കൂടുതല്‍ മക്‌ഡൊണാള്‍ഡ്‌സ് ഡ്രൈവ് ഇന്‍ ഭക്ഷണശാലകള്‍ വരുന്നു; ഈ ഫ്രാഞ്ചൈസി ഓഹരി വാങ്ങാമോ?

2023-24ല്‍ 41 പുതിയ ഭക്ഷ്യശാലകള്‍ ആരംഭിച്ചു, 64 നഗരങ്ങളില്‍ ബിസിനസ്

Update:2024-06-11 16:55 IST

Image Courtesy: mcdindia.com

അമേരിക്കന്‍ ബ്രാന്‍ഡായ മക്‌ഡൊണാള്‍ഡ്സ് റെസ്റ്റോറന്റുകളുടെ ഇന്ത്യയിലെ മാസ്റ്റര്‍ ഫ്രാഞ്ചൈസിയാണ് വെസ്റ്റ് ലൈഫ് ഫുഡ് വേള്‍ഡ് (Westlife Foodworld Ltd). ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം ധനം ഓണ്‍ലൈനില്‍ 2022 ഡിസംബര്‍ 8ന് നല്‍കിയിരുന്നു. (Stock Recommendation by Emkay Global). അന്നത്തെ ലക്ഷ്യ വില 847 മറികടന്ന് 2023 സെപ്റ്റംബര്‍ 9ന് 52 ആഴ്ചത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍ ഓഹരി എത്തി, 1,024.55 രൂപ. തുടര്‍ന്ന് വിലയിടിവ് ഉണ്ടായി.
1. 41 പുതിയ ഭക്ഷണ ശാലകള്‍ ആരംഭിച്ച് ഏറ്റവും കൂടുതല്‍ ഭക്ഷ്യശാലകള്‍ തുടങ്ങിയ വര്‍ഷമായി 2023-24. നടപ്പ് സാമ്പത്തിക വര്‍ഷം ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് 45-50 പുതിയ റെസ്റ്റോറന്റുകള്‍ ആരംഭിക്കാന്‍ ലക്ഷ്യമിടുന്നു.
2. ഡിജിറ്റല്‍ സാങ്കേതിക വിദ്യയില്‍ കൂടുതല്‍ നിക്ഷേപം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ നടത്തി. മക് ഡെലിവറി ആപ്പ്, സ്വയം ഓര്‍ഡര്‍ നല്‍കാവുന്ന കിയോസ്‌കുകള്‍, റിവാര്‍ഡ് ആപ്പുകള്‍ ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താനും, വരുമാനം വര്‍ധിപ്പിക്കാനും സഹായിച്ചിട്ടുണ്ട്.
3. കൂടുതല്‍ പൊരിച്ച ചിക്കന്‍ വിഭവങ്ങള്‍ ദക്ഷിണേന്ത്യന്‍ വിപണിയില്‍ നല്‍കാന്‍ തുടങ്ങിയതോടെ ഓരോ ഭക്ഷണശാലയുടെയും ശരാശരി വില്‍പ്പന ഉയര്‍ന്നു. ഉത്തരേന്ത്യങ്ങള്‍ ഔട്ട്‌ലെറ്റുകളുമായുള്ള വരുമാന വ്യത്യാസവും കുറഞ്ഞു.
4. മറ്റു രാജ്യങ്ങളില്‍ മക്‌ഡൊണാള്‍ഡ്സ് ഡ്രൈവ് ഇന്‍ ഭക്ഷണ ശാലകള്‍ വളരെ പ്രശസ്തമാണ്. ഇന്ത്യയില്‍ ഡ്രൈവ് ഇന്‍ ഭക്ഷണ ശാലകള്‍ക്ക് പ്രചാരം വര്‍ധിക്കുന്നുണ്ട്. അടുത്ത 5-6 വര്‍ഷങ്ങളില്‍ 30-35 ശതമാനം പുതിയ ഭക്ഷണശാലകള്‍ ആരംഭിക്കുന്നത് ഡ്രൈവ് ഇന്‍ വിഭാഗത്തിലായിരിക്കും.
5. മൊത്തം മാര്‍ജിന്‍ 0.40 ശതമാനം വര്‍ധിച്ചു. വിതരണ, അറ്റകുറ്റ പണിക്കുള്ള ചെലവുകള്‍ കുറഞ്ഞതാണ് കാരണം.
6. വിഷന്‍ 2027 പ്രകാരം കൂടുതല്‍ ഭക്ഷണശാലകള്‍ ആരംഭിച്ചും ബ്രാന്‍ഡ് വികസിപ്പിച്ചും 4,000-4,500 കോടി രൂപയുടെ വിറ്റുവരവ് നേടുമെന്ന് കരുതുന്നു. 2023-24ല്‍ വിറ്റുവരവ് 2,391 കോടി രൂപ.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം-വാങ്ങുക (Buy)
ലക്ഷ്യ വില -1005 രൂപ. നിലവില്‍ 821 രൂപ.
Stock Recommendation by Nirmal Bang Research
Tags:    

Similar News