ഓഹരി വിപണി ആവേശത്തിൽ; രൂപയും കയറി

അരമണിക്കൂറിനകം സെൻസെക്സ് 1300 പോയിന്റ് ഉയർന്നു. നിഫ്റ്റി 400 പോയിന്റ് കയറി

Update:2022-02-25 11:21 IST

ഇന്നു രാവിലെ ആവേശത്തോടു കൂടിയാണു വിപണി പ്രവർത്തനമാരംഭിച്ചത്. വ്യാഴാഴ്ചത്തെ തകർച്ച ഒരു അപവാദമായി നിർത്തണം എന്ന വാശിയോടെ വിപണി സജീവമായി.എണ്ണൂറോളം പോയിന്റ് ഉയർന്നു വ്യാപാരം തുടങ്ങിയ സെൻസെക്സ് പിന്നീട് നേട്ടം കൂടുതൽ ഉയർത്തി. അരമണിക്കൂറിനകം സെൻസെക്സ് 1300 പോയിന്റ് ഉയർന്നു. നിഫ്റ്റി 400 പോയിന്റ് കയറി. എല്ലാ വ്യവസായ മേഖലകളും കയറ്റത്തിലാണ്. മിഡ്ക്യാപ് സൂചിക നാലു ശതമാനത്തിലേറെ ഉയർന്നു. സ്മോൾ ക്യാപ് സൂചിക 5% നേട്ടമുണ്ടാക്കി. മെറ്റൽ പൊതുമേഖലാ ബാങ്ക് ഓഹരികളാണ് ഇന്ന് വലിയ നേട്ടം ഉണ്ടാക്കിയത്.

കിർലോസ്കർ ഫെറസിന് ഐ എസ്എംടി കമ്പനി ഏറ്റെടുക്കാൻ കോമ്പറ്റീഷൻ കമ്മീഷന്റെ അനുമതി ലഭിച്ച വാർത്ത കമ്പനിയുടെ ഓഹരി 7% ഉയരാൻ കാരണമായി.
യുണൈറ്റഡ് ഫോസ്ഫറസ് ഓഹരികൾ തിരിച്ചുവാങ്ങാൻ ഉദ്ദേശിക്കുന്നു. മാർച്ച് രണ്ടിന് ബോർഡ് യോഗം തിരിച്ചു വാങ്ങൽ വിലയും അനുപാതവും തീരുമാനിക്കും. ഓഹരി വില നാലു ശതമാനം കയറി.
ടാറ്റാ പവർ താമസിയാതെ വിപണിയിൽ നിന്നു ധനസമാഹരണം നടത്തും. സൗരോർജം അടക്കം ഹരിത ഊർജ പരിപാടികൾക്കു വേണ്ടിയാണിത്. കമ്പനിയുടെ ഓഹരി വില എട്ടു ശതമാനത്തോളം ഉയർന്നു.
സ്വർണ്ണം അന്താരാഷ്ട്ര വിപണിയിൽ 1815 ഡോളറിലേക്ക് നീങ്ങി. കേരളത്തിൽ പവന് 320 രൂപ കുറഞ്ഞ് 37,480 രൂപയായി.
രൂപ ഇന്ന് കരുത്തു കാണിച്ചു. ഡോളറിന് 35 പൈസ കുറഞ്ഞ് 75.30 രൂപയായി.


Tags:    

Similar News