ആശ്വാസറാലി കരുത്തോടെ; മെറ്റലും ഐടിയും തിരിച്ചു കയറി

അശോക് ലെയ്‌ലന്‍ഡ് ഓഹരി വില ഏഴ് ശതമാനം ഉയര്‍ന്നു

Update:2022-05-20 10:30 IST

പ്രതീക്ഷ പോലെ ആശ്വാസ റാലിയിലേക്ക് ഇന്ത്യന്‍ വിപണി പ്രവേശിച്ചു. തുടക്കം ഒരു ശതമാനം കയറ്റത്തിലായിരുന്നു. പിന്നീട് രണ്ടു ശതമാനം വരെ ഉയര്‍ന്നു. സെന്‍സെക്‌സ് 1100 പോയ്ന്റും നിഫ്റ്റി 350 പോയ്ന്റും കയറി. പിന്നീട് അല്‍പ്പം താണു. മെറ്റല്‍, ഐടി കമ്പനികള്‍ ഇന്ന് ശക്തമായ തിരിച്ചുവരവ് നടത്തി. മെറ്റല്‍ നിഫ്റ്റി സൂചിക മൂന്നര ശതമാനം നേട്ടത്തിലായി. ബാങ്ക്, ധനകാര്യ, വാഹന ഓഹരികള്‍ക്കും നല്ല നേട്ടമുണ്ട്. റിലയന്‍സും ഇന്ന് നേട്ടത്തിലായി.

മികച്ച റിസല്‍ട്ടും വാണിജ്യ വാഹന ഡിമാന്‍ഡ് വര്‍ധിക്കുമെന്നതും അശോക് ലെയ്‌ലന്‍ഡ് ഓഹരിയെ ഏഴു ശതമാനത്തോളം ഉയര്‍ത്തി. എംഡിയും സിഇഒയുമായ പി.എന്‍ വാസുദേവന്‍ രാജിവെച്ചത് ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഓഹരി ആറു ശതമാനത്തോളം ഇടിയാന്‍ കാരണമായി. കമ്പനിയുടെ സ്ഥാപകനായ ഇദ്ദേഹത്തിനു പിന്‍ഗാമിയെ കണ്ടെത്താന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ധര്‍മ സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ വേണ്ടിയാണു വാസുദേവന്‍ രാജി വച്ചത്.
നാലാം പാദത്തില്‍ കൂടുതല്‍ നഷ്ടം വന്നതും നിഷ്‌ക്രിയ ആസ്തി വര്‍ധിച്ചതും സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഓഹരിവില ഏഴു ശതമാനത്തോളം താഴ്ത്തി. നൊവാര്‍ട്ടിസ് ഇന്ത്യയുടെ ലാഭ മാര്‍ജിന്‍ കുത്തനെ ഇടിഞ്ഞത് ഓഹരിവില എഴു ശതമാനത്തോളം താഴ്ത്തി.ഡോ. റെഡ്ഡീസ് ലാബ്‌സിന്റെ നാലാംപാദ റിസല്‍ട്ട് പ്രതീക്ഷയും നന്നായി. ഒപ്പം വടക്കേ അമേരിക്കയില്‍ വില്‍പ്പന വര്‍ധിക്കുമെന്ന സൂചനയുമുണ്ട്. ഓഹരിവില മൂന്നര ശതമാനം കയറി.
ചൈന ഭവന വായ്പയുടെ പലിശ നിരക്ക് കുറച്ചത് റിയല്‍റ്റി മേഖലയെ സഹായിക്കും. ചില കമ്പനികള്‍ പാപ്പര്‍ നടപടിയില്‍ നിന്ന് ഒഴിവാകാന്‍ അവസരം നല്‍കും. ചൈനീസ് നടപടി വിവിധ ഏഷ്യന്‍ വിപണികളെ സഹായിച്ചു. ഡോളറിന് ഇന്നു നിരക്ക് താണു. ഇന്നലെ 77.73 രൂപ വരെ കയറിയ ഡോളര്‍ ഇന്നു തുടങ്ങിയത് 77.52 രൂപയില്‍. പിന്നീട് 77.50 രൂപയായി. ലോക വിപണിയില്‍ സ്വര്‍ണം 1841 ഡോളറില്‍ എത്തി. കേരളത്തില്‍ പവനു 320 രൂപ വര്‍ധിച്ച് 37,360 രൂപയായി.



Tags:    

Similar News