സാങ്കേതിക വിശകലനം: വരും ദിവസങ്ങളിലും ബുള്ളിഷ് മുന്നേറ്റം
ഷെയര്‍ മാര്‍ക്കറ്റിന്റെയും ഓഹരികളുടെയും വിശകലനത്തില്‍ പരിചയ സമ്പന്നനും പ്രഗല്ഭനുമായ ജോസ് മാത്യു ടി.യുടെ പ്രതിദിന പംക്തി -സാങ്കേതിക വിശകലനം;
(ഒക്ടോബർ 31-ലെ മാർക്കറ്റ്. ക്ലോസിംഗിനെ അടിസ്ഥാനമാക്കി)
നിഫ്റ്റി 18,000-ലെ പ്രതിരോധത്തിന് മുകളിൽ ക്ലോസ് ചെയ്തു, വരും ദിവസങ്ങളിലും ബുള്ളിഷ് മുന്നേറ്റം തുടരാം.
നിഫ്റ്റി 225.4 പോയിന്റ്(1.27%) ഉയർന്ന് 18,012.20-ൽ ക്ലോസ് ചെയ്തു. നല്ല നേട്ടത്തോടെ 17,910.20ൽവ്യാപാരം ആരംഭിച്ചു, ഈ നേട്ടം സെഷനിലുടനീളം തുടർന്നു 18,012.20 ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് 18,022.80 പരീക്ഷിക്കുകയും ചെയ്തു. എല്ലാ മേഖലകളും നേട്ടത്തോടെ ക്ലോസ്ചെ യ്തു. ഐടി, ഓട്ടോ, ഫിനാൻഷ്യൽ സർവീസ്, ഫാർമ എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയത്. 1136 ഓഹരികൾ ഉയർന്നു, 988 എണ്ണം ഇടിഞ്ഞു, 179 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
മൊമെന്റം ഇൻഡിക്കേറ്ററുകളും മൂവിംഗ് ശരാശരികളും ഉയരാനുള്ള പ്രവണത സൂചിപ്പിക്കുന്നു. പ്രതിദിന ചാർട്ടിൽ ഒരു വെളുത്ത മെഴുകുതിരി രൂപപ്പെടുകയും 18,000-ലെ പ്രതിരോധത്തിന് മുകളിൽ ക്ലോസ് ചെയ്യുകയും ചെയ്തു. എല്ലാ സാങ്കേതിക ഘടകങ്ങളും ബുള്ളിഷ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക 18000-ന് മുകളിൽ തുടരുകയാണെങ്കിൽവരും ദിവസങ്ങളിൽ അടുത്ത പ്രതിരോധമേഖലയായ 18,500- 18,600 പരീക്ഷിച്ചേക്കാം.
പിന്തുണ-പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 17,950-17,900-17830
റെസിസ്റ്റൻസ് ലെവലുകൾ 18,025-18,100-18,175 (15 മിനിറ്റ് ചാർട്ടുകൾ)
യുഎസ് വിപണി നേരിയ താഴ്ചയിൽ ക്ലോസ് ചെയ്തപ്പോൾ യൂറോപ്യൻ വിപണികൾ നേട്ടത്തിലാണു ക്ലോസ് ചെയ്തത്. ഏഷ്യൻ വിപണികൾ രാവിലെ നേട്ടത്തോടെയാണു വ്യാപാരം നടത്തുന്നത്. എസ്ജി എക്സ് നിഫ്റ്റി 18,181 ൽ പോസിറ്റീവ് ചായ് വോടെയാണു വ്യാപാരം ചെയ്യുന്നത്. നിഫ്റ്റി ഇന്ന് നല്ല ഉയർച്ചയോടെ വ്യാപാരം തുടങ്ങിയേക്കും.
വിദേശ നിക്ഷേപകർ 4178.61 കോടി രൂപയുടെ അറ്റ നിക്ഷേപകർ ആയിരുന്നു, സ്വദേശികൾ 1,107.10 കോടിയുടെ വിൽപ്പനക്കാരായിരുന്നു
ബാങ്ക് നിഫ്റ്റി
ഹ്രസ്വകാല പ്രവണത: പോസിറ്റീവ് പക്ഷപാതം
ബാങ്ക് നിഫ്റ്റി 317.05 പോയിന്റ് ഉയർന്ന് 41,307.90 ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും ഉയരുന്ന പ്രവണത സൂചിപ്പിക്കുന്നു. സൂചിക ഒരു ചെറിയ കറുത്ത മെഴുകുതിരി രൂപപ്പെടുത്തി തലേന്നത്തെ ക്ലോസിംഗിന് മുകളിൽ ക്ലോസ് ചെയ്തു. കഴിഞ്ഞ അഞ്ച് ദിവസം, സൂചിക 40,840 -41,530 എന്ന ട്രേഡിംഗ് ബാൻഡിൽ സമാഹരിക്കുകയായിരുന്നു. സൂചിക 41,530 ന്റെ പ്രതിരോധം തകർത്താൽ, വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെൻഡ് തുടരാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 42,000 ലെവലിലാണ്.
പിന്തുണ-പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 41,200-41,050-40,860
റെസിസ്റ്റൻസ് ലെവലുകൾ 41,350-41,530-41,750 (15 മിനിറ്റ് ചാർട്ടുകൾ)
സാങ്കേതിക വിശകലന പദാവലി
മെഴുകുതിരി വിശകലനം 15 (Candlestick Analysis 15)
ബുള്ളിഷ് ഹറാമി പാറ്റേൺ (The Bullish Harami Patter )
ബുള്ളിഷ് ഹറാമി പാറ്റേൺ രണ്ട് ദിവസത്തെ മെഴുകുതിരി പാറ്റേണാണ്. ഇതു സ്റ്റോക്കിലോ സൂചികയിലോ ഉള്ള ബെയ്റിഷ് ട്രെൻഡ് മാറുന്നു എന്നാണ്. ഈ പാറ്റേൺ ഒരു ഡൗൺ ട്രെൻഡിന്റെ ഒടുവിൽ ദൃശ്യമാകുകയാണെങ്കിൽ, അത് ട്രെൻഡ് മാറി ബുള്ളിഷ് ആകുന്നതിനെ സൂചിപ്പിക്കുന്നു. ഈ പാറ്റേണിൽ ഒരു വലിയ ശരീരമുള്ള കറുത്ത മെഴുകുതിരിയും തുടർന്ന് മുൻ മെഴുകുതിരിയുടെ ശരീരത്തിനുള്ളിൽ ചെറിയ ശരീരമുള്ള വെളുത്ത മെഴുകുതിരിയും അടങ്ങിയിരിക്കുന്നു.
ആക്കം മാറുന്നതിന്റെ അടയാളമായി, ചെറിയ വെളുത്ത മെഴുകുതിരി മുമ്പത്തെ കറുത്ത മെഴുകുതിരിയുടെ മിഡ് റേഞ്ചിനടുത്ത് തുടങ്ങി കറുത്ത മെഴുകുതിരിക്കുള്ളിൽ ക്ലോസ് ചെയ്യുന്നു. ബുള്ളിഷ് ഹറാമി മെഴുകുതിരി ഒരു ബുള്ളിഷ് സ്ഥിരീകരണമായി കണക്കാക്കരുത്, മറ്റ് ഘടകങ്ങൾക്കൊപ്പം മാത്രം പരിഗണിക്കണം. സ്ഥിരീകരണത്തിനായി, വരും ദിവസങ്ങളിൽ, ഹറാമി പാറ്റേണിന് മുകളിൽ വ്യാപാരം ചെയ്തു നിലനിർത്തണം. ഇതുവയ് വ്യാപാരത്തിൽ ഏർപ്പെടും മുമ്പ് മറ്റ് സാങ്കേതിക ഘടകങ്ങളും പരിശോധിക്കുക.