വീണ്ടും ചാഞ്ചാട്ടം; ബാങ്കുകൾ താഴുന്നു, ടാറ്റ മോട്ടോഴ്സ് ഓഹരി വില ഉയരാൻ കാരണം ഇതാണ്?

ഗ്രീവ്സ് കോട്ടൻ്റെ ഓഹരി വില വീണ്ടും ഉയർന്നു

Update: 2022-01-17 05:37 GMT

Representational image

ചെറിയ നേട്ടത്തോടെയാണു വിപണി ഇന്നു വ്യാപാരം തുടങ്ങിയത്. പക്ഷേ പിന്നീടു ചാഞ്ചാട്ടമായി. ബാങ്ക് ഓഹരികളാണു താഴ്ചയ്ക്കു മുന്നിൽ. മെട്രോ ബ്രാൻഡ്സിൻ്റെ മൂന്നാം പാദ റിസൽട്ട് പ്രതീക്ഷയിലും മെച്ചമായതിനെ തുടർന്ന് ഓഹരി 18 ശതമാനത്തിലധികം ഉയർന്നു.

എച്ച്സിഎൽ ടെക് റിസൽട്ട് പ്രതീക്ഷയോളം വന്നില്ല. ലാഭ മാർജിൻ ഒട്ടും വർധിച്ചില്ല. ഓഹരി വില ഇന്നു രാവിലെ ആറു ശതമാനത്തിലധികം താണു.

ഹിന്ദുജ ഗ്ലോബൽ 1000 കോടി രൂപയ്ക്ക് ഓഹരികൾ തിരിച്ചു വാങ്ങുമെന്നു പ്രഖ്യാപിച്ചു. ഇതിനു ശേഷം ഓഹരി വില അഞ്ചു ശതമാനത്തിലധികം താണു. ജനുവരി തുടക്കത്തിലെ 3600 ൽ പരം രൂപയിൽ നിന്ന് 16 ശതമാനം താഴെയാണ് ഓഹരി ഇപ്പോൾ.

കഴിഞ്ഞയാഴ്ച കമ്പനി പ്രഖ്യാപിച്ച 1:1 ബോണസും 150 രൂപയുടെ പ്രത്യേക ഡിവിഡൻഡും വിപണിയുടെ പ്രതീക്ഷയിലും താഴെയായതാണു കാരണം. എച്ച്ഡിഎഫ്സി ബാങ്കിൻ്റെ റിസൽട്ട് അത്ര മികച്ചതായില്ല. ബാങ്ക് ഓഹരി രാവിലെ താഴ്ചയായിരുന്നു. മറ്റു സ്വകാര്യ ബാങ്കുകളുടെ ഓഹരികളും താഴ്ന്നു.

വൈദ്യുത വാഹനങ്ങളിലേക്കു കൂടുതൽ ശ്രദ്ധ ചെലുത്താനുള്ള ടാറ്റാ മോട്ടോഴ്സ് തീരുമാനത്തെ വിപണി സ്വാഗതം ചെയ്തു. ഓഹരിവില രണ്ടര ശതമാനത്തിലധികം വർധിച്ചു.

വൈദ്യുത സ്കൂട്ടറുകളുടെ ഫാസ്റ്റ് ചാർജിംഗ് ടെക്നോളജി ഉള്ള ആഥർ എനർജിയിൽ ഹീറോ മോട്ടോ കോർപ് 420 കോടി രൂപ നിക്ഷേപിച്ചു. ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പാണ് ആഥർ.

പുതിയ നിക്ഷേപത്തോടെ ആഥറിൽ ഹീറോയുടെ പങ്കാളിത്തം 40 ശതമാനത്തിലധികമായി. മാർച്ചിൽ ഹീറോയുടെ ഇലക്ട്രിക് സ്കൂട്ടർ റോഡിലിറങ്ങുമെന്നാണു പ്രതീക്ഷ. ഹീറോ മോട്ടാേ കോർപിൻ്റെ ഓഹരിവില ആറു ശതമാനത്തോളം ഉയർന്നു.

ഇലക്ട്രിക് ടൂ - ത്രീ വീലർ നിർമാതാക്കളായ ഗ്രീവ്സ് കോട്ടൻ്റെ ഓഹരിവില ഇന്നും കുതിച്ചു. ഒരു മാസത്തിനകം 77 ശതമാനം നേട്ടുണ്ടാക്കിയ ഓഹരി ഇന്ന് എട്ടു ശതമാനത്തോളം കയറി.

വാഹനങ്ങളുടെ വില കൂട്ടിയതിനെ തുടർന്ന് മാരുതി സുസുകി ഓഹരികൾക്ക് മൂന്നു ശതമാനത്തിലധികം നേട്ടമുണ്ടായി. സ്വർണം ലോകവിപണിയിൽ 1818 ഡോളറിലായി. കേരളത്തിൽ വില മാറിയില്ല.

Tags:    

Similar News