ധനകാര്യ കമ്പനികളുടെ ഓഹരി വില എന്തുകൊണ്ട് ഇന്ന് രാവിലെ താഴ്ന്നു?

മുഖ്യ സൂചികകൾ ഉയരത്തിൽ. കേരളത്തിൽ സ്വർണ്ണം പവന് 80 രൂപ കുറഞ്ഞു

Update: 2021-06-07 05:25 GMT

ആവേശപൂർവം തുടങ്ങി. ഉയരങ്ങളിൽ ലാഭമെടുക്കലിൻ്റെ സമ്മർദം സൂചികകളെ ചാഞ്ചാട്ടത്തിലാക്കി. എങ്കിലും വ്യാപാരം തുടങ്ങി ഒരു മണിക്കൂറിനു ശേഷം മുഖ്യസൂചികകൾ നല്ല ഉയരത്തിലായി.

ധനകാര്യ കമ്പനികൾ ഇന്നു രാവിലെ സൂചികകളെ താഴോട്ടു വലിച്ചു. എൻബിഎഫ്സി കൾക്കു കുടിശിക വർധിച്ചുവരികയാണ്. മൈക്രോ ഫിനാൻസ് കമ്പനികൾക്കു കടം തിരിച്ചുപിടിക്കാൻ വലിയ പ്രയാസം നേരിടുന്നുണ്ട്.
എന്നാൽ ബാങ്കുകൾ തുടക്കത്തിൽ ഉയർന്നു നീങ്ങി. നിഫ്റ്റി ഫിനാൻസ് താഴോട്ടും നിഫ്റ്റി ബാങ്ക് മേലോട്ടും നീങ്ങി.
മിഡ് ക്യാപ്, സ്മാേൾ ക്യാപ് ഓഹരികൾ ഇന്നു രാവിലെ മികച്ച നേട്ടം കുറിച്ചു. വിശാല വിപണിയിൽ താഴുന്ന ഓഹരികളുടെ ഇരട്ടിയിലേറെയാണ് ഉയരുന്ന ഓഹരികൾ.
സി എസ് ബി ബാങ്ക് ഓഹരി വില രാവിലെ ഒന്നേമുക്കാൽ ശതമാനം കൂടി. ഫെഡറൽ ബാങ്കും ഉയർച്ചയിലാണ്. സൗത്ത് ഇന്ത്യൻ ബാങ്കും ധനലക്ഷ്മി ബാങ്കും രാവിലെ ചാഞ്ചാടി.
സ്റ്റീൽ, മെറ്റൽ ഓഹരികൾ ഇന്നും കയറ്റത്തിലാണ്. മഹാരാഷ്ട്ര അടക്കം പല സംസ്ഥാനങ്ങളിലും കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചത് വാഹന, ഹോട്ടൽ ഓഹരികൾക്കു വില ഉയർത്തി.
ഇന്ധനങ്ങളിൽ 20 ശതമാനം എഥനോൾ ചേർക്കുന്നത് അടുത്ത വർഷം നടപ്പാക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ തുടർന്നു പഞ്ചസാര കമ്പനി ഓഹരികൾക്കുണ്ടായ കുതിപ്പ് ഇന്നും തുടർന്നു.
ദിവാൻ ഹൗസിംഗ് (ഡിഎച്ച്എഫ് എൽ) പിരമൾ ഗ്രൂപ്പിനു നൽകുന്ന കാര്യത്തിൽ ഇന്ന് അന്തിമ തീർപ്പ് ഉണ്ടാകും. കമ്പനിയുടെ ഓഹരി വില പത്തു ശതമാനത്തോളം ഉയർന്ന് 20.8 രൂപയായി.
രൂപ ഇന്നു കരുത്തോടെയാണു വ്യാപാരം തുടങ്ങിയത്. ഡോളറിനു 14 പൈസ താണ് 72.85 രൂപയായി. പിന്നീട് 72.81 രൂപയിലേക്കു ഡോളർ താണു.
ക്രൂഡ് ഓയിൽ വില 71.41 ഡോളർ വരെ താണിട്ട് 71.54 ഡോളറിലേക്കു കയറി.
ലോക വിപണിയിൽ സ്വർണം ഔൺസിന് 1886 ഡോളറിലേക്കു താണു. കേരളത്തിൽ പവന് 80 രൂപ താണ് 36,640 രൂപയായി.


Tags:    

Similar News