വിപണി നേട്ടത്തിൽ; രൂപയും കയറി

മിഡ്, സ്മോൾ ക്യാപ് കമ്പനികളും ഉയർച്ചയിലാണ്

Update:2022-03-16 11:11 IST

ഉണർവോടെ വ്യാപാരം തുടങ്ങി. വീണ്ടും ഉയർന്നു.പിന്നീടു കുറേ താണു. ഇന്നു രാവിലെ ഒന്നേകാൽ ശതമാനം നേട്ടത്തോടെയാണ് ഇന്ത്യൻ വിപണി വ്യാപാരം തുടങ്ങിയത്. പിന്നീടു സാവധാനം കയറി. നിഫ്റ്റി 16,900 കടന്നു. സെൻസെക്സ് 56,700 നു മുകളിൽ കയറി. പിന്നീട് അൽപം താഴ്ന്നു.

എല്ലാ ബിസിനസ് മേഖലകളും ഇന്നു രാവിലെ നേട്ടത്തിലായിരുന്നു. ബാങ്കുകൾ, ധനകാര്യ കമ്പനികൾ, ഐടി കമ്പനികൾ എന്നിവ നേട്ടത്തിനു മുന്നിൽ നിന്നു. ദിവസങ്ങൾക്കു ശേഷം മെറ്റൽ കമ്പനികൾ ഉയർന്നു. മിഡ്, സ്മോൾ ക്യാപ് കമ്പനികളും ഉയർച്ചയിലാണ്.
രണ്ടു ദിവസത്തെ വലിയ തകർച്ചയ്ക്കുശേഷം പേയ്ടിഎമിൻ്റെ മാതൃ കമ്പനി വൺ 97 കമ്യൂണിക്കേഷൻസ് ഇന്ന് രണ്ടു ശതമാനം ഉയർന്നു. ബ്ലിങ്കിറ്റിനെ ഏറ്റെടുക്കും എന്ന റിപ്പോർട്ട് സൊമാറ്റോ ഓഹരിയുടെ വില ഒരു ശതമാനം ഉയർത്തി.
ഇന്നലെ താഴാേട്ടു പോയ പഞ്ചസാര കമ്പനി ഓഹരികൾ ഇന്നു നേട്ടത്തിലായി.
രാജ്യാന്തര വിപണിയിൽ സ്വർണം 1915 ഡോളറിലേക്കു താണു. കേരളത്തിൽ പവന് 240 രൂപ കുറഞ്ഞ് 37,840 രൂപയായി.
ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വില 1.3 ശതമാനം ഉയർന്ന് 101.2 ഡോളർ ആയി.
രൂപ ഇന്നു നല്ല നേട്ടമുണ്ടാക്കി. ഡോളർ 28 പൈസ നഷ്ടത്തിൽ 76.33 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു ഡോളർ 76.42 രൂപയിലേക്കു കയറി.
കഴിഞ്ഞ ദിവസങ്ങളിൽ കുത്തനെ ഇടിഞ്ഞ ചൈനീസ് ഓഹരി വിപണി ഇന്നു നേട്ടത്തിലായി. ഹോങ്കോംഗ് വിപണിയും ഉയർന്നു.


Tags:    

Similar News