ആഗോള സൂചനകൾക്കനുസരിച്ച് ഇന്ത്യൻ വിപണിയും താഴോട്ടു നീങ്ങി. വ്യാപാരം ഒരു മണിക്കൂർ പിന്നിടുമ്പോൾ സെൻസെക്സ് 54,600 നും നിഫ്റ്റി 16,300 നും താഴെയായി. എല്ലാ മേഖലാ സൂചികകളും തുടക്കം മുതലേ നഷ്ടത്തിലാണ്. രൂപയും ഇന്നു താഴ്ചയിലായി.
മെറ്റൽ, ഐടി, ബാങ്ക്, ധനകാര്യ ഓഹരികൾ വീഴ്ചയ്ക്കു മുന്നിൽ നിന്നു. ടാറ്റാ സ്റ്റീലും ഹിൻഡാൽകോയും നാലു ശതമാനത്തോളം ഇടിവിലായി.
ഐടി ഓഹരികൾ ഇന്നും താഴ്ചയിലായി. ടിസിഎസും ഇൻഫിയും എച്ച്സിഎൽ ടെക്കും മറ്റും രണ്ടു ശതമാനത്തിൽ താഴെ താണു. വിപ്രോയും ടെക് മഹീന്ദ്രയും മൂന്നു ശതമാനത്തോളം ഇടിഞ്ഞു. മിഡ് ക്യാപ് ഐടി കമ്പനികൾ കൂടുതൽ ഇടിഞ്ഞു.
അബുദാബി സർക്കാരിൻ്റെ നിക്ഷേപ കമ്പനിയായ എഡിഐഎ 2200 കോടി രൂപ നിക്ഷേപിച്ച് 20 ശതമാനം ഓഹരി വാങ്ങുന്നതായ റിപ്പോർട്ട് ഐഐഎഫ്എൽ ഹോം ഫിനാൻസിൻ്റെ ഓഹരിവില ആറു ശതമാനം ഉയർത്തി.
വെൽസ്പൺ എൻ്റർപ്രൈസസ് നിർമാണം പൂർത്തിയാക്കിയ ആറു റോഡുകൾ 6000 കോടി രൂപയ്ക്കു വിറ്റു. വെൽസ്പൺ ഓഹരി ആറു ശതമാനത്തിലധികം ഉയർന്നു.
ഡോളർ ഇന്ന് രണ്ടു പൈസ നേട്ടത്തിൽ 77.79 രൂപയിലാണ് ഓപ്പൺ ചെയതത്. പിന്നീട് 77.8375 രൂപയായി പുതിയ റിക്കാർഡ് കുറിച്ചു. രൂപ കൂടുതൽ ദുർബലമാകുമെന്നാണ് സൂചന.
സ്വർണം രാജ്യാന്തര വിപണിയിൽ 1845 ഡോളറിലായി. കേരളത്തിൽ പവന് 160 രൂപ കുറഞ്ഞ് 38,200 രൂപയായി.