ബാങ്കുകൾ വിപണിയെ താഴ്ത്തുന്നു; ബന്ധൻ ബാങ്ക് ഓഹരിക്ക് സംഭവിക്കുന്നത് എന്ത്?

കിറ്റെക്സ് ഓഹരി വില ഇന്നും താഴ്ന്നു

Update:2021-07-16 11:07 IST

ബാങ്ക് ഓഹരികളിൽ വലിയ വിൽപന സമ്മർദം ഉണ്ടായെങ്കിലും ഇന്നു വിപണി ഉയർച്ചയോടെയാണു വ്യാപാരം തുടങ്ങിയത്. പിന്നീടു ചാഞ്ചാട്ടമായിരുന്നു. ഒരു മണിക്കൂറിനു ശേഷം മുഖ്യസൂചികകൾ തലേന്നത്തേക്കാൾ നേരിയ താഴ്ചയിലാണു വ്യാപാരം.

ബാങ്ക് ഓഹരികളുടെ ഉയർച്ചതാഴ്ചകൾക്കനുസരിച്ചു മുഖ്യസൂചികകളും കയറിയിറങ്ങുന്നതാണ് ഇന്നു വിപണിയിൽ കണ്ടത്. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക് തുടങ്ങിയവ താഴാേട്ടു പോയി. എന്നാൽ എച്ച്ഡിഎഫ്സി ബാങ്ക് ഉയർന്നു.
നിക്ഷേപത്തിലും വായ്പാ വിതരണത്തിലും കുറവു വന്ന ബന്ധൻ ബാങ്ക് ഓഹരികൾ ഇന്നു രണ്ടര ശതമാനത്തോളം താണു. മറ്റു ചില സ്മോൾ ഫിനാൻസ് ബാങ്കുകളുടെയും ഓഹരികൾ താണു.
ഇൻഫി, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക് തുടങ്ങിയ പ്രമുഖ ഐടി കമ്പനികളുടെ ഓഹരികൾ ഇന്നു താഴ്ചയിലാണ്. എന്നാൽ ടി സി എസ് ഉയർന്നു.
സി എസ് ബി ബാങ്കിൻ്റെയും ധനലക്ഷ്മി ബാങ്കിൻ്റെയും ഓഹരികൾ ഇന്നു നല്ല നേട്ടത്തോടെയാണു വ്യാപാരം തുടങ്ങിയത്. ഫെഡറൽ ബാങ്കും സൗത്ത് ഇന്ത്യൻ ബാങ്കും തുടക്കത്തിൽ താണു.
വ്യാഴാഴ്ച പത്തു ശതമാനം ഇടിഞ്ഞ കിറ്റെക്സ് ഗാർമെൻ്റ്സ് ഇന്നു രാവിലെയും താഴ്ന്നാണു തുടങ്ങിയത്. ഇന്നലെ 24.05 രൂപയിൽ നിന്ന് 183.65 രൂപയിലേക്ക് താണിരുന്നു. ഇന്നു തുടക്കത്തിൽ 6.75 ശതമാനം താണ് 171.3 രൂപയിലെത്തിയ ഓഹരി പിന്നീടു 176.55 രൂപയിലേക്കു കയറി.
ഐടി, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മേഖലകളിലുള്ള ഡാറ്റാമാറ്റിക്സ് ഗ്ലോബൽ സൊലൂഷൻസ് ഇന്നും ഉയർന്നു. ഒരു വർഷം മുൻപ് 48.25 രൂപയിലായിരുന്ന ഓഹരിയുടെ വില ഇപ്പോൾ 259 രൂപയാണ്. കുറച്ചു ദിവസങ്ങളായി ദിവസം പത്തും പതിനഞ്ചുo ശതമാനം വീതം ഇതിൻ്റെ വില കയറുന്നുണ്ട്. കടമില്ലാത്ത കമ്പനി ഈയിടെ ചില ഏറ്റെടുക്കലുകൾ പ്രഖ്യാപിച്ചിരുന്നു.
ആഗാേള വിപണിയിൽ സ്വർണം ഔൺസിന് 1827 ഡോളറിലേക്കു താണു. കേരളത്തിൽ പവന് 80 രൂപ വർധിച്ച് 36,200 രൂപയായി.


Tags:    

Similar News