ഓഹരി വിപണി താഴ്ചയിൽ; മിഡ്- സ്മോൾ ക്യാപ് ഓഹരികൾ തിരുത്തലിൽ

കിറ്റെക്സ്‌ ഓഹരി വില ഇന്നും താഴ്ന്നു

Update: 2021-08-11 05:41 GMT

ഉയർന്നു തുടങ്ങിയിട്ടു താഴോട്ട്. വിപണി ഇന്നു വിൽപന സമ്മർദത്തിലാണ്. വ്യാപാരം ഒരു മണിക്കൂർ പിന്നിടുമ്പോൾ നിഫ്റ്റി 70 പോയിൻ്റും സെൻസെക്സ് 250 പോയിൻ്റും താഴ്ചയിലായി.

മിഡ് - സ്മോൾ ക്യാപ് ഓഹരികളിൽ കനത്ത ഇടിവാണു രാവിലെ ഉണ്ടായത്. നിഫ്റ്റി മിഡ് ക്യാപ് 100 സൂചിക ഒരു മണിക്കൂറിനകം 560 പോയിൻ്റ് ഇടിഞ്ഞു.
നിഫ്റ്റി കാൽ ശതമാനം താണപ്പോൾ മിഡ് ക്യാപ് 100 സൂചിക 1.75 ശതമാനവും സ്മോൾ ക്യാപ് സൂചിക 2.6 ശതമാനവും വീണു.
കഴിഞ്ഞ ദിവസങ്ങളിൽ സൂചികകളുടെ കുതിപ്പിനു മുന്നിൽ നിന്ന ബാങ്കുകളും ധനകാര്യ കമ്പനികളും ഇന്നു താഴാേട്ടുള്ള യാത്രയിലും മുന്നിലാണ്. റിയൽറ്റി, ഫാർമ, മീഡിയ, ഓട്ടോ, എഫ്എംസിജി, ഹെൽത്ത് കെയർ, കൺസ്യൂമർ ഡ്യുറബിൾസ് തുടങ്ങിയവയെല്ലാം രാവിലെ താഴാേട്ടാണ്. ലോക വിപണിയിൽ ലോഹങ്ങളുടെ വില വർധിച്ചത് മെറ്റൽ ഓഹരികളുടെ വില ഉയർത്തി.
മിഡ് - സ്മോൾ ക്യാപ് ഓഹരികളിൽ നിന്നു വിറ്റൊഴിയാൻ നിക്ഷേപകരും ഫണ്ടുകളും മത്സരിക്കുകയാണ്. അവയിൽ ഒരു തിരുത്തൽ പ്രതീക്ഷിക്കാം.
മണപ്പുറം ജനറൽ ഫിനാൻസ് ഓഹരികൾ 10 ശതമാനം ഇടിഞ്ഞു. കമ്പനി ഇന്നലെ 18 ശതമാനം അറ്റാദായ വർധന ഉള്ള ഒന്നാം പാദ റിസൽട്ട് പുറത്തുവിട്ടിരുന്നു. കമ്പനിയുടെ സ്വർണ ആസ്തി അളവിലും മൂല്യത്തിലും കുറഞ്ഞതാണ് താഴ്ചയ്ക്കു കാരണം.
കേരളത്തിൽ നിന്നുള്ള നാലു ഷെഡ്യൂൾഡ് ബാങ്കുകളുടെയും ഓഹരി വില ഇന്നു രാവിലെ താണു. സൗത്ത് ഇന്ത്യൻ ബാങ്കിൻ്റേത് അഞ്ചു ശതമാനം ഇടിഞ്ഞു.
കിറ്റെക്സ് ഗാർമെൻ്റ്സിൻ്റെ ഓഹരി വില ഇന്നു രാവിലെ 5.3 രൂപ താണ് 143 രൂപയിലെത്തി. അഞ്ചു ദിവസം കൊണ്ട് ഓഹരി വില 14 ശതമാനത്തോളം താണു.
ലോക വിപണിയിൽ സ്വർണം ഔൺസിന് 1733 ഡോളറിലേക്ക് ഉയർന്നു. കേരളത്തിൽ പവൻ വില 34,680 രൂപയിൽ തുടരുന്നു.
ഡോളർ ഇന്നു തുടക്കത്തിൽ രണ്ടു പൈസ നേട്ടമുണ്ടാക്കിയെങ്കിലും പിന്നീടു താണു. 74.38 രൂപയിലേക്കാണ് താഴ്ച.


Tags:    

Similar News