ഞു
സ്വർണം ലോകവിപണിയിൽ 1851 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ പവന് 200 രൂപ കുറഞ്ഞ് 38,120 രൂപയായി.
ഡോളർ ഇന്നു മൂന്നു പൈസ നേട്ടത്തിൽ 77.55 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 77.53 ലേക്കു താണു. പിന്നീടു ഡോളർ 77.61 രൂപയിലേക്കു കയറി.


Tags:    

Similar News