താഴ്ചയോടെ തുടക്കം; പിന്നീട് ചാഞ്ചാട്ടം

നാമമാത്ര ഉയര്‍ച്ച കാണിച്ച ഫാര്‍മ, ഹെല്‍ത്ത് കെയര്‍ ഒഴികെ എല്ലാ വ്യവസായ വിഭാഗങ്ങളും വീഴ്ചയിലായി

Update: 2022-06-06 05:49 GMT

ചെറിയ താഴ്ചയില്‍ തുടങ്ങിയിട്ട് കൂടുതല്‍ താഴോട്ടു നീങ്ങി. പിന്നീടു തിരിച്ചു കയറാന്‍ ശ്രമം.ഇന്ത്യന്‍ വിപണി ഇന്ന് മറ്റ് ഏഷ്യന്‍ വിപണികളില്‍ നിന്നു വേറിട്ടുനിന്നു. തുടക്കത്തില്‍ നഷ്ടത്തിലായിരുന്ന ഏഷ്യന്‍ വിപണികള്‍ പിന്നീട് നേട്ടത്തിലായി. ഇന്ത്യന്‍ വിപണിയില്‍ വ്യാപാരം അര മണിക്കൂര്‍ പിന്നിടുമ്പോള്‍ നിഫ്റ്റി 16,500-നും സെന്‍സെക്‌സ് 55,500നും താഴെയായി. പക്ഷേ പിന്നീടു തിരിച്ചു കയറി നഷ്ടം കുറച്ചു.

നാമമാത്ര ഉയര്‍ച്ച കാണിച്ച ഫാര്‍മ, ഹെല്‍ത്ത് കെയര്‍ ഒഴികെ എല്ലാ വ്യവസായ വിഭാഗങ്ങളും ഇന്ന് വീഴ്ചയിലായി. മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളില്‍ കൂടുതല്‍ വലിയ ഇടിവു കണ്ടു. ക്രൂഡ് ഓയില്‍ വില 120 ഡോളറിനു മുകളില്‍ എത്തിയതോടെ ഒഎന്‍ജിസി, ഓയില്‍ ഇന്ത്യ എന്നിവയുടെ ഓഹരിവില രണ്ടര ശതമാനത്തോളം ഉയര്‍ന്നു.
ഇരുമ്പയിര് വില ടണ്ണിന് 1100 രൂപ കുറയ്‌ക്കേണ്ടി വന്നത് എന്‍എംഡിസിയുടെ വില നാലു ശതമാനത്തോളം ഇടിച്ചു. വെള്ളിയാഴ്ച യുഎസ് ടെക് കമ്പനികളില്‍ വില്‍പ്പന സമ്മര്‍ദം ഉണ്ടായത് ഇന്ന് ഐടി ഓഹരികളില്‍ ആവര്‍ത്തിച്ചു. ടിസിഎസും ഇന്‍ഫിയും അടക്കം ഈ മേഖലയിലെ മുന്‍നിര കമ്പനികള്‍ എല്ലാം രണ്ടോ മൂന്നോ ശതമാനം ഇടിഞ്ഞു.
ബാങ്ക്, ധനകാര്യ കമ്പനികളും ഇന്നു നഷ്ടത്തിലാണ്. ഡോളര്‍ ഒരു പൈസ നഷ്ടത്തില്‍ 77.62 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 77.67 രൂപയിലേയ്ക്ക് ഡോളര്‍ കയറി.സ്വര്‍ണം ലോക വിപണിയില്‍ 1855 ഡോളറിലേക്കു കയറി. കേരളത്തില്‍ പവന് 80 രൂപ കയറി 38,280 രൂപയായി. 10 വര്‍ഷ കടപ്പത്രങ്ങളുടെ വില വീണ്ടും താണു. നിക്ഷേപ നേട്ടം 7.5 ശതമാനത്തിനു മുകളില്‍ വരുന്ന വിധമാണു വില താണത്.



Tags:    

Similar News