ഓഹരി വിപണി: വ്യാപാര തുടക്കം താഴ്ചയിൽ, പിന്നെ ചാഞ്ചാട്ടം
വിദേശ ഫണ്ടുകൾ രാവിലെ വലിയ തോതിൽ വിൽപന നടത്തി;
താഴ്ചയിൽ തുടങ്ങി; കൂടുതൽ താണു. പിന്നീടു നഷ്ടം കുറച്ചു. എങ്കിലും ചാഞ്ചാട്ടം തുടരുന്നു.
ഒരവസരത്തിൽ എല്ലാ വിഭാഗം ഓഹരികളും താഴോട്ടു വീഴുകയായിരുന്നു. മുഖ്യസൂചികകളേക്കാൾ വേഗത്തിലാണ് മിഡ്, സ്മോൾ ക്യാപ് സൂചികകൾ താണത്. നിഫ്റ്റി ഒരു ശതമാനം താണപ്പോൾ മിഡ് ക്യാപ് സൂചിക രണ്ടു ശതമാനവും സ്മോൾ ക്യാപ് സൂചിക 2.7 ശതമാനവും ഇടിഞ്ഞു. പിന്നീട് അവയും നഷ്ടം കുറച്ചു.
സെൻസെക്സ് 57,167 വരെ താഴ്ന്നിട്ടു 300 പോയിൻറ് തിരിച്ചു കയറി. വീണ്ടും താഴാേട്ടു നീങ്ങി. നിഫ്റ്റിയും ഇതേ പാതയിലായിരുന്നു.
ബാങ്ക്, ധനകാര്യ, റിയൽറ്റി, വാഹന, ഐടി, മീഡിയ കമ്പനികളും വലിയ ഇടിവിലാണ്. ഒരു ഓഹരി നേട്ടമുണ്ടാക്കുമ്പോൾ ഏഴ് ഓഹരികൾ താഴുന്നതാണു വിപണിയിൽ കണ്ടത്. വിദേശ ഫണ്ടുകൾ രാവിലെ വലിയ തോതിൽ വിൽപന നടത്തി.
പ്രൊമോട്ടർമാരിലൊരാളായ ഗാംഗ് വാൾ ഡയറക്ടർ സ്ഥാനം ഒഴിഞ്ഞതും അഞ്ചു വർഷം കൊണ്ട് ഓഹരി പങ്കാളിത്തം കുറയ്ക്കുമെന്നു പ്രഖ്യാപിച്ചതും ഇൻ്റർ ഗ്ലാേബ് ഏവിയേഷൻ്റെ ഓഹരി വില നാലു ശതമാനത്തോളം ഇടിച്ചു.
ധനകാര്യ സ്ഥാപനങ്ങൾക്കു പ്രിഫറൻസ് ഷെയർ നൽകി 550 കോടി രൂപ സമാഹരിച്ചത് ഇക്വിറ്റാസ് സ്മാേൾ ഫിനാൻസ് ബാങ്കിൻ്റെ ഓഹരി വില എഴുശതമാനത്തോളം ഉയർത്തി.
പ്രൊമോട്ടർ കമ്പനിയായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര കുറേ ഓഹരികൾ വിറ്റത് ടെക് മഹീന്ദ്ര ഓഹരി വില രണ്ടു ശതമാനത്തോളം താഴാൻ കാരണമായി.
ലോക വിപണിയിൽ സ്വർണം 1796 ഡോളറിലാണ്. കേരളത്തിൽ സ്വർണം പവന് 80 രൂപ കുറഞ്ഞ് 36,720 രൂപയായി. -
രൂപ ഇന്നും നേട്ടമുണ്ടാക്കി. 16 പൈസ നഷ്ടപ്പെടുത്തി 74.5 രൂപയിലാണു ഡോളർ വ്യാപാരം തുടങ്ങിയത്. പിന്നീട് 74.45 രൂപയിലേക്കു താണു.