വസ്ത്ര കയറ്റുമതിയില്‍ വന്‍ വളര്‍ച്ചാ സാധ്യത, ഈ ഓഹരി 44 % ഉയര്‍ന്നേക്കും
പുതിയ നിക്ഷേപത്തിലൂടെ 800 മുതല്‍ 900 കോടി രൂപയുടെ അധിക വിറ്റുവരവാണ് കമ്പനി ലക്ഷ്യമിടുന്നത്
ലോകത്തെ പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് വസ്ത്രം നിര്‍മിച്ച് നല്‍കുന്ന സ്ഥാപനമാണ് ഗോകല്‍ ദാസ് എക്‌സ്‌പോര്ട്‌സ് (Gokaldas Exports Ltd). കഴിഞ്ഞ വര്‍ഷങ്ങളില്‍ മികച്ച വരുമാന വളര്‍ച്ച നേടാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. 2021-22 മുതല്‍ 2024-25 വരെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 370 കോടി രൂപയുടെ മൂലധന ചെലവ് പ്രതീക്ഷിക്കുന്നു.
പുതിയ നിക്ഷേപത്തിലൂടെ 800 മുതല്‍ 900 കോടി രൂപയുടെ അധിക വിറ്റുവരവ് നേടാന്‍ സാധിക്കും. ഉല്‍പ്പാദന കേന്ദ്രം തുടങ്ങാനും നിലവിലുള്ളവയുടെ ശേഷി വര്‍ധിപ്പിക്കാനുമാണ് പദ്ധതിയിട്ടിരിക്കുന്നത്. 160 കോടി രൂപയാണ് പുതിയ കേന്ദ്രത്തിനായി മുടക്കുന്നത്. തമിഴ്‌നാട്ടില്‍ നിറ്റ്‌വെയര്‍ (Knitwear) യൂണീറ്റും സ്ഥാപിക്കും. ഇതിനായി 130 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു.
ചൈനയുടെ വസ്ത്ര കയറ്റുമതി കഴിഞ്ഞ 6 -7 വര്‍ഷങ്ങളില്‍ കുറഞ്ഞു വരികയാണ്. ലോക വിപണിയില്‍ ചൈനീസ് വിഹിതം 40 ശതമാനത്തില്‍ നിന്ന് 31 ശതമാനമായി കുറഞ്ഞു. വേതനം വര്‍ധനവ്, തൊഴിലാളികളുടെ ഉയര്‍ന്ന പ്രായം, ഉല്‍പ്പാദന ചെലവ്, കോവിഡ് നിയന്ത്രണങ്ങള്‍ തുടങ്ങിയവ ചൈനീസ് വസ്ത്രകയറ്റുമതിക്ക് തിരിച്ചടിയായി. ഇത് ഇന്ത്യ, വിയറ്റ്‌നാം, ബംഗ്ലാദേശ്, എന്നീ രാജ്യങ്ങള്‍ക്ക് നേട്ടമാകും.
തൊഴിലാളികളുടെ വേതനം ചൈനയെ അപേക്ഷിച്ച് ഇന്ത്യയില്‍ കുറവാണെന്നത് മേഖലയ്ക്ക് ഗുണം ചെയ്യും. 2021 -22 ആദ്യ പകുതിയില്‍ ഇന്ത്യയുടെ വസ്ത്ര കയറ്റുമതി 53 % വര്‍ധിച്ചിരുന്നു. 2020-21 മുതല്‍ 2025 -26 കാലയളവില്‍ 15 % സംയുക്ത വാര്‍ഷിക വളര്‍ച്ച നേടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. അമേരിക്കയാണ് ഇന്ത്യന്‍ കമ്പനികളുടെ പ്രധാന വിപണി. മൊത്തം കയറ്റുമതിയുടെ 26 ശതമാനവും അമേരിക്കയിലേക്കാണ്. കൂടുതല്‍ ഉപഭോക്താക്കളെ കണ്ടെത്തിയും, ഉല്‍പ്പാദന ശേഷി വര്‍ധിപ്പിച്ചും വിദേശ വിപണിയില്‍ നേട്ടമുണ്ടാക്കാന്‍ ഗോകല്‍ദാസിന് സാധിച്ചേക്കും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy) ലക്ഷ്യ വില 560 രൂപ, നിലവില്‍ 376.55 രൂപ. Stock Recommendation by ICICI Securities.