കുതിച്ചു കയറി സൂചികകൾ; പേയ്‌ടിഎം ഓഹരി വില 450 രൂപയിലെത്തുമോ?
പോളിസി ബസാർ ഓഹരി ഇന്ന് പത്തു ശതമാനത്തോളം ഉയർന്നു
വിദേശ വിപണികളുടെ പിന്നാലെ ഇന്ത്യൻ ഓഹരി വിപണിയും ഇന്നു മികച്ച നേട്ടത്തോടെ തുടങ്ങി. സെൻസെക്സ് 800 പോയിൻ്റും നിഫ്റ്റി 225 പോയിൻ്റും ഉയരത്തിൽ വ്യാപാരം തുടങ്ങി. പിന്നീടു ചെറിയ ചാഞ്ചാട്ടത്തോടെ വീണ്ടും ഉയർന്നു. ഒരു മണിക്കൂറിനകം സെൻസെക്സ് 1000 പോയിൻ്റിലേറെ ഉയർന്ന് 57,820 പോയിൻ്റിനും നിഫ്റ്റി 280 ലേറെ പോയിൻ്റ് കയറി 17, 250 നും മുകളിലായി.
എല്ലാ വ്യവസായ മേഖലകളും ഇന്ന് ഉയർന്നു. ബാങ്കുകളും ധനകാര്യ കമ്പനികളും നേട്ടത്തിനു മുന്നിൽ നിന്നു.
യുഎസ് ഫെഡിൻ്റെ പലിശ കൂട്ടലിനോടു വിദേശ വിപണികൾ അനുകൂലമായാണു പ്രതികരിച്ചത്.ഇന്ത്യൻ വിപണിയും അങ്ങനെ തന്നെ പ്രതികരിച്ചു.
ബുധനാഴ്ച കുറേ ഉയർന്ന വൺ 97 കമ്യൂണിക്കേഷൻസ് (പേയ്‌ടിഎം) ഇന്നു വീണ്ടും താഴോട്ടു നീങ്ങി. രാവിലെ മൂന്നു ശതമാനത്തോളം താണു. ഓഹരി വില 450 രൂപയിലേക്കു താഴുമെന്ന് മക് കാറീയുടെ അനലിസ്റ്റ് സുരേഷ് ഗണപതി വിലയിരുത്തി. തുടക്കം മുതലേ ഈ ഓഹരിയെ വിശകലനം ചെയ്തു വരുന്നയാളാണ് അദ്ദേഹം.
പോളിസി ബസാർ (പിബി ഫിൻടെക്) ഓഹരി ഇന്ന് പത്തു ശതമാനത്തോളം ഉയർന്നു.
രൂപ ഇന്നും നേട്ടമുണ്ടാക്കി. ഡോളർ 31 പൈസ താണ് 75.95 രൂപയിലാണു വ്യാപാരം തുടങ്ങിയത്. പിന്നീട് 75.91 രൂപയിലേക്കു താണു.
സ്വർണം രാജ്യാന്തര വിപണിയിൽ 1938 ഡോളറിലേക്കു കയറി. കേരളത്തിൽ പവനു 120 രൂപ കൂടി 37,960 രൂപയായി.