കോവിഡിൽ ഉലയാതെ ആത്മവിശ്വാസത്തോടെ ഓഹരി വിപണി

പ്രശ്ന ഘടകങ്ങളെ വിപണി ഗൗനിക്കുന്നില്ല

Update: 2021-04-27 05:43 GMT

വിപണി ആത്മവിശ്വാസത്തോടെ മുന്നാേട്ടു തന്നെ. കമ്പനികളുടെ ഈ വർഷത്തെ ലാഭപ്രതീക്ഷ കുറയ്ക്കേണ്ടതുണ്ടെന്ന വസ്തുതയും വിലക്കയറ്റം പരിധി കടക്കുമെന്ന ഭീഷണിയും ഓഹരി വിപണി കാര്യമാക്കുന്നില്ല.

ഏഷ്യൻ വിപണികളുടെ പ്രവണതയിൽ നിന്നു വിട്ടുമാറി ഇന്ത്യൻ വിപണി ചെറിയ ഉയർച്ചയോടെയാണു തുടങ്ങിയത്. പിന്നീടു ക്രമമായി ഉയർന്നു.
സ്വകാര്യ മേഖലാ ബാങ്കുകളുടെ ചെയർമാൻ, സിഇഒ, എംഡി പദവികളിൽ പരമാവധി തുടരാവുന്നതു 15 വർഷമാക്കിക്കൊണ്ടുള്ള റിസർവ് ബാങ്ക് മാർഗരേഖ കൊട്ടക് മഹീന്ദ്ര ബാങ്കിൻ്റെ വിലയിടിച്ചു. പുതിയ വ്യവസ്ഥ പ്രകാരം ബാങ്ക് എംഡി ഉദയ് കൊട്ടക്കിന് 2023 ഡിസംബർ 31-നു വിരമിക്കേേണ്ടി വരും. തുടർ കാലാവധി ലഭിക്കില്ല.
ബാങ്കുകളുടെയും എൻബിഎഫ്സികളുടെയും ഓഡിറ്റർ നിയമനം സംബന്ധിച്ചും റിസർവ് ബാങ്ക് പുതിയ മാർഗരേഖ ഇറക്കിയിട്ടുണ്ട്. ഓഡിറ്റർ നിയമനത്തിൽ കൂടുതൽ സുതാര്യത ഉറപ്പു വരുത്തുന്നതാണിത്.
ചെമ്പ്, അലൂമിനിയം തുടങ്ങിയവയുടെ വില വർധനയുടെ ചുവടുപിടിച്ച് ഹിൻഡാൽകോ, നാൽകോ തുടങ്ങിയവയ്ക്ക് അഞ്ചു ശതമാനത്തോളം കയറ്റമുണ്ടായി.
ബാങ്ക് ഓഹരികൾ തിങ്കളാഴ്ചത്തേതുപോലെ ഉണർവ് കാണിച്ചില്ല.
ഡോളർ ഇന്നും താഴാേട്ടു നീങ്ങി. തിങ്കളാഴ്ച 22 പൈസ നഷ്ടപ്പെട്ട ഡോളർ ഇന്നു നാലു പൈസ താണ് 74.68 രൂപയിലാണു വ്യാപാരം തുടങ്ങിയത്.പിന്നീടു 74.59 രൂപ വരെ താണു.
ലോക വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നു. ബ്രെൻറ് ഇനം വീപ്പയ്ക്ക് 65.96 ഡോളറായി.
സ്വർണം ഔൺസിന് 1782 ഡോളറിൽ തുടരുന്നു. കേരളത്തിൽ പവന് 120 രൂപ കുറഞ്ഞ് 35,560 രൂപയായി. ഡോളറിൻ്റെ നിരക്ക് താണതാണു കാരണം.


Tags:    

Similar News