ആവേശത്തുടക്കം; ഐടിയിൽ തിരിച്ചു കയറ്റം
ചൈനയിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കം ചെയ്തു തുടങ്ങിയതും വിപണിയെ സഹായിച്ചു
പ്രതീക്ഷിച്ചതു പോലെ ആവേശകരമായ തുടക്കം വിപണിക്കു ലഭിച്ചു. നിഫ്റ്റി 16,600-നു മുകളിലേക്കു പാഞ്ഞു കയറി. സെൻസെക്സ് 900 ലേറെ പോയിൻ്റ് കുതിച്ചു. പിന്നീട് അൽപം താണു. ചൈനയിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കം ചെയ്തു തുടങ്ങിയതും വിപണിയെ സഹായിച്ചു.
കഴിഞ്ഞ ദിവസത്തേതു പോലെ ഇന്നും ഐടി മേഖല കുതിപ്പിനു നേതൃത്വം നൽകി. നിഫ്റ്റി ഐടി 2.6 ശതമാനം കയറി. ഇൻഫോസിസ്, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക് തുടങ്ങിയവ രാവിലെ മൂന്നര ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. മൈൻഡ് ട്രീയും എംഫസിസും അഞ്ചു ശതമാനത്താേളം ഉയർന്നു.
കൺസ്യൂമർ ഡ്യുറബിൾസ് (1.94%), റിയൽറ്റി (1.90%), ബാങ്ക് (1.21%), ധനകാര്യ മേഖല (1.32%), വാഹനങ്ങൾ (1.18%) തുടങ്ങി എല്ലാ മേഖലകളും രാവിലെ നേട്ടത്തിലായിരുന്നു.
878 രൂപയ്ക്ക് ഐപിഒ ഇഷ്യു നടത്തിയ എഥോസ് 825 രൂപയിലാണ് ലിസ്റ്റ് ചെയ്തത്. പിന്നീട് 805 രൂപയിലേക്കു താണു.
ലോകവിപണിയിൽ ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വീപ്പയ്ക്ക് 120 ഡോളറിനു മുകളിലേക്കു കയറി.
ഡോളർ ഇന്ന് എട്ടു പൈസ നഷ്ടത്തിൽ 77.49 രൂപയിൽ വ്യാപാരം തുടങ്ങി. പിന്നീട് 77.53 രൂപയിലേക്കു കയറി.
ഡോളർ ദുർബലമായതിനെ തുടർന്ന് സ്വർണവില രാവിലെ കയറി. 1850-ൽ നിന്ന് 1860 ഡോളറിലേക്കു സ്വർണം ഉയർന്നു. കേരളത്തിൽ പവന് 80 രൂപ വർധിച്ച് 38,280 രൂപയായി.