എസ്ബിഐ നീക്കം തിരിച്ചടിയായി; പഞ്ചസാര കമ്പനിയുടെ ഓഹരിവില കുത്തനെ ഇടിഞ്ഞു
രാജ്യത്തെ ഏറ്റവും വലിയ പഞ്ചസാര കമ്പനിയുടെ ഓഹരിവില ഇന്ന് 12 ശതമാനം ഇടിഞ്ഞ് 52 ആഴ്ചത്തെ താഴ്ന്ന നിലയിലെത്തി
രാജ്യത്തെ ഏറ്റവും വലിയ പഞ്ചസാര കമ്പനിയായ ബജാജ് ഹിന്ദുസ്ഥാന്‍ ഷുഗര്‍ ലിമിറ്റഡിനെതിരേ (Bajaj Hindusthan Sugar) എസ്ബിഐ (SBI) പാപ്പരത്വ ഹര്‍ജി ഫയല്‍ ചെയ്തു. എസ്ബിഐ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എന്‍സിഎല്‍ടി) അലഹബാദ് ബെഞ്ചിനാണ് ബജാജ് ഹിന്ദുസ്ഥാന്‍ ഷുഗറിനെതിരേ പാപ്പരത്വ ഹര്‍ജി ഫയല്‍ ചെയ്തത്. 2016 ലെ ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്സി കോഡിലെ സെക്ഷന്‍ 7 പ്രകാരമാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
അതേസമയം എസ്ബിഐയുടെ ഈ നീക്കത്തിന് പിന്നാലെ ബജാജ് ഹിന്ദുസ്ഥാന്‍ ഷുഗര്‍ ലിമിറ്റഡിന്റെ ഓഹരി വിലയും കുത്തനെ ഇടിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് 12 ശതമാനത്തോളം ഇടിഞ്ഞ ഓഹരി 9.00 രൂപ എന്ന നിലയിലാണ് വിപണിയില്‍ വ്യാപാരം നടത്തുന്നത്. 52 ആഴ്ചത്തെ ഈ ഓഹരിയുടെ ഏറ്റവും താഴ്ന്ന നിലയാണിത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 17 ശതമാനത്തിന്റെ ഇടിവാണ് ബജാജ് ഹിന്ദുസ്ഥാന്‍ ഷുഗറിന്റെ ഓഹരി വിലയിലുണ്ടായത്. ഒരുമാസത്തിനിടെ 25 ശതമാനവും ആറ് മാസത്തിനിടെ 39 ശതമാനവും ഇടിവും രേഖപ്പെടുത്തി.
രാജ്യത്തെ ഏറ്റവും വലിയ പഞ്ചസാര കമ്പനി കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനി 267.54 കോടിയുടെ ഏകീകൃത അറ്റാദായവും 5,607 കോടി രൂപയുടെ വിറ്റുവരവുമാണ് രേഖപ്പെടുത്തിയത്. ഈ സാമ്പത്തിക വര്‍ഷം ജൂണില്‍ അവസാനിച്ച പാദത്തില്‍ കമ്പനിയുടെ അറ്റനഷ്ടം 45 കോടി രൂപയും മൊത്തം വരുമാനം 1,538 കോടി രൂപയുമായിരുന്നു.