വമ്പന്‍ ഓര്‍ഡറുകളുമായി ഈ എന്‍ജിനീയറിംഗ് കമ്പനി, ഓഹരിയില്‍ മുന്നേറ്റത്തിന് സാധ്യത

10,000 കോടി രൂപയുടെ ഓഹരികള്‍ തിരിച്ചുവാങ്ങുന്നു, 65,500 കോടി രൂപയുടെ പുതിയ ഓര്‍ഡറുകള്‍

Update: 2023-09-15 12:30 GMT

Image by Canva

പ്രമുഖ എന്‍ജിനീയറിംഗ് കമ്പനിയായ ലാര്‍സെന്‍ & ടൂബ്രോ (Larsen & Toubro Ltd) 2023-24 കാലയളവില്‍ വലിയ ഓര്‍ഡറുകള്‍ കരസ്ഥമാക്കി. വരുമാനത്തിലും ലാഭത്തിലും മികച്ച വളര്‍ച്ച നേടിയ സാഹചര്യത്തില്‍ ഓഹരിയില്‍ മുന്നേറ്റം പ്രതീക്ഷിക്കാം:

1. 2023-24 ജൂണ്‍ പാദത്തില്‍ വരുമാനം 33.6% വര്‍ധിച്ച് 47,882.4 കോടി രൂപയായി. നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള ലാഭം (EBITDA) 23.22% വര്‍ധിച്ച് 4868.6 കോടി രൂപയായി. EBITDA മാര്‍ജിന്‍ 10.2 ശതമാനമായി കുറഞ്ഞു.
2. സൗദി അരാംകോയുടെ 33,260 കോടി രൂപയുടെ കരാര്‍ ലഭിച്ചു. പാരമ്പര്യേതര പ്രകൃതി വാതക ഉത്പാദന കേന്ദ്രം സ്ഥാപിക്കാനുള്ള കരാറാണ് ലഭിച്ചത്. തുടക്കത്തില്‍ വാതക സംസ്‌കരണ കേന്ദ്രം സ്ഥാപിക്കും. യു.എ.ഇയില്‍ നിന്ന് വൈദ്യുതി മേഖലയില്‍ പ്രക്ഷേപണം, വിതരണം എന്നിവ നടപ്പാക്കാനുള്ള കരാറുകള്‍ ലഭിച്ചു. സൗദി, ഖത്തര്‍ എന്നിവിടങ്ങളില്‍ നടപ്പാക്കുന്ന പദ്ധതികളില്‍ അധിക ഓര്‍ഡറുകള്‍ ലഭിച്ചു.
3. ഓഹരി തിരിച്ചു വാങ്ങാനായി 10,000 കോടി രൂപ ചെലവഴിക്കും. നേരത്തെ ഒരു ഓഹരി 3,000 രൂപക്ക് വാങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നത് 3,200 രൂപയായി വര്‍ധിപ്പിച്ചു. ഓഹരികള്‍ തിരിച്ചുവാങ്ങുന്നതിലൂടെ ഓഹരി ഉടമകള്‍ക്ക് മെച്ചപ്പെട്ട ആദായം ലഭിക്കും.
4. 2023-24ലെ ഇനിയുള്ള 3 ത്രൈമാസങ്ങളില്‍ 10 ലക്ഷം കോടി രൂപയുടെ ഓര്‍ഡറുകള്‍ ടെന്‍ഡറുകളില്‍ പങ്കെടുത്ത് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വര്‍ഷം ലഭിച്ച വലിയ ഓർഡറുകളില്‍ ഓസ്ട്രേലിയയില്‍ നിന്ന് രാസവസ്തുക്കളുടെ പ്ലാന്റ് സ്ഥാപിക്കാനുള്ളതും ബംഗ്ലാദേശില്‍ ഫാക്റ്ററികളും കെട്ടിടങ്ങളും സ്ഥാപിക്കാനുള്ളതും ഉള്‍പ്പെടുന്നു. ജൂണ്‍ 2023 അവസാനത്തില്‍ 4 ലക്ഷം കോടി രൂപയുടെ ഓര്‍ഡറുകള്‍ നടപ്പാക്കാനുണ്ട്.
5. നിര്‍മാണ- പ്രോജക്ട്‌സ് ബിസിനസില്‍ നിന്നുള്ള വരുമാനം 49% വര്‍ധിച്ച് 32,700 കോടി രൂപയായി. മൊത്തം വരുമാനത്തിന്റെ 40% വിദേശ പ്രോജക്ടുകളില്‍ നിന്നാണ്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില - 3,302 രൂപ
നിലവില്‍ - 2,918 രൂപ
Stock Recommendation by Prabhudas Lilladher.

(Equity investing is subject to market risk. Always do your own research or consult a financial expert before investing)

Tags:    

Similar News