ഏഷ്യൻ കാറ്റിൽ താഴ്ച, ചാഞ്ചാട്ടം; ചൈന എഡ്യു ടെക് കമ്പനികൾക്കു കുരുക്കിടുന്നു

ഓഹരി വിപണിയിൽ ചാഞ്ചാട്ടം. ചൈനയുടെ നീക്കം എഡ്യുടെ ക് കമ്പനികളെ എങ്ങനെ ബാധിക്കും?

Update: 2021-07-26 05:23 GMT

ഏഷ്യൻ വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ വിപണി ഇന്നു താഴ്ചയിലാണു വ്യാപാരം തുടങ്ങിയത്. ജപ്പാൻ ഒഴികെയുള്ള ഏഷ്യൻ വിപണികൾ ഇന്നു താഴോട്ടാണു നീങ്ങുന്നത്. ബാങ്ക് ഓഹരികൾ താഴ്ചയുടെ മുന്നിൽ നിന്നു. കുറേ സമയത്തിനു ശേഷം ഓഹരികൾ തിരിച്ചു കയറി. വീണ്ടും താണു. ഈ ചാഞ്ചാട്ടം ഒരു മണിക്കൂറിനു ശേഷവും തുടർന്നു.

അപ്രതീക്ഷിതമായി ഒന്നാം പാദത്തിൽ ലാഭം കാണിച്ച യെസ് ബാങ്ക് ഓഹരി വ്യാപാര തുടക്കത്തിൽ അഞ്ചു ശതമാനം ഉയർന്നു. റിസൽട്ട് പ്രതീക്ഷിക്കുന്ന ആക്സിസ് ബാങ്ക് , കൊട്ടക് മഹീന്ദ്ര ബാങ്ക്, കാര്യമായ തിളക്കമില്ലാത്ത റിസൽട്ട് പുറത്തുവിട്ട ഐസിഐസിഐ ബാങ്ക് തുടങ്ങിയവയും താഴ്ന്നു. എസ്ബിഐയുടെ ഓഹരി വിലയും താണു. ഫെഡറൽ ബാങ്ക് ഒഴികെയുള്ള കേരള ബാങ്കുകളുടെ ഓഹരിവില ഇന്നു തുടക്കത്തിൽ താഴ്ചയിലാണ്.
ചൈനയിൽ സ്കൂൾ വിദ്യാർഥികൾക്ക് ട്യൂഷൻ നൽകുന്ന എഡ്യു ടെക് കമ്പനികൾക്കു കർശന നിയന്ത്രണം പ്രഖ്യാപിച്ചു. കോവിഡ് മഹാമാരിയുടെ കാലത്തു വലിയ വളർച്ച നേടിയ ഈ സംരംഭങ്ങൾക്കു വിദേശത്തു നിന്നു വൻ തോതിൽ മൂലധനം ലഭിച്ചിരുന്നു. ഈ കമ്പനികൾ ലാഭേച്ഛയില്ലാത്ത കമ്പനികളായി മാറണമെന്നു ചൈന പുറത്തിറക്കിയ പുതിയ മാർഗരേഖയിൽ പറയുന്നു. ടെക് കമ്പനികൾക്കും മറ്റുമെതിരായ നടപടികളുടെ തുടർച്ചയാണിത്. ഇന്നു ചൈനീസ്, ഹോങ്കോങ് ഓഹരികൾ കുത്തനെ താഴാൻ ഇതു കാരണമായി. ഇന്ത്യയിലും എഡ്യു ടെക് കമ്പനികൾ സമീപകാലത്തു വലിയ വളർച്ച നേടിയിരുന്നു. വിദ്യാഭ്യാസത്തെ ലാഭക്കച്ചവടമായി മാറ്റുന്നതിനെതിരായ ചൈനീസ് നീക്കം ഇന്ത്യയും അനുകരിക്കുമാേ എന്ന ആശങ്ക ഉണ്ടാകാം.
ഒന്നാം പാദത്തിൽ നഷ്ടം പ്രതീക്ഷിക്കുന്ന ടാറ്റാ മോട്ടാേഴ്സ് ഓഹരിക്ക് ഇന്ന് വില താണു. ഒരു മാസത്തിനകം ഓഹരി വില 15 ശതമാനത്തോളം താഴ്ന്നിട്ടുണ്ട്. മാരുതി സുസുകി ഓഹരിയുടെ വിലയും താഴോട്ടാണ്.
ആദായ നികുതി റെയിഡ് നടന്ന ദൈനിക് ഭാസ്കർ പത്ര-മാധ്യമ ശൃംഖലയുടെ ഉടമകളായ ഡിബി കോർപ് ലിമിറ്റഡിൻ്റെ ഓഹരി ഇന്ന് ഒൻപതു ശതമാനം താണു. വെള്ളിയാഴ്ചയും ഇന്നുമായി 17 ശതമാനത്തോളം ഇടിവാണ് ഓഹരിക്കുണ്ടായത്.സർക്കാരിൻ്റെ അനാസ്ഥ മൂലമുള്ള കോവിഡ് ദുരിതം വിശദമാക്കി റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ച മാധ്യമ ഗ്രൂപ്പാണ് ദൈനിക് ഭാസ്കർ. ഹിന്ദി സംസ്ഥാനങ്ങളിൽ ഏറ്റവും പ്രചാരമുള്ള പത്ര ഗ്രൂപ്പാണിത്.
കഴിഞ്ഞ ദിവസം വലിയ നേട്ടത്തിൽ ലിസ്റ്റ് ചെയ്ത ഫുഡ് ഡെലിവറി സ്റ്റാർട്ടപ് സൊമാറ്റോയുടെ ഓഹരി വില ഇന്നു രാവിലെ രണ്ടു ശതമാനത്തിലേറെ ഉയർന്നു.
ചെമ്പ്, അലൂമിനിയം തുടങ്ങിയ വ്യാവസായിക ലോഹങ്ങളുടെ വില വർധന തുടരുകയാണ്. ഹിൻഡാൽകോ, വേദാന്ത തുടങ്ങിയ കമ്പനികളുടെ ഓഹരി വിലയും ഉയർന്നു.
സ്വർണം വിദേശത്ത് 1808 ഡോളറിലേക്ക് ഉയർന്നു. കേരളത്തിൽ പവന് 80 രൂപ വർധിച്ച് 35,840 രൂപയായി.
ഡോളർ അഞ്ചു പൈസ താണ് 74.40 രൂപയിലാണ് ഇന്നു വ്യാപാരം തുടങ്ങിയത്.




Tags:    

Similar News