ഐപിഒയ്ക്ക് ഒരുങ്ങാന്‍ ടാറ്റ ടെക്നോളജീസ്; വിറ്റഴിക്കല്‍ ഭാഗികമായി

2023-2024 സാമ്പത്തിക വര്‍ഷം ആദ്യ പാദത്തിലാവും കമ്പനി ഐപിഒയ്ക്ക് എത്തുക. ഈ ഐപിഓയിലൂടെ കമ്പനിയുടെ 10 ശതമാനം ഓഹരികള്‍ വിറ്റഴിച്ചേക്കും

Update:2022-12-13 11:02 IST

Photo : Tata / Facebook

ടാറ്റ മോട്ടോഴ്സിന്റെ ഉപകമ്പനിയായ ടാറ്റ ടെക്നോളജീസ് പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ (IPO) ഭാഗികമായി വിറ്റഴിക്കുന്നതിന് അംഗീകാരം നല്‍കിയതായി കമ്പനി അറിയിച്ചു. കമ്പനിയുടെ 2022ലെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം ടാറ്റ ടെക്നോളജീസില്‍ ടാറ്റ മോട്ടോഴ്സിന് 74.42 ശതമാനം ഓഹരിയാണുള്ളത്. 2004-ല്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ലിസ്റ്റ് ചെയ്തതിന് ശേഷം ടാറ്റ ഗ്രൂപ്പിന്റെ ആദ്യ ഐപിഒ ആയിരിക്കും ഇത്. 2017ല്‍ ടാറ്റ ഗ്രൂപ്പ് ചെയര്‍മാനായി ചുമതലയേറ്റ എന്‍ ചന്ദ്രശേഖരന്‍ ചെയര്‍മാനായുള്ള ആദ്യ പദ്ധതി കൂടിയാണിത്.

2023-2024 സാമ്പത്തിക വര്‍ഷം ആദ്യ പാദത്തിലാവും കമ്പനി ഐപിഒയ്ക്ക് എത്തുക. ഈ ഐപിഓയിലൂടെ കമ്പനിയുടെ 10 ശതമാനം ഓഹരികള്‍ വിറ്റഴിച്ചേക്കും. 1989-ല്‍ സ്ഥാപിതമായ ടാറ്റ ടെക്നോളജീസ് ഓട്ടോമോട്ടീവ്, വ്യാവസായിക യന്ത്രങ്ങള്‍, എയ്റോസ്പേസ്, എഞ്ചിനീയറിംഗ്, മാനുഫാക്ചറിംഗ് വെര്‍ട്ടിക്കലുകള്‍ എന്നിവയിലുടനീളം സാങ്കേതിക സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

കമ്പനിയുടെ ഡയറക്ട്-ടു-ഹോം പ്ലാറ്റ്ഫോമായ ടാറ്റ പ്ലേയും ഐപിഒയ്ക്ക് തയ്യാറെടുക്കുകയാണ്. ഇതിന്റെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (DRHP) നവംബര്‍ 29-ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (SEBI) യില്‍ ഫയല്‍ ചെയ്തു. ഐപിഒയ്ക്കായി പ്രീ-ഫയലിംഗ് റൂട്ട് സ്വീകരിക്കുന്ന ആദ്യത്തെ കമ്പനിയാണിത്. ടാറ്റ ടെക്‌നോളജീസ് ഐപിഒ വിപണി സാഹചര്യങ്ങള്‍, ബാധകമായ അംഗീകാരങ്ങള്‍, റെഗുലേറ്ററി ക്ലിയറന്‍സുകള്‍ തുടങ്ങിയവയ്ക്ക് വിധേയമായിരിക്കുമെന്ന് കമ്പനി അറിയിച്ചു.

Tags:    

Similar News