വിപണിമൂല്യത്തില്‍ പുതുചരിത്രം കുറിച്ച് ടാറ്റാ കമ്പനികള്‍; അദാനിക്കമ്പനികളേക്കാള്‍ ഇരട്ടി

ചില ടാറ്റാ ഗ്രൂപ്പ് കമ്പനികള്‍ സമ്മാനിച്ചത് മള്‍ട്ടിബാഗര്‍ നേട്ടം

Update:2024-02-07 20:58 IST

Image : Tata.com

ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ, വാണിജ്യ പ്രസ്ഥാനമായ ടാറ്റാ ഗ്രൂപ്പില്‍ നിന്നുള്ള ലിസ്റ്റഡ് കമ്പനികളുടെ ആകെ വിപണിമൂല്യം 30 ലക്ഷം കോടി രൂപ കടന്നു. ഈ നേട്ടം കൊയ്യുന്ന ആദ്യ ഇന്ത്യന്‍ ഗ്രൂപ്പാണ് ടാറ്റ. മൂന്നാംസ്ഥാനത്തുള്ള അദാനി ഗ്രൂപ്പ് കമ്പനികളുടെ സംയുക്തമൂല്യത്തേക്കാള്‍ (15.54 ലക്ഷം കോടി രൂപ) ഇരട്ടിയോളമാണ് ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ മൊത്ത വിപണിമൂല്യമെന്നതും ശ്രദ്ധേയം. രണ്ടാംസ്ഥാനത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പാണ് (21.60 ലക്ഷം കോടി രൂപ).
ടാറ്റാ ഗ്രൂപ്പില്‍ നിന്നുള്ള 17 മുന്‍നിര ലിസ്റ്റഡ് കമ്പനികളുടെ മാത്രം സംയുക്ത വിപണിമൂല്യം (M-cap) ഇന്നത്തെ ഓഹരി വിപണിയിലെ വ്യാപാരക്കണക്കുകള്‍ പ്രകാരം 30.09 ലക്ഷം കോടി രൂപയാണ്. 15.12 ലക്ഷം കോടി രൂപയുമായി ടി.സി.എസ് ആണ് ടാറ്റാ ഗ്രൂപ്പില്‍ നിന്നുള്ള ഏറ്റവും മൂല്യമേറിയ കമ്പനി.
ടാറ്റയുടെ അ'മൂല്യ'താരങ്ങള്‍
ടി.സി.എസിന് പിന്നില്‍ മൂല്യത്തില്‍ രണ്ടാംസ്ഥാനത്തുള്ള ടാറ്റാ ഗ്രൂപ്പ് കമ്പനി ടാറ്റാ മോട്ടോഴ്‌സാണ്. 3.43 ലക്ഷം കോടി രൂപയാണ് മൂല്യം. 3.16 ലക്ഷം കോടി രൂപയുമായി ടൈറ്റന്‍ ആണ് മൂന്നാമത്.
ടാറ്റാ ഗ്രൂപ്പിലെ ലിസ്റ്റഡ് കമ്പനികളുടെ വിപണിമൂല്യം 

 

മറ്റ് പ്രമുഖ കമ്പനികളുടെ മൂല്യം ഇങ്ങനെ: ടാറ്റാ സ്റ്റീല്‍ (1.79 ലക്ഷം കോടി രൂപ), ടാറ്റാ പവര്‍ (1.25 ലക്ഷം കോടി രൂപ), ടാറ്റാ കണ്‍സ്യൂമര്‍ (1.10 ലക്ഷം കോടി രൂപ), ട്രെന്റ് (1.07 ലക്ഷം കോടി രൂപ), ഇന്ത്യന്‍ ഹോട്ടല്‍സ് (72,039 കോടി രൂപ), ടാറ്റാ കമ്മ്യൂണിക്കേഷന്‍സ് (48,608 കോടി രൂപ), ടാറ്റാ എല്‍ക്‌സി (48,056 കോടി രൂപ). പുതുതായി ലിസ്റ്റ് ചെയ്ത ടാറ്റാ ടെക്‌നോളജീസിന്റെ മൂല്യം 45,889 കോടി രൂപ.
ഓഹരികളിലെ നേട്ടം
കഴിഞ്ഞ ഒരുവര്‍ഷത്തെ കണക്കെടുത്താല്‍ ടാറ്റാ ഗ്രൂപ്പില്‍ നിന്നുള്ള കമ്പനികള്‍ മികച്ച നേട്ടമാണ് (return) ഓഹരി നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുള്ളത്. ചില കമ്പനികള്‍ മള്‍ട്ടിബാഗറുമാണ്. അതായത് നേട്ടം 100 ശതമാനത്തിലധികം.
ഒരുവര്‍ഷത്തിനിടെ 16 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് ടി.സി.എസ് നല്‍കി. ട്രെന്റാകട്ടെ സമ്മാനിച്ചത് 193 ശതമാനം നേട്ടം. 112 ശതമാനമാണ് ടാറ്റാ മോട്ടോഴ്‌സിലെ നിക്ഷേപകര്‍ക്ക് ലഭിച്ച ലാഭം. മറ്റ് കമ്പനികളുടെ റിട്ടേൺ അറിയാൻ മുകളിൽ കൊടുത്തിരിക്കുന്ന ചാർട്ട് നോക്കുക.
Tags:    

Similar News