ഓഹരി വിപണിയിൽ അനിശ്ചിത തുടക്കം, പിന്നെ ഉയർച്ച; രാസവള മേഖല കുതിച്ചു
കുതിച്ചു മുന്നറി എസ് ആർ എഫ് ഓഹരി വില
വിപണി അനിശ്ചിതത്വം കാണിച്ചു കൊണ്ടാണ് ഇന്നു വ്യാപാരം തുടങ്ങിയത്. ചെറിയ ഉയരത്തിൽ തുടങ്ങിയ ശേഷം താഴോട്ട് പോയി. പിന്നീടു ഗണ്യമായ ഉയരത്തിലെത്തി. ഒരു മണിക്കൂർ പിന്നിടുമ്പോൾ സെൻസെക്സ് 115 പോയിൻറും നിഫ്റ്റി 38 പോയിൻ്റും ഉയരത്തിലാണ്. പിന്നീടും ചാഞ്ചാട്ടം തുടരുമെന്നാണു സൂചന. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ ഉയർച്ചയിലാണ്.
ബാങ്ക് ഓഹരികളാണു ചാഞ്ചാട്ടത്തിനു മുന്നിൽ നിന്നത്. ഐസിഐസിഐ ബാങ്ക്, എസ്ബിഐ എന്നിവ ഒരു ശതമാനം വീതം താണു.കേരളത്തിൽ നിന്നുള്ള നാലു ബാങ്കുകളുടെയും ഓഹരി ഇന്നു രാവിലെ ഉയർന്നു.
സ്പെഷാലിറ്റി കെമിക്കൽസിൻ്റെ കയറ്റുമതിയിലെ കുതിപ്പും പാക്കേജിംഗ് ഫിലിം വിപണിയിലെ ഉയർന്ന മാർജിനും എസ് ആർ എഫ് ലിമിറ്റഡിൻ്റെ ഒന്നാം പാദ ലാഭം കുത്തനെ ഉയർത്തി. കഴിഞ്ഞ കുറേ പാദങ്ങളിൽ തുടർച്ചയായി വിറ്റുവരവും ലാഭവും ലാഭ മാർജിനും വർധിപ്പിക്കുന്ന കമ്പനിയാണ് എസ് ആർ എഫ്. ഒരു വർഷത്തിനിടെ വില ഇരട്ടിച്ച എസ് ആർ എഫ് ഓഹരി ഇന്നു രാവിലെ എട്ടു ശതമാനം ഉയർന്നു.
ചൈന രാസവള കയറ്റുമതി താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന റിപ്പോർട്ട് രാസവള കമ്പനികളുടെ ഓഹരിവില ഉയരാൻ കാരണമായി. രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് (ആർസിഎഫ്) 8.7 ശതമാനം ഉയർന്നു. എഫ്എസിടി ഓഹരികൾക്കു 6.4 ശതമാനം നേട്ടമുണ്ടായി. ദീപക് നൈട്രൈറ്റ് ഏഴു ശതമാനവും മദ്രാസ് ഫെർട്ടിലൈസേഴ്സ് എട്ടു ശതമാനവും എൻഎഫ്എൽ ആറു ശതമാനവും കയറി. ചമ്പൽ ഫെർട്ടിലൈസേഴ്സ് ഏഴു ശതമാനം ഉയർന്നു.
ലാഭത്തോതു കുറഞ്ഞത് മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസിൻ്റെ ഓഹരി വില 7.35 ശതമാനം താഴ്ത്തി. ഹൗസിംഗ് ഫിനാൻസിൽ കമ്പനിക്കു ക്ഷീണം നേരിട്ടു.
ലോകവിപണിയിൽ സ്വർണം ഔൺസിന് 1827 ഡോളറിലാണ്. കേരളത്തിൽ പവന് 280 രൂപ ഉയർന്ന് 36,200 രൂപ ആയി. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്.
ക്രൂഡ് ഓയിൽ 76.3 ഡോളറിൽ നിന്നു 75.65 ഡോളറിലേക്കു താണു.
ഡോളർ ഒരു പൈസ താണ് 74.27 രൂപയിൽ വ്യാപാരം തുടങ്ങി.