വൈദ്യുതി കമ്പനികളുടെ ഓഹരി വിലകൾ കുതിക്കുന്നു; കാരണം ഇതാണ്

ഇന്ന് വിപണിയുടെ തുടക്കം തന്നെ ഇന്നലത്തെ നഷ്ടം നികത്തി

Update: 2021-06-09 05:21 GMT

ബാങ്കുകളും സ്റ്റീൽ - ലോഹ കമ്പനികളും തിരിച്ചു കയറി; മുഖ്യസൂചികകൾ ഉയർന്നു.

ചൊവ്വാഴ്ചത്തെ നഷ്ടം നികത്തിയാണു മാർക്കറ്റ് ഇന്നു തുടങ്ങിയത്. ഇടയ്ക്ക് അൽപം താഴോട്ടു പോയ ശേഷം വീണ്ടും തിരിച്ചു കയറി. പിന്നീടു സാവധാനം ഉയർന്നു നീങ്ങി. ഇടയ്ക്കു ലാഭമെടുക്കലിനായുള്ള വിൽപ്പനയുടെ സമ്മർദം സൂചികകളെ താഴ്ത്തി.
നിഫ്റ്റി ബാങ്ക് സൂചിക തലേന്നത്തെ വീഴ്ചയുടെ ആഘാതം മിക്കവാറും പരിഹരിച്ചു. കേരള ബാങ്കുകളിൽ സിഎസ്ബി ഒഴികെ എല്ലാം ഇന്ന് രാവിലെ ഉയർന്നു തുടങ്ങി.
ഫാർമ ഓഹരികളും ഇന്നു കയറി. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ ഇന്നും കയറ്റത്തിലാണ്.
വൈദ്യുതി കമ്പനികളുടെ ഓഹരികൾ ഇന്നും കുതിച്ചു. രാജ്യത്തു വൈദ്യുതിക്ക് ഒരേ നിരക്ക് ഏർപ്പെടുത്താൻ കേന്ദ്രം ഉദ്ദേശിക്കുന്നതായ റിപ്പോർട്ടുകളാണ് വൈദ്യുതി മേഖലയെ ഉത്തേജിപ്പിക്കുന്നത്. അങ്ങനെ വന്നാൽ ഉൽപാദക കമ്പനികൾക്ക് കുടിശികയുടെ പ്രശ്നം ഒഴിവാകും. പക്ഷേ 'ഒരു രാജ്യം, ഒരു നിരക്ക് ' നടപ്പാക്കലിനു രാഷ്ടീയ തടസങ്ങൾ പലതും മറികടക്കണം. അഡാനി പവർ ഇന്നും 10 ശതമാനം ഉയർന്നു. റിലയൻസ് പവർ പോലെ നഷ്ടത്തിലുള്ള വൈദ്യുതി കമ്പനികളും ഉയർച്ചയിലാണ്.
അനിൽ അംബാനിയുടെ റിലയൻസ് എഡിഎജി ഗ്രൂപ്പ് കമ്പനികളെല്ലാം ഈ ദിവസങ്ങളിൽ ഉയരുന്നുണ്ട്. റിലയൻസ് ഇൻഫ്രയിൽ 500 കോടി രൂപ നിക്ഷേപിക്കാൻ അനിൽ അംബാനി തീരുമാനിച്ചതിനെ തുടർന്നാണ് ഇവയുടെ കയറ്റം. റിലയൻസ് ഇൻഫ്രയ്ക്കും റിലയൻസ് കമ്യൂണിക്കേഷൻസിനും നല്ല കയറ്റമുണ്ട്.
ചൊവ്വാഴ്ച 12 ശതമാനത്തോളം ഉയർന്ന കിറ്റെക്സ് ഓഹരികൾക്ക് ഇന്നും വില കൂടി.
തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്തു കോവിഡ് ബാധ ഒരു ലക്ഷത്തിനു താഴെയായി. കോവിഡ് രണ്ടാം തരംഗം അവസാനിക്കുകയാണെന്നു നിരീക്ഷകർ കരുതുന്നു.
ഡോളർ ഇന്നു ചെറിയ കയറ്റത്തിലാണ്. ഒരു പൈസ കയറി 72.90 രൂപയിലാണ് ഓപ്പൺ ചെയ്തത്. പിന്നീട് 72.96 രൂപ വരെ കയറി.
ക്രൂഡ് ഓയിൽ വില വീണ്ടും കൂടി.ബ്രെൻ്റ് ബനം വീപ്പയ്ക്ക് 72.63 ഡോളർ ആയി.
സ്വർണം വിദേശത്ത് 1894 ഡോളറിലാണ്. കേരളത്തിൽ സ്വർണ വിലയ്ക്കു മാറ്റമില്ല.


Tags:    

Similar News