അനിശ്ചിതത്വം കടന്നു താഴ്ചയിലേക്ക്

മിഡ് ക്യാപ് ഓഹരികൾ വളരെ വലിയ വീഴ്ചയാണു കാണിച്ചത്

Update: 2022-08-03 05:30 GMT

Representational Image From Pixabay

വിപണിയിലെ അനിശ്ചിതത്വം പ്രകടമാക്കുന്ന തുടക്കമാണ് ഇന്നുണ്ടായത്. ആദ്യം നഷ്ടത്തിലേക്കു നീങ്ങിയ ശേഷം സാവധാനം ചെറിയ നേട്ടത്തിലേക്കു കയറി. പക്ഷേ അവിടെ നിൽക്കാൻ സൂചികകൾക്കു കഴിഞ്ഞില്ല. വീണ്ടും നഷ്ടത്തിലേക്ക് വീണു.

മിഡ് ക്യാപ് ഓഹരികൾ വളരെ വലിയ വീഴ്ചയാണു കാണിച്ചത്.മുഖ്യസൂചികകൾ 0.4 ശതമാനം താഴ്ചയിലായപ്പോൾ മിഡ് ക്യാപ് സൂചിക ഒരു ശതമാനത്തിലധികം ഇടിഞ്ഞു.
എഷ്യൻ വിപണികൾ നേട്ടം തുടരുന്നുണ്ട്. യൂറോപ്യൻ തുടക്കം ഉയർച്ചയിലായാൽ ഇന്ത്യൻ വിപണി ഗതി മാറ്റിയേക്കാം.
ഒരു മണിക്കൂർ പിന്നിടുമ്പോൾ ഐടി മേഖല മാത്രമേ നേട്ടം കാണിക്കുന്നുള്ളു. റിയൽറ്റി, ഓയിൽ‌ - ഗ്യാസ്, ഓട്ടോ, മെറ്റൽ, ബാങ്ക്, ധനകാര്യ സർവീസ്, കൺസ്യൂമർ ' ഡുറബിൾസ്, എഫ്എംസിജി തുടങ്ങിയവയെല്ലാം താഴ്ചയിലാണ്.
ഒന്നാം പാദ റിസൽട്ട് പ്രതീക്ഷ പോലെ വരാതിരുന്നതിനെ തുടർന്ന് സീമെൻസ്, വോൾട്ടാസ്, അരവിന്ദോ ഫാർമ, തെർമാക്സ് തുടങ്ങിയവ മൂന്നു ശതമാനത്തിലധികം താണു. സീമെൻസ് പിന്നീടു നഷ്ടം കുറച്ചു.
സൊമാറ്റോയുടെ 8.4 ശതമാനം ഓഹരി കൈമാറ്റം ചെയ്തത് ഓഹരിവില രണ്ടു ശതമാനത്തിലധികം താഴാൻ കാരണമായി. പിന്നീടു നഷ്ടം കുറഞ്ഞു.
സ്പൈസ്ജെറ്റിൽ 60 ശതമാനം ഓഹരി കൈയിൽ വച്ചിട്ടുള്ള പ്രൊമോട്ടർ അജയ് സിംഗ് തൻ്റെ ഓഹരിയിൽ കുറേ വിൽക്കാൻ ഉദ്ദേശിക്കുന്നതായ റിപ്പോർട്ട് ഓഹരിവില ഏഴു ശതമാനത്തിലധികം കയറ്റി. പിന്നീട് അൽപം താണു. ഒരു പശ്ചിമേഷ്യൻ വ്യോമയാന കമ്പനിയുമായും രാജ്യത്തെ ചില വലിയ ഗ്രൂപ്പുകളുമായും സിംഗ് ചർച്ചയിലാണ്. ഈ നീക്കം കമ്പനിക്കു ഗുണകരമാകാനാണു വഴി.
രൂപ ഇന്നു ദുർബലമായി. ഡോളർ 23 പെസ നേട്ടത്തിൽ 78.76 രൂപയിലാണു വ്യാപാരം തുടങ്ങിയത്. ഡോളർ സൂചിക ഉയരുന്നതും ഇന്ത്യയുടെ വാണിജ്യ കമ്മി വർധിച്ചതും രൂപയ്ക്കു ക്ഷീണമായി.
സ്വർണം രാജ്യാന്തര മാർക്കറ്റിൽ 1769-1770 ഡോളറിലാണ്. കേരളത്തിൽ പവന് 160 രൂപ കുറഞ്ഞ് 37,720 രൂപയായി.


Tags:    

Similar News