നേരിയ നേട്ടവുമായി ഓഹരി വിപണി

വണ്ടര്‍ലാ ഹോളിഡേയ്‌സ്, നിറ്റ ജലാറ്റിന്‍, കല്യാണ്‍ ജൂവലേഴ്‌സ് തുടങ്ങി 16 കേരള കമ്പനി ഓഹരികള്‍ നേട്ടമുണ്ടാക്കി

Update:2022-06-28 16:46 IST

ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നാമമാത്ര നേട്ടവുമായി ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 16.17 പോയ്ന്റ് ഉയര്‍ന്ന് 53177.45 പോയ്ന്റിലും നിഫ്റ്റി 18.20 പോയ്ന്റ് ഉയര്‍ന്ന് 15850.20 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. 1737 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. 1460 ഓഹരികളുടെ വില ഇടിഞ്ഞപ്പോള്‍ 139 ഓഹരികളുടെ വില മാറ്റമില്ലാതെ തുടരുന്നു.

ഒഎന്‍ജിസി, ഹിന്‍ഡാല്‌കോ ഇന്‍ഡസ്ട്രീസ്, മഹീന്ദ്ര & മഹീന്ദ്ര, കോള്‍ ഇന്ത്യ, എച്ച്ഡിഎഫ്‌സി ലൈഫ് തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളാണ്. ടൈറ്റന്‍ കമ്പനി, ഏഷ്യന്‍ പെയ്ന്റ്‌സ്, ബജാജ് ഫിന്‍സെര്‍വ്, ഡിവിസ് ലാബ്‌സ്, അദാനി പോര്‍ട്‌സ് തുടങ്ങിയവയ്ക്ക് ലാഭമുണ്ടാക്കാനാകാതെ പോയി.

ഓട്ടോ, മെറ്റല്‍, ഓയ്ല്‍ & ഗ്യാസ് സെക്ടറല്‍ സൂചികകള്‍ 1-2 ശതമാനം നേട്ടം രേഖപ്പെടുത്തി. എന്നാല്‍ ഫിനാന്‍ഷ്യല്‍ ഓഹരികള്‍ വ്യാപകമായി വിറ്റൊഴിയുന്ന കാഴ്ചയ്ക്കും വിപണി സാക്ഷ്യം വഹിച്ചു.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനി ഓഹരികളില്‍ 16 എണ്ണവും ഇന്ന് നേട്ടമുണ്ടാക്കി. വണ്ടര്‍ലാ ഹോളിഡേയ്‌സ് (4.83 ശതമാനം), നിറ്റ ജലാറ്റിന്‍ (3.38 ശതമാനം), കല്യാണ്‍ ജൂവലേഴ്‌സ് (3.25 ശതമാനം), ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (3.30 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍(2.49 ശതമാനം), എവിറ്റി (2.15 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികള്‍. അതേസമയം സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ്, കെഎസ്ഇ, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, മണപ്പുറം ഫിനാന്‍സ്, എഫ്എസിടി, മുത്തൂറ്റ് ഫിനാന്‍സ്, റബ്ഫില ഇന്റര്‍നാഷണല്‍, ഇന്‍ഡിട്രേഡ് (ജെആര്‍ജി) തുടങ്ങി 12 കേരള കമ്പനി ഓഹരികളുടെ വില ഇടിഞ്ഞപ്പോള്‍ ധനലക്ഷ്മി ബാങ്കിന്റെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.




 


Tags:    

Similar News