പറന്നു പറന്നു ഓഹരി വിപണി

മുഖ്യസൂചികകളിലെ ആവേശം മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളിൽ കാണുന്നില്ല

Update: 2021-09-17 05:24 GMT

ബുൾ നിയന്ത്രണത്തിൽ വിപണി കുതിച്ചുകയറുകയാണ്. സെൻസെക്സ് ഈ ദിവസങ്ങളിൽ തന്നെ 60,000 ലേക്കു പ്രവേശിക്കും എന്ന മട്ടിലാണു കയറുന്നത്. മുഖ്യസൂചികകളിലെ ആവേശം മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളിൽ കാണുന്നില്ല എന്നതാണു രണ്ടു ദിവസമായുള്ള വ്യത്യാസം.

ഉയർന്നു തുടങ്ങിയ വിപണി പിന്നീടു ക്രമമായി കയറി. വ്യാപാരം ഒരു മണിക്കൂർ പിന്നിട്ടപ്പോൾ നിഫ്റ്റി 17,770 നു മുകളിലും സെൻസെക്സ് 59,650 നു മുകളിലുമായി.
ബയോകോണിൻ്റെ ഉപ കമ്പനിയായ ബയാേകോൺ ബയോളജിക്സിൽ വാക്സീൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ 15 ശതമാനം ഓഹരിയെടുത്തു. വാക്സീൻ നിർമാണത്തിലേക്കു പ്രവേശിക്കുകയാണു ലക്ഷ്യം. 30 ശതമാനം ലാഭ മാർജിൻ ഉള്ളതാണ് വാക്സീൻ ബിസിനസ്. ബയോ കോൺ ഓഹരി മൂന്നു ശതമാനം കയറിയിട്ട് അൽപം താണു. കഴിഞ്ഞ ദിവസങ്ങളിൽ ഓഹരി വാങ്ങിക്കൂട്ടിയവർ ഇന്നു വിൽപനക്കാരായതാണു താഴ്ചയ്ക്കു കാരണം.
ടിവിഎസ് മോട്ടോർ യൂറോപ്പിലെ ഇലക്ട്രിക് ടൂ വീലർ വിപണിയിലേക്കു കടക്കുന്നു. ഇതിനായി സ്വിസ് കമ്പനി ഇഗോയുടെ 80 ശതമാനം ഓഹരിയും മാനേജ്മെൻ്റ് നിയന്ത്രണവും 132 കോടി രൂപയ്ക്കു കമ്പനി വാങ്ങി. ഇന്ത്യയിലും ഇലക്ട്രിക് ടൂ -ത്രീ വീലർ രംഗത്തു മുന്നേറാൻ ഇതു ടിവിഎസിനെ സഹായിക്കും. ടിവിഎസ് മോട്ടോർ ഓഹരി രണ്ടു ശതമാനത്തോളം ഉയർന്നു.
തിങ്കളാഴ്ച ടൂ വീലർ വില കൂട്ടുമെന്ന പ്രഖ്യാപനം ഹീറോ മോട്ടോ കോർപ് ഓഹരിയിൽ വലിയ ചലനമുണ്ടാക്കിയില്ല. ഈ മാസമാദ്യം മുതൽ വിലവർധന പ്രതീക്ഷിച്ചിരുന്നതാണു കാരണം.
യെസ് ബാങ്കിന്റെ ഉപകമ്പനിയായ യെസ് അസറ്റ് മാനേജ്മെൻ്റ്, വൈറ്റ് ഓക്ക് കാപ്പിറ്റലിനു വിൽക്കാൻ സെബി അനുമതി നൽകി. യെസ് ബാങ്ക് ഓഹരി ഇന്ന് എട്ടു ശതമാനത്തിലധികം താണു.
ബജാജ് ഹോൾഡിംഗ്സും ധനകാര്യ കമ്പനികളും അടക്കം ബജാജ് ഗ്രൂപ്പിലെ കമ്പനികളെല്ലാം ഇന്നു നല്ല നേട്ടത്തിലാണ്.
സ്റ്റീൽ അടക്കം മെറ്റൽ കമ്പനികൾക്കു വില താണു.
സ്വർണം രാജ്യാന്തര വിപണിയിൽ അൽപം ഉയർന്ന് 1759 ഡോളറിലെത്തി. കേരളത്തിൽ പവനു 480 രൂപ ഇടിഞ്ഞ് 34,720 രൂപയായി. ഓഗസ്റ്റ് 11 നു ശേഷമുള്ള ഏറ്റവും താഴ്ന്ന വിലയാണിത്.
ഡോളർ ഇന്ന് ആറു പൈസ താണ് 73.43 രൂപയിലായി.


Tags:    

Similar News