വിപണി കയറ്റത്തിൽ; രൂപയ്ക്കു നേട്ടം

വിദേശ നിക്ഷേപകർ ആവേശത്തോടെ രംഗത്ത്

Update:2022-07-22 11:00 IST

പ്രതീക്ഷ പോലെ വിപണി നേട്ടത്തോടെ വ്യാപാരം തുടങ്ങി. വിദേശ നിക്ഷേപകർ പണം പിൻവലിക്കൽ നിർത്തിയിട്ടു നിക്ഷേപം പുനരാരംഭിച്ചത് വിപണിയെ ആവേശം കൊള്ളിക്കുന്നു. മുഖ്യ സൂചികകൾ രാവിലെ അര ശതമാനം ഉയർന്നു. പിന്നീട് അൽപം താണു. ബാങ്ക്, ധനകാര്യ കമ്പനികൾ നേട്ടത്തിനു മുന്നിൽ നിന്നു. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ താഴ്ന്ന നേട്ടമേ കൈവരിച്ചുള്ളു. ഐടി, ഓയിൽ -ഗ്യാസ് കമ്പനികൾ താഴ്ചയിലായി.

റഷ്യയിൽ നിന്നു വളരെ കുറഞ്ഞ വിലയ്ക്ക് കൽക്കരി വാങ്ങാൻ കരാർ ഉണ്ടാക്കിയത് ജെഎസ്ഡബ്ല്യു എനർജിയുടെ ഓഹരിവില നാലു ശതമാനത്തോളം കയറാൻ സഹായിച്ചു.
ലാഭ മാർജിൻ മെച്ചപ്പെട്ടതും റവന്യു ഉയർന്നതും പെഴ്സിസ്റ്റൻറ് സിസ്റ്റംസിൻ്റെ ഓഹരിവില അഞ്ചു ശതമാനം ഉയർത്തി.
വരുമാനം 63 ശതമാനവും ലാഭം 154 ശതമാനവും ഉയർത്തിയ ജിഎസ്എഫ്സി (ഗുജറാത്ത് സ്റ്റേറ്റ് ഫെർട്ടിലൈസർകോർപറേഷൻ) യുടെ ഓഹരിവില 10 ശതമാനത്തോളം കുതിച്ചു.
ഡോളർ സൂചിക താഴ്‌ന്നു നിന്നത് രൂപയ്ക്കു കരുത്തായി. ഡോളർ അഞ്ചു പൈസ താണ് 79.90 രൂപയിൽ വ്യാപാരം തുടങ്ങി. പിന്നീട് 79.9175 വരെ കയറി.
ലോക വിപണിയിൽ സ്വർണം 1714-1715 ഡോളറിൽ വ്യാപാരം നടക്കുന്നു. കേരളത്തിൽ പവന് 320 രൂപ വർധിച്ച് 37,120 രൂപയായി.


Tags:    

Similar News