വിപണി ഉത്സാഹത്തിൽ, രൂപയും ഉയരുന്നു.
ഐടി - ബാങ്കിംഗ് ഓഹരികളിൽ ലാഭമെടുക്കൽ സമ്മർദ്ദം
ഏഷ്യൻ വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ വിപണി ഇന്നു രാവിലെ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡെറിവേറ്റീവ് വിപണി തുടക്കത്തിൽ കാണിച്ച ആവേശം രാവിലെ വിപണിയിൽ ഉണ്ടായില്ല.
ലാഭമെടുക്കാനായി വിൽക്കുന്നവരുടെ സമ്മർദം ഐടി - ബാങ്കിംഗ് ഓഹരികളിൽ ദൃശ്യമായി.
ചൈനയിലെ ഷാങ്ഹായിയിലും മറ്റും ലോക്ക് ഡൗൺ വന്നത് ഒട്ടേറെ വ്യവസായങ്ങൾ അടച്ചിടാൻ കാരണമായി.ഇത് ഇന്നു രാവിലെ ഏഷ്യൻ വ്യാപാരത്തിൽ വ്യാവസായിക ലോഹങ്ങളുടെ വില താഴാൻ കാരണമായി. ടാറ്റാ സ്റ്റീൽ, ഹിൻഡാൽകോ, വേദാന്ത തുടങ്ങിയവ രാവിലെ താണു.
ക്രൂഡ് ഓയിൽ വില താഴുന്നത് ഒഎൻജിസി അടക്കം ഓയിൽ - ഗ്യാസ് കമ്പനികൾക്കു വിലയിടിച്ചു. മീഡിയ കമ്പനികൾ കുറച്ചു ദിവസത്തെ കുതിപ്പിനു ശേഷം ഇന്നു താഴോട്ടു നീങ്ങി.
ടാറ്റാ സ്റ്റീൽ വൈസ് ചെയർമാനായി നോയൽ ടാറ്റായെ നിയമിച്ചത് ടാറ്റാ ഗ്രൂപ്പിൽ അദ്ദേഹത്തിനു കൂടുതൽ പദവികൾ ലഭിക്കാൻ പോകുന്നതിൻ്റെ സൂചനയായി കരുതപ്പെടുന്നു.1998 മുതൽ ട്രെൻ്റ് ലിമിറ്റഡിനെ നയിച്ച് അതിനെ 330 സ്റ്റാേർ ഉള്ള റീട്ടെയിൽ ചെയിനാക്കിയത് നോയൽ ആണ്. ട്രെൻ്റ്, വോൾട്ടാസ്, ടാറ്റാ ഇൻ്റർനാഷണൽ, ടാറ്റാ ഇൻവെസ്റ്റ്മെൻ്റ് കോർപറേഷൻ എന്നിവയുടെ ചെയർമാനും ടൈറ്റൻ്റെ വൈസ് ചെയർമാനുമാണ്. ടാറ്റാ സൺസിനെ നിയന്ത്രിക്കുന്ന സർ രത്തൻ ടാറ്റാ ട്രസ്റ്റിലും സർ ദൊറാബ്ജി ടാറ്റാ ട്രസ്റ്റിലും ബോർഡ് അംഗമാണ്.
രുചി സോയ ഓഹരി വില രാവിലെ 15 ശതമാനത്തോളം ഉയർന്നു. കമ്പനിയുടെ എഫ്പിഒയുടെ ചില്ലറ അപേക്ഷകർക്ക് അപേക്ഷ പിൻവലിക്കാൻ സെബി അനുമതി നൽകിയിരുന്നു. റീട്ടെയിൽ വിഭാഗത്തിൽ ഓഫർ ചെയ്തിടത്തോളം ഓഹരിക്ക് അപേക്ഷകർ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ രുചി സോയയുടെ ഓഹരിവില താഴോട്ടായിരുന്നു. രുചി സോയയുടെ മുഖ്യ എതിരാളി അഡാനി വിൽമർ ഓഹരിക്കു വില എട്ടു ശതമാനം വർധിച്ചു.
രാജ്യാന്തര വിപണിയിൽ സ്വർണം 1925 ഡോളറിലാണ്. കേരളത്തിൽ പവനു 160 രൂപ കുറഞ്ഞ് 38,200 രൂപയായി.
രൂപ ഇന്നു നേട്ടമുണ്ടാക്കി. ഡോളറിനു 17 പൈസ കുറഞ്ഞ് 75.98 രൂപയിലാണു വ്യാപാരം തുടങ്ങിയത്. ഡോളർ സൂചിക കുറഞ്ഞതാണു കാരണം. പിന്നീട് 75.90 രുപയിലേക്കു താണു.