ഐ.പി.ഒ ഒഴിവാക്കാന്‍ ടാറ്റാ സണ്‍സ്; വമ്പന്‍ ബ്ലോക്ക് ഡീല്‍ വില്‍പനയില്‍ തട്ടി ടി.സി.എസ് ഓഹരി ഇടിഞ്ഞു
മൂന്ന് ശതമാനത്തിലധികം ഇടിവിലാണ് ടി.സി.എസ് ഓഹരിയുള്ളത്
ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (TCS) രണ്ടുകോടിയിലധികം വരുന്ന ഓഹരികള്‍ ബ്ലോക്ക് ഡീലിലൂടെ വിറ്റഴിച്ച് മാതൃകമ്പനിയായ ടാറ്റാ സണ്‍സ്. ഓഹരി ഒന്നിന് 4,021.25 രൂപനിരക്കില്‍ 2.02 കോടി ഓഹരികള്‍ (മൊത്തം ഓഹരിയുടെ 0.6%) വിറ്റഴിച്ചുവെന്നാണ് വിലയിരുത്തല്‍. ഏകദേശം 9,000 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്.
ഓഹരിവില നഷ്ടത്തില്‍
ആരൊക്കെയാണ് ഓഹരികള്‍ വാങ്ങിയതെന്ന് പിന്നീടേ അറിയാനാകൂ. ടാറ്റാ സണ്‍സിന് 72.38 ശതമാനം ഓഹരി പങ്കാളിത്തമുള്ള കമ്പനിയാണ് ടി.സി.എസ്. 14.6 ലക്ഷം കോടി രൂപ വിപണിമൂല്യവുമായി ഇന്ത്യയിലെ രണ്ടാമത്തെ വലിയ ലിസ്റ്റഡ് കമ്പനിയുമാണിത്.
ബ്ലോക്ക് ഡീലിനെ പക്ഷേ, ഓഹരി നിക്ഷേപകര്‍ നിരാശയോടെയാണ് കണ്ടതെന്ന് ഓഹരിയുടെ ഇന്നത്തെ പ്രകടനം വിലയിരുത്തുന്നു. 3.20 ശതമാനം നഷ്ടവുമായി 4,019.25 രൂപയിലാണ് നിലവില്‍ ടി.സി.എസ് ഓഹരികളില്‍ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് 26 ശതമാനത്തിലധികം നേട്ടം (Return) സമ്മാനിച്ച ഓഹരിയാണ് ടി.സി.എസ്.
ഐ.പി.ഒ ഒഴിവാക്കാന്‍ ടാറ്റാ സണ്‍സ്
റിസര്‍വ് ബാങ്ക് പുറത്തുവിട്ട എന്‍.ബി.എഫ്.സികളുടെ പട്ടികയില്‍ അപ്പര്‍-ലെയര്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട കമ്പനിയാണ് ടാറ്റാ സണ്‍സ്. ഇതിന്റെ ഭാഗമായി 2025 സെപ്റ്റംബറിനകം ടാറ്റാ സണ്‍സ് പ്രാരംഭ ഓഹരി വില്‍പന (IPO) നടത്തി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യണമെന്ന് റിസര്‍വ് ബാങ്കിന്റെ ചട്ടം നിര്‍ദേശിക്കുന്നു.
എന്നാല്‍, ടാറ്റാ സണ്‍സിന് പ്രത്യേകിച്ച് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍, ചെയര്‍മാന്‍ എമരിറ്റസ് രത്തന്‍ ടാറ്റ എന്നിവര്‍ക്ക് ടാറ്റാ സണ്‍സിനെ ഓഹരി വിപണിയിലെത്തിക്കാന്‍ താത്പര്യമില്ലെന്നാണ് സൂചനകള്‍.
ടാറ്റാ സണ്‍സിന്റെ പ്രവര്‍ത്തനഘടന പുനഃക്രമീകരിച്ച് അപ്പര്‍-ലെയറില്‍ നിന്ന് പുറത്തുകടക്കാനും അതുവഴി ഐ.പി.ഒ ഒഴിവാക്കാനുമാണ് ടാറ്റാ സണ്‍സ് ശ്രമിക്കുന്നത്. നിലവില്‍ ഏതാണ്ട് 21,900 കോടി രൂപയുടെ കടബാദ്ധ്യത ടാറ്റാ സണ്‍സിനുണ്ട്. ഇതൊഴിവാക്കിയാലോ 100 കോടി രൂപയ്ക്ക് താഴെയാക്കിയാലോ ഐ.പി.ഒ നിബന്ധനയില്‍ നിന്ന് പുറത്തുകടക്കാം. ഇതിന്റെ ഭാഗമായി കൂടിയാണ് ഇപ്പോഴത്തെ ടി.സി.എസ് ബ്ലോക്ക് ഡീല്‍ ഓഹരി വില്‍പന.
ടാറ്റാ ഗ്രൂപ്പിന്റെ സാമ്രാജ്യം
മൊത്തം 30 ലക്ഷം കോടി രൂപയിലധികം വിപണിമൂല്യമുള്ള ബിസിനസ് ഗ്രൂപ്പാണ് ടാറ്റാ ഗ്രൂപ്പ്. 20ലധികം ഉപകമ്പനികളാണ് ഗ്രൂപ്പില്‍ നിന്ന് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്. മൊത്തം വിപണിമൂല്യത്തില്‍ പാതിയോളവും സംഭാവന ചെയ്യുന്ന കമ്പനിയാണ് ടി.സി.എസ്.
ദൊറാബ്ജി ടാറ്റ ട്രസ്റ്റ് (28%), രത്തന്‍ ടാറ്റ ട്രസ്റ്റ് (24%) എന്നിവയാണ് ടാറ്റാ സണ്‍സിന്റെ മുഖ്യ ഓഹരി ഉടമകള്‍. ഉപകമ്പനികളില്‍ പക്ഷേ സ്റ്റെര്‍ലിംഗ് ഇന്‍വെസ്റ്റ്‌മെന്റ്, സൈറസ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് തുടങ്ങിയവയും ഓഹരി പങ്കാളിത്തമുള്ളവരാണ്.
ടാറ്റാ മോട്ടോഴ്‌സ്, ടാറ്റാ കെമിക്കല്‍സ്, ടാറ്റാ പവര്‍, ടാറ്റാ സ്റ്റീല്‍ തുടങ്ങിയ ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളും ഇന്ന് 1-2 ശതമാനം നഷ്ടത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്.