13 പാദങ്ങളില്‍ ആദ്യമായി യു.എസ് ഡോളര്‍ വരുമാനം കുറഞ്ഞു; ടി.സി.എസ് ഓഹരികള്‍ താഴ്ന്നു

കമ്പനി 17,000 കോടി രൂപയുടെ ഓഹരികള്‍ തിരിച്ചു വാങ്ങും

Update:2023-10-12 12:37 IST

ആശങ്കകള്‍ ശരിവച്ച് ഐ.ടി വമ്പന്‍ ടി.സി.എസിന്റെ (Tata Consultancy Services) 2024 സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദ ഫലങ്ങള്‍. കമ്പനിയുടെ വരുമാനവും ലാഭവും ചെറിയ തോതിൽ മാത്രമാണ് വർധിച്ചത്. വടക്കേ അമേരിക്കയില്‍ നിന്നുള്ള ബിസിനസിലാണു കാര്യമായ കുറവ് ഉണ്ടായിട്ടുള്ളത്. അവിടങ്ങളിലെ ബാങ്കിംഗ്, ധനകാര്യ കമ്പനികള്‍ ചെലവു ചുരുക്കിയത് ടി.സി.എസിനു വരുമാനം കുറച്ചു. 

രൂപ കണക്കില്‍ വരുമാനം കഴിഞ്ഞ വർഷത്തെ ഇതേ പാദത്തേക്കാൾ 7.9 ശതമാനം വർധിച്ച് 59,692 കോടി രൂപയായി (720 കോടി ഡോളര്‍). ഡോളർ കണക്കിൽ 4.8 ശതമാനമാണു വർധന. സ്ഥിര കറന്‍സി മൂല്യത്തില്‍ വര്‍ധന 2.8 ശതമാനം മാത്രം. ഡോളർ കണക്കിൽ കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് 0.2 ശതമാനം ഇടിവ്. കഴിഞ്ഞ 13 പാദങ്ങളിൽ ആദ്യമായാണ്  വരുമാനത്തിൽ കമ്പനി ഇടിവ് രേഖപ്പെടുത്തിയത്. 

കമ്പനിയുടെ അറ്റാദായം 11,342 കോടി രൂപയാണ് രേഖപ്പെടുത്തിയത്. വര്‍ധന 8.7 ശതമാനം. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 10,431 കോടി രൂപയായിരുന്നു അറ്റാദായം. എന്നാല്‍ ഏപ്രില്‍-ജൂണ്‍ കാലത്തേതില്‍ നിന്ന് 2.33 ശതമാനം മാത്രം വര്‍ധന.

വരുമാന വര്‍ധന കുറഞ്ഞെങ്കിലും കമ്പനി പ്രവര്‍ത്തന ലാഭ മാര്‍ജിന്‍ 24.3 ശതമാനത്തിലേക്കു വര്‍ധിപ്പിച്ചു. ഈ പാദത്തില്‍ 1,120 കോടി ഡോളറിന്റെ കരാറുകള്‍ (11.2 billion dollar) നേടി. കമ്പനി ഓഹരി ഒന്നിന് ഒന്‍പതു രൂപ ഇടക്കാല ലാഭവീതം പ്രഖ്യാപിച്ചു.

കമ്പനിയിലെ ജീവനക്കാരുടെ കൊഴിഞ്ഞു പോക്ക് കുറഞ്ഞു. ഒന്നാം പാദത്തില്‍ 17.8 ശതമാനം ആയിരുന്നത് രണ്ടാം പാദത്തില്‍ 14.9 ശതമാനമായി. മൊത്തം ജീവനക്കാരുടെ എണ്ണം 6333 കുറഞ്ഞ് 6,08,985 ആയി.

2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ടി.സി.എസിന്റെ ലാഭം തൊട്ടു മുന്‍ സാമ്പത്തികവര്‍ഷത്തിലെ സമാനപാദത്തേക്കാള്‍ 16.8 ശതമാനം ഉയര്‍ന്ന് 11,120 കോടി രൂപയായിരുന്നു.

ജെ.പി.മോര്‍ഗന്‍ ഉള്‍പ്പെടെയുള്ള അനലിസ്റ്റുകള്‍ നടപ്പു സാമ്പത്തിക വര്‍ഷം ഐ.ടി മേഖല മോശം പ്രവര്‍ത്തനഫലങ്ങള്‍ കാഴ്ചവച്ചേക്കാമെന്നും ഏറ്റവും വലിയ അഞ്ച് ഐ.ടി കമ്പനികള്‍ ഒറ്റയക്ക വളര്‍ച്ചയിലേക്ക് പോകുമെന്നും സൂചിപ്പിച്ചിരുന്നു. ഈ ഊഹങ്ങളെ ശരിവച്ചാണ് ടി.സി.എസ് റിസല്‍ട്ട് പുറത്തു വന്നത്. 

ഓഹരി

ടി.സി.എസ് ഓഹരി ഈ വര്‍ഷം ഇതു വരെ നിക്ഷേപകര്‍ക്ക് 9 ശതമാനം നേട്ടമാണ് നല്‍കിയത്. നിഫ്റ്റി 50യ്ക്ക്  സമാനമായ വളർച്ചയാണ് ഓഹരി കാഴ്ച വച്ചത്. എന്നാല്‍ റിസല്‍ട്ട് പ്രഖ്യാപനത്തെത്തുടര്‍ന്ന് ഓഹരി വില ഒന്നര  ശതമാനം താഴ്ചയിലാണ് ഇപ്പോഴുള്ളത്. റിസൽട്ട് നിരാശപ്പെടുത്തിയതിനാൽ ടി.സി.എസ് ഓഹരികൾ വിൽക്കാൻ ചില വിദേശ നിക്ഷേപ ബാങ്കുകൾ ശുപാർശ ചെയ്തു. എന്നാൽ ഓഹരി വാങ്ങാൻ ഉപദേശിക്കുന്നവരും ഉണ്ട്.

ഓഹരി തിരിച്ചു വാങ്ങൽ 

'ബൈബാക്കി'ലൂടെ 17,000 കോടി രൂപയുടെ ഓഹരികള്‍ തിരിച്ചു വാങ്ങാനും ബോര്‍ഡ് തീരുമാനമായി. ഓഹരി ഒന്നിനു 4150 രൂപ നല്‍കും. വിപണിവിലയേക്കാള്‍ 15 ശതമാനം കൂടുതലാണിത്. കഴിഞ്ഞ ആറ് വര്‍ഷക്കാലത്തെ അഞ്ചാം ബൈബാക്ക് ആണിത്. എന്നാല്‍ കമ്പനിയുടെ നേതൃനിരയില്‍ മാറ്റം വന്നതിനു ശേഷമുള്ള ആദ്യ ഓഹരി തിരിച്ചു വാങ്ങലുമാണ്.

ഈ വര്‍ഷം ആദ്യം സി.ഇ.ഒ സ്ഥാനത്ത് നിന്ന് രാജേഷ് ഗോഫിനാഥ് അപ്രതീക്ഷിതമായി രാജിവച്ചിരുന്നു. തുടര്‍ന്ന് സ്ഥാനമേറ്റ കെ.കൃതിവാസന്‍ സ്ഥാപനത്തില്‍ വ്യാപകമായ പുന:സംഘടന നടത്തുകയും ചെയ്തു. ഓഹരി തിരിച്ചു വാങ്ങുന്നത് ഓഹരിയുടെമകളെ സംബന്ധിച്ച് കമ്പനി കോര്‍പറേറ്റ് ഗവേണന്‍സിന് മികച്ച പരിഗണന നല്‍കുന്നുവെന്ന തോന്നലാണ് ഉണ്ടാക്കുകയെന്നാണ് നിരീക്ഷകര്‍ പറയുന്നത്. കമ്പനിയുടെ ഭാവിയെ കുറിച്ച് മാനേജ്മെന്റിനുള്ള വിശ്വാസത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.

ബൈബാക്ക്

നിലവിലുള്ള വിപണി വിലയേക്കാള്‍ ഉയര്‍ന്ന വിലയില്‍ കമ്പനികള്‍ ഓഹരി ഉടമകളില്‍ നിന്നും ഓഹരി തിരികെ വാങ്ങുന്ന പ്രക്രിയയാണ് ഷെയര്‍ ബൈബാക്ക്. ഓഹരികളെ കൂടുതല്‍ ആകര്‍ഷകമാക്കുക എന്നതാണ് ഓഹരി തിരിച്ചു വാങ്ങുന്നതിലൂടെ കമ്പനികള്‍ ലക്ഷ്യമിടുന്നത്. വിപണിയില്‍ ഓഹരികളുടെ എണ്ണം കുറച്ച് വില ആകര്‍ഷകമാക്കാന്‍ ഇത് സഹായിക്കും. രണ്ടു തരത്തിലാണ് ബൈബാക്ക് നടത്താറുള്ളത്. നിലവിലെ ഓഹരി ഉടമകളില്‍ നിന്നും നിശ്ചിത സമയപരിധി വച്ച് ടെണ്ടറുകള്‍ സ്വീകരിച്ചും ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്നും നിശ്ചിത കാലാവധിക്കുള്ളില്‍ നേരിട്ടുവാങ്ങിയുമാണ് കമ്പനികള്‍ ഓഹരി തിരിച്ചെടുക്കുന്നത്. ഒരു കമ്പനിയിലെ ഓഹരികളുടെ എണ്ണം കുറയുമ്പോള്‍ ലാഭം കുറച്ച് ഓഹരികളിലേക്ക് മാത്രം വിതരണം ചെയ്യപ്പെടുമെന്നതിനാല്‍ ഏണിംഗ് പെര്‍ ഷെയര്‍ (profit divided by the total number of shares) വര്‍ധിക്കാനിടയാക്കും. 

Tags:    

Similar News