ഐ.പി.ഒ വിപണിയില്‍ ടാറ്റയുടെ ആറാട്ട്! നിരവധി ഉപകമ്പനികള്‍ ഓഹരി വിപണിയിലേക്ക്, നേട്ടത്തിലേറി ടാറ്റാ ഇന്‍വെസ്റ്റ്‌മെന്റ് ഓഹരി
ടാറ്റാ ഇന്‍വെസ്റ്റ്‌മെന്റ് ഓഹരി കഴിഞ്ഞ 11 ദിവസത്തിനിടെ 43% ഇടിഞ്ഞിരുന്നു
ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ കുതിച്ചും കിതച്ചും ഓരോ ദിനവും പിന്നിടുന്ന കാഴ്ചയാണ് ഈമാസം ഇതുവരെ കണ്ടത്. മാതൃകമ്പനിയായ ടാറ്റാ സണ്‍സ് (Tata Sons) പ്രാരംഭ ഓഹരി വില്‍പന (IPO) നടത്തിയേക്കുമെന്നും ഇത് ഉപകമ്പനികളുടെ മൂല്യവും കുതിച്ചുയരാന്‍ വഴിയൊരുക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ മാര്‍ച്ച് ആദ്യവാരം ഓഹരികളില്‍ വന്‍ കുതിപ്പിന് വഴിവച്ചു.
എന്നാല്‍, ഏത് വിധേനയും ഐ.പി.ഒ ഒഴിവാക്കാനാണ് ടാറ്റാ സണ്‍സ് ശ്രമിക്കുന്നതെന്ന് വ്യക്തമായതോടെ ഉപകമ്പനികളുടെ ഓഹരികള്‍ തളരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഉദാഹരണത്തിന്, ടാറ്റാ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെ ഓഹരി മാത്രം കഴിഞ്ഞ 11 ദിവസത്തില്‍ 10 ദിവസവും ലോവര്‍-സര്‍കീട്ടിലിടിച്ചു.
ടാറ്റാ സണ്‍സിന്റെ പ്രാരംഭ ഓഹരി വില്‍പന അനിശ്ചിത്വത്തിലാണെങ്കിലും നിക്ഷേപകരെ നിരാശപ്പെടുത്താന്‍ ടാറ്റ തയ്യാറല്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനകം കുറഞ്ഞത് 6 ഉപകമ്പനികളെക്കൂടി പ്രാരംഭ ഓഹരി വില്‍പന വഴി ഓഹരി വിപണിയിലെത്തിക്കാന്‍ ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നതായാണ് സൂചനകള്‍.
ഇനി ടാറ്റയുടെ ആറാട്ട്!
ടാറ്റാ ക്യാപ്പിറ്റില്‍, ടാറ്റാ ഓട്ടോകോംപ് സിസ്റ്റംസ്, ടാറ്റാ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി, ബിഗ് ബാസ്‌കറ്റ്, ടാറ്റാ ഡിജിറ്റല്‍ എന്നിവയുടെ ഐ.പി.ഒ അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനകം പ്രതീക്ഷിക്കാം. ടാറ്റാ ഹൗസിംഗ്, ടാറ്റാ ബാറ്ററീസ് എന്നിവയെയും ഐ.പി.ഒ വിപണിയിലെത്തിക്കാന്‍ ടാറ്റ ശ്രമിച്ചേക്കും. ഇക്കാര്യങ്ങളില്‍ ടാറ്റാ ഗ്രൂപ്പ് ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
ഈ കമ്പനികളില്‍ മിക്കവയും പതിറ്റാണ്ടിലേറെ മുമ്പ് പ്രവര്‍ത്തനം ആരംഭിക്കുകയും മികച്ച വളര്‍ച്ച കുറിക്കുന്നവയുമാണ്. ഈ പശ്ചാത്തലത്തിലാണ് ഇവയുടെ പ്രാരംഭ ഓഹരി വില്‍പന ടാറ്റ പരിഗണിക്കുന്നത്. ഐ.പി.ഒ സംഘടിപ്പിക്കുന്നത് വഴി കമ്പനിക്ക് മികച്ച മൂല്യം ഉറപ്പാക്കാനാകുമെന്നതും നേട്ടമാകും.
ടാറ്റാ ഗ്രൂപ്പില്‍ നിന്ന് അവസാനമായി ഐ.പി.ഒ നടത്തി ഓഹരി വിപണിയിലേക്ക് ചുവചുവച്ചത് ടാറ്റാ ടെക്‌നോളജീസാണ്. കഴിഞ്ഞ നവംബറിലായിരുന്നു ഐ.പി.ഒ. 3,000 കോടി രൂപ കമ്പനി സമാഹരിക്കുകയും ചെയ്തു. അതിന് മുമ്പ് ഐ.പി.ഒ നടന്നത് 2004ല്‍ ടി.സി.എസിന്റേതായിരുന്നു.
ടാറ്റയിലെ വമ്പന്മാര്‍
20ലേറെ കമ്പനികള്‍ ടാറ്റ ഗ്രൂപ്പില്‍ നിന്ന് ഇതിനകം ലിസ്റ്റ് ചെയ്തിട്ടുണ്ട്. അവയില്‍ പലതും ഉയര്‍ന്ന വിപണിമൂല്യമുള്ളവയുമാണ്. 14.02 ലക്ഷം കോടി രൂപ വിപണിമൂല്യമുള്ള ടി.സി.എസ് ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ലിസ്റ്റഡ് കമ്പനികളിലൊന്നാണ്.
ടാറ്റാ മോട്ടോഴ്‌സിന് 3.60 ലക്ഷം കോടി രൂപ, ടൈറ്റന് 3.28 ലക്ഷം കോടി രൂപ, ടാറ്റാ സ്റ്റീലിന് 1.90 ലക്ഷം കോടി രൂപ, ട്രെന്റിന് 1.37 ലക്ഷം കോടി രൂപ എന്നിങ്ങനെയും മൂല്യമുണ്ട്.
കരകയറാന്‍ ടാറ്റാ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍
ഇന്ന് ടാറ്റാ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഹരി 5 ശതമാനം കുതിച്ചുയര്‍ന്ന് അപ്പര്‍-സര്‍കീട്ടിലാണുള്ളത്. 5,946.65 രൂപയിലാണ് വ്യാപാരം.
എന്നാല്‍ 9,756.85 രൂപയായിരുന്ന മൂല്യമാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 40 ശതമാനത്തിലധികം ഇടിഞ്ഞ് 5,415 രൂപവരെ താഴ്ന്നതും ഇന്ന് വീണ്ടും കരകയറിത്തുടങ്ങിയതും. ടാറ്റാ ഗ്രൂപ്പില്‍ നിന്ന് വൈകാതെ 6-8 കമ്പനികള്‍ കൂടി ഐ.പി.ഒ മുഖേന ഓഹരി വിപണിയിലെത്തുമെന്ന സൂചനകളെ തുടര്‍ന്നാണ് ഇന്ന് ടാറ്റാ ഇന്‍വെസ്റ്റ്‌മെന്റ് ഓഹരി കരകയറിയത്.